
നട്ടെല്ല് വളയുന്ന സ്കോളിയോസിസ് രോഗം: അമൃതയ്ക്ക് ശസ്ത്രക്രിയയ്ക്ക് വേണം സഹായം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ വെറും 17 വയസ്സു മാത്രമാണ് അമൃതയുടെ പ്രായം. പഠിക്കാനും കൂട്ടുകാരെപ്പോലെ ഓടിനടക്കാനുമൊക്കെ അവൾക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷേ, നട്ടെല്ല് വശത്തേക്ക് വളയുന്ന സ്കോളിയോസിസ് എന്ന രോഗം മൂലം കഴിഞ്ഞ നാലരവർഷമായി ദുരിതമനുഭവിക്കുകയാണ് ആ പെൺകുട്ടി. മകളെ സാധാരണ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ സഹായം തേടുകയാണ് നിർധന കുടുംബം. തൊടുപുഴ വണ്ടമറ്റം കുറുമ്പാലമറ്റം നരിക്കുഴിയിൽ എൻ.കെ.ബിജുവിന്റെ മകൾ അമൃത ബിജുവാണ് ചികിത്സാ സഹായം തേടുന്നത്. 2015 ജൂലൈ 8ന് മരത്തിൽ നിന്ന് വീണുണ്ടായ അപകടത്തെത്തുടർന്ന് ബിജുവിന് ചലനശേഷി നഷ്ടപ്പെട്ടു. 20 ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കായി ചെലവഴിച്ചെങ്കിലും വീൽചെയറിലാണ് ബിജുവിന്റെ ജീവിതം.
നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ സഹായം കൊണ്ടാണ് അന്ന് ചികിത്സ നടത്താനായത്. എന്നാൽ, പിന്നീട് ബിജുവിന്റെ ആരോഗ്യസ്ഥിതി വീണ്ടും മോശമാകുകയും ചികിത്സാ ചെലവ് ഭാരിച്ച കടത്തിലേക്ക് നയിക്കുകയും ചെയ്തു. സർക്കാരിൽ നിന്നു ലഭിച്ച ഒരു ഇലക്ട്രോണിക് വീൽചെയറിൽ ആഴ്ചയിൽ 3 ദിവസം ലോട്ടറി വിൽപന നടത്തിയാണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. അതിനിടെയാണ് മകളുടെ ജീവിതത്തിലും രോഗം വില്ലനായത്. വീട്ടിലെത്തിയ പാലിയേറ്റീവ് കെയർ നഴ്സ്, അമൃതയുടെ തോളിന് ഒരു വ്യത്യാസമുണ്ടെന്നും മുഴയാവാൻ സാധ്യതയുണ്ടെന്നും പറഞ്ഞതോടെ സംശയനിവാരണത്തിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. നട്ടെല്ലിന് 40 ശതമാനം വളവുണ്ടെന്നും നാലര ലക്ഷം രൂപ വരുന്ന ഒരു സർജറി ഉടൻ നടത്തണമെന്നും ഡോക്ടർ നിർദേശിച്ചു.
എന്നാൽ, നിത്യച്ചെലവിനു പോലും കഷ്ടപ്പെടുന്ന ബിജുവിനും കുടുംബത്തിനും അത്രയും തുക കണ്ടെത്താനുള്ള മാർഗമില്ലായിരുന്നു. തുടർന്ന്, വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും എല്ലായിടത്തും വലിയ തുക വേണ്ടി വരുമെന്നതിനാൽ ചികിത്സ പ്രതിസന്ധിയിലായി. ഈ വേദനകൾക്കിടയിലും നന്നായി പഠിച്ച് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും അമൃത എപ്ലസ് നേടി. ഇപ്പോൾ, കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ. നട്ടെല്ലിന് 103 ശതമാനം വളവ് ഉണ്ടെന്നും ഉടൻ ശസ്ത്രക്രിയ നടത്തണമെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. 2 മാസത്തിനുള്ളിൽ സർജറി നടത്താൻ കഴിഞ്ഞില്ലെങ്കിൽ അമൃതയുടെ ജീവിതം തന്നെപ്പോലെ വീൽചെയറിൽ ആകുമെന്ന് ബിജു പറയുന്നു. സർജറിക്ക് മാത്രം 8 ലക്ഷം രൂപ ആവശ്യമായി വരും. തുടർ ചികിത്സയ്ക്കു പിന്നെയും ലക്ഷങ്ങൾ വേണ്ടിവരും. സുമനസ്സുകളുടെ സഹായം മാത്രമാണ് കുടുംബത്തിന് ഇനി ആകെയുള്ള പ്രതീക്ഷ. ബിജു കുമാരന്റെ പേരിൽ എസ്ബിഐ കരിമണ്ണൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 67385644451. ഐഎഫ്എസ്സി കോഡ്: SBIN0070161. ഫോൺ: 9961732717.