അടിമാലി ∙ ദേശീയപാതയിൽ അടിമാലി എട്ടുമുറി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ നിർമാണ ജോലികളിൽ അപാകത ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാൻ കലക്ടർ ചുമതലപ്പെടുത്തിയ വിദഗ്ധ സംഘം പരിശോധനയ്ക്കെത്തി. പലയിടങ്ങളിലും അപാകത കണ്ടെത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ എട്ടുമുറി ലക്ഷം വീട് നഗറിൽ താമസിച്ചിരുന്ന നെടുമ്പിള്ളിക്കുടി എൻ.കെ.ബിജു മരിക്കുകയും ഭാര്യ സന്ധ്യയ്ക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം പാതയുടെ കട്ടിങ് സൈഡിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞെത്തി 8 വീടുകൾ പൂർണമായും 2 വീടുകൾ ഭാഗീകമായും തകർന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് നിർമാണ ജോലികളിൽ അപാകത ഉണ്ടോയെന്ന് പരിശോധിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പരിശോധനയ്ക്ക് നിർദേശം നൽകിയത്. എട്ടുമുറിയിൽ എത്തിയ സംഘം മണ്ണിടിച്ചിൽ ഉണ്ടായ ഭാഗവും മുകൾഭാഗത്ത് വീണ്ടും വിള്ളൽ ഉണ്ടായ ഭാഗവും സന്ദർശിച്ചു.
പരിശോധന പൂർത്തിയാക്കി 2 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകും. 4 ദിവസത്തിനുള്ളിൽ പൂർണമായ റിപ്പോർട്ടും നൽകുമെന്ന് സംഘം പറഞ്ഞു. അശാസ്ത്രീയമായാണ് പലയിടങ്ങളിലും കട്ടിങ് സൈഡിൽ മണ്ണിടിച്ചുള്ള നിർമാണ പ്രവൃത്തികൾ നടക്കുന്നതെന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
എട്ടുമുറിയിലും നിർമാണ ജോലികളിൽ പിഴവ് ഉണ്ടായിട്ടുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.
വീണ്ടും മണ്ണിടിയാൻ സാധ്യത
അടിമാലി ∙ ദേശീയപാതയിൽ അശാസ്ത്രീയ നിർമാണത്തെ തുടർന്ന് മണ്ണിടിഞ്ഞ അടിമാലി എട്ടുമുറി ഭാഗത്ത് വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയേറി. പാതയുടെ കട്ടിങ് സൈഡിൽ 50 അടിയിലേറെ ഉയരത്തിലാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ലക്ഷംവീട് നഗറിലെ 9 വീടുകൾ തകർന്നത്.
ഇതിനു സമീപത്തായി 15 അടിയോളം നീളത്തിൽ മണ്ണ് വിള്ളൽ വീണിരിക്കുകയാണ്. ഇതോടെ ഏതു സമയത്തും ഇവിടെ മണ്ണിടിച്ചിൽ സാധ്യത വർധിക്കുകയാണ്.
പാതയോടു ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ഇന്നലെ രാത്രി വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്.
ഇതിനു താഴ്ഭാഗത്ത് രൂപപ്പെട്ട വിള്ളലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി ഇടിഞ്ഞ് ദുരന്തമായി മാറിയത്.
ഇതോടൊപ്പം പാതയിലും ചെറിയതോതിൽ വിള്ളൽ രൂപപ്പെട്ടു വരുന്നുണ്ട്. ഇന്നലെ രാവിലെ മുതൽ പ്രദേശത്ത് മഴ പെയ്യുന്നുണ്ട്.
മഴ ശക്തി പ്രാപിച്ചാൽ വീണ്ടും ഇവിടെ മണ്ണിടിച്ചിലിനുള്ള സാധ്യതയുയരും.
ദേവികുളത്ത് 25 കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ
മൂന്നാർ ∙ ദേശീയപാതയിലെ അശാസ്ത്രീയമായ നിർമാണം, അടിമാലിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന് സമാനമായി ദേവികുളത്തും വൻമല ഒരു വർഷമായി ഏതു നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിൽ നിൽക്കുന്നു. 25 കുടുംബങ്ങളാണ് മലയിടിച്ചിൽ ഭീഷണിയിൽ ദിവസങ്ങൾ തള്ളി നീക്കുന്നത്.
ചെറിയ മഴ പെയ്താൽ തന്നെ ഇവർ ഒരു വർഷമായി ബന്ധുവീടുകളിലേക്ക് മാറും. ദേശീയപാതയിൽ പെട്ട പഴയ മൂന്നാർ – ബോഡിമെട്ട് റോഡിലെ നിർമാണ പ്രവർത്തനങ്ങൾക്കു ശേഷമാണ് ഇറച്ചിൽ പാറയിൽ വൻ മലയിടിച്ചിലുണ്ടായത്.
2024 ഓഗസ്റ്റ് 11നായിരുന്നു വലിയ മലയിടിച്ചിൽ.
ഗവ. എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടു കീറിയാണ് ഒരു മലയുടെ പ്രധാനഭാഗം ദേശീയപാതയിലേക്ക് പതിച്ചത്. മഴക്കാലം കഴിയുമ്പോൾ വീണുകിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യുമെന്ന് ഒരു വർഷം മുൻപ് ദേശീയ പാത അധികൃതർ എംഎൽഎ, സബ് കലക്ടർ എന്നിവർക്ക് ഉറപ്പു നൽകിയിരുന്നു.
വീണു കിടക്കുന്ന മണ്ണും കല്ലുകളും നിരങ്ങിയെത്തി ദേശീയപാതയോരത്ത് താമസിക്കുന്ന വീടുകളുടെ മുകളിൽ പതിച്ച് വൻ അപകടമുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

