ചെറുതോണി ∙ ഭൂപതിവു നിയമത്തിലെ ചട്ടങ്ങൾ ഇടുക്കിക്കും മലയോര ജനതയ്ക്കുമുള്ള സംസ്ഥാന സർക്കാരിന്റെ ഓണ സമ്മാനമാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ. വർഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടായിരുന്ന ആശങ്കകൾ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതാകും.
തിരഞ്ഞെടുപ്പു വാഗ്ദാനം കൂടിയാണ് ഇതോടെ പാലിക്കപ്പെടുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ കൂടി അനുമതി ലഭിക്കുന്നതോടെ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും.
ജനങ്ങൾക്ക് ഭൂമി ക്രമവൽക്കരണത്തിനുള്ള ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനും സർക്കാർ ശ്രമിച്ചിട്ടുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവന്നതെന്നും മന്ത്രി അറിയിച്ചു.
63 വർഷമായി ഹൈറേഞ്ചിലെ കർഷകരെ അലട്ടിയിരുന്ന പട്ടയ പ്രശ്നങ്ങൾക്കാണ് പരിഹാരമായിരിക്കുന്നത്.
25 വർഷം നീളുന്ന നിയമസഭാംഗത്വ കാലത്തെ ഏറ്റവും ചാരിതാർഥ്യമുള്ള നിമിഷമാണിത്. ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് നിയമസഭയിൽ എത്തിച്ചത്.
ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചവർ പോലും പിന്തുണയ്ക്കുന്നു. ബിൽ അവതരണ വേളയിൽ പ്രതിപക്ഷത്തിന്റെ സംശയങ്ങൾക്ക് മറുപടി നൽകാൻ ഏഴു പ്രാവശ്യം ഇടപെട്ടു സംസാരിച്ചതും ആശങ്ക ദൂരീകരിക്കാൻ കഴിഞ്ഞതുമെല്ലാം ഈ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങളാണ്.
1964 ഭൂപതിവ്, 1993 പ്രത്യേക ഭൂപതിവ് ചട്ടങ്ങളിൽ കാർഷികേതര പ്രവർത്തനങ്ങൾ കൂടി നടത്താൻ സാഹചര്യമൊരുക്കുന്നത് മലയോര ജനതയുടെ ജീവിതം മാറ്റി മറിക്കും. ഇവിടേക്ക് കൂടുതൽ പദ്ധതികൾ വരാൻ സാഹചര്യമൊരുക്കും.
ടൂറിസം രംഗത്ത് അടക്കം മലയോര മേഖലയുടെ പുത്തനുണർവിനു പുതിയ ചട്ടങ്ങൾ സാഹചര്യമൊരുക്കും. ജില്ലയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയം ഏവർക്കും സ്വീകാര്യമായ രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും മന്ത്രി റോഷി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]