
കട്ടപ്പന ∙ അപൂർവ രോഗത്തെ സധൈര്യം നേരിടുന്നതിനിടെ കുടുംബാംഗങ്ങളും വിവിധ രോഗങ്ങളുടെ പിടിയിലായതോടെ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താനാകാതെ യുവാവ് വലയുന്നു. കാഞ്ചിയാർ വെള്ളിലാംകണ്ടം മറ്റത്തിൽ പ്രബിൻ പ്രസാദ് (33) ആണ് ശരീരത്തിലെ പേശികളുടെ ബലം ക്ഷയിക്കുന്ന അപൂർവ ജനിതക രോഗമായ മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് ജീവിതം തള്ളിനീക്കുന്നത്.
ഓരോദിവസം കഴിയുന്തോറും രോഗതീവ്രത വർധിക്കുകയാണെങ്കിലും അതിനിടെ എംഎ പൂർത്തിയാക്കി ജോലിയുമായി മുന്നോട്ടുപോകാനുള്ള പ്രബിന്റെ ശ്രമങ്ങൾക്കാണ് വിധിയും പണവും വിലങ്ങുതടിയാകുന്നത്.
ഡിഗ്രിക്ക് പ്രവേശനം നേടിക്കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ 2010ലാണ് പ്രബിന് അപൂർവ രോഗം സ്ഥിരീകരിച്ചത്. സ്ഥലംവിറ്റും പണം കടം വാങ്ങിയുമെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി.
അതിനിടെയാണ് അമ്മയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. രണ്ടുതവണ ശസ്ത്രക്രിയ നടത്തുകയും കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകളും നടത്തേണ്ടി വന്നതോടെ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായി.
ഇരുവരുടെയും ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ സുമനസ്സുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോയത്. അതിനിടെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രബിൻ ഡിഗ്രിയും എംഎയും പൂർത്തിയാക്കി.
സംസ്ഥാനത്ത് മസ്കുലർ ഡിസ്ട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡ് ട്രസ്റ്റിന്റെ നൈപുണ്യ പ്രോജക്ട് വഴി എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ വീട്ടിലിരുന്ന ചെയ്യാവുന്ന ജോലിയും ലഭിച്ചു.
എന്നാൽ രോഗതീവ്രത വർധിച്ചതോടെ മാസത്തിൽ 10 ദിവസം പോലും മൂന്നു മണിക്കൂർ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. പിതാവ് കൂലിപ്പണി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം.
ഭിന്നശേഷിക്കാരനായ പിതൃസഹോദരനും വാർധക്യസഹജമായ അസുഖങ്ങളുള്ള പിതൃമാതാവും അടങ്ങുന്നതാണ് കുടുംബം. ഒരുവർഷം മുൻപ് പ്രബിന്റെ പിതാവിന് ഹൃദയശസ്ത്രക്രിയ നടത്തേണ്ടിവന്നതോടെ ഉണ്ടായിരുന്ന വരുമാനം നിലയ്ക്കുകയും ചികിത്സാ ചെലവുകൾ വർധിക്കുകയും ചെയ്തു.
രണ്ടുമാസം മുൻപ് അമ്മയുടെ ഒരു കാലിന്റെ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
അടുത്ത കാലിന് ഉടൻ ശസ്ത്രക്രിയ നടത്തണം. പ്രബിന്റെ ആരോഗ്യനില ഓരോ വർഷം കഴിയുന്തോറും മോശമായി വരുകയാണ്.
രോഗത്തിന്റെ ഭാഗമായി ശ്വാസതടസ്സം ഉൾപ്പെടെ നേരിടുന്നതിനാൽ ബൈപാപ് മെഷീന്റെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. പ്രബിന്റെ ഒരു മാസത്തെ ചികിത്സയ്ക്കു മാത്രം 25,000 രൂപയിലധികം ചെലവാകും.
കൂടാതെ അടിയന്തരമായി കണ്ണിനും ശസ്ത്രക്രിയ നടത്തണം. കൃത്യമായ രീതിയിൽ ചികിത്സ തുടർന്നാൽ മാത്രമേ ബൈപാപ് മെഷീന്റെ സഹായമില്ലാതെ പ്രബിന് ശ്വസിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ എല്ലാവരുടെയും ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ ഈ കുടുംബം ഉഴലുകയാണ്.
സുമനസ്സുകളുടെ സഹായം പ്രതീക്ഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മാട്ടുക്കട്ട ശാഖയിൽ 423202010027885 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
IFSC: UBIN0542326. ഗൂഗിൾ പേ: 9048421321.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]