
മൂന്നാർ ∙ മണ്ണിടിച്ചിലിൽ മൂന്നാർ ടൗണിനു സമീപമുള്ള ആർഒ കവലയിൽ 5 വഴിയോരക്കടകൾ തകർന്നു. മൂന്നാർ സ്വദേശികളായ ഗോപി, അളകർ സ്വാമി, രാമസ്വാമി, നാഗരാജ്, സുധീഷ് എന്നിവരുടെ കടകളാണ് തകർന്നത്. ശനിയാഴ്ച വൈകിട്ടാണ് കടകൾക്ക് പിന്നിലുള്ള മലമുകളിൽനിന്നു മണ്ണിടിച്ചിലുണ്ടായത്.
കല്ലും മണ്ണും ദേശീയപാതയിലേക്ക് പതിച്ചെങ്കിലും അധികൃതർ രാത്രി തന്നെ നീക്കം ചെയ്തതിനാൽ ഗതാഗത തടസ്സമുണ്ടായില്ല. കഴിഞ്ഞ മഴക്കാലത്തും ഈ ഭാഗത്ത് മണ്ണിടിച്ചിലിലും മരങ്ങൾ വീണു വഴിയോരക്കടകൾ തകർന്നിരുന്നു.
ജീവൻ പണയംവച്ച് കച്ചവടം
ആർഒ കവലയിൽ വഴിയോര കച്ചവടം നടത്തുന്നത് ജീവൻ പണയം വച്ച്. ദേശീയപാതയോരത്തെ ആർഒ കവലയിൽ നാൽപതിലധികം വഴിയോരക്കടകളാണ് പ്രവർത്തിക്കുന്നത്.
ഗതാഗത തടസ്സമുണ്ടാക്കി പ്രവർത്തിക്കുന്ന കടകളുടെ പിൻഭാഗം പതിവായി മലയിടിച്ചിലുണ്ടാകുന്ന സ്ഥലമാണ്. കൂടാതെ ബലം തീരെക്കുറഞ്ഞ ഒട്ടേറെ ചൗക്ക മരങ്ങളും ഈ ഭാഗത്തുണ്ട്.
എല്ലാ മഴക്കാലത്തും ഈ മേഖലയിൽ മരവും മണ്ണും വീണ് കടകൾ തകരുന്നത് പതിവാണ്. അപകടകരമായി പ്രവർത്തിക്കുന്ന വഴിയോരക്കടകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയപാത അധികൃതർ ഒട്ടേറെ തവണ നോട്ടിസുകൾ നൽകിയിരുന്നു. എന്നാൽ താൽക്കാലിക കോടതി ഉത്തരവുകൾ ഉപയോഗിച്ച് ഇവർ കച്ചവടം നടത്തിവരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]