അടിമാലി ∙ ദേശീയപാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് വാളറ മുതൽ രണ്ടാംമൈൽ പള്ളിവാസൽ വരെയുള്ള ദൂരത്തിൽ പലയിടങ്ങളിലും നടന്നത് അശാസ്ത്രീയ നിർമാണമെന്ന് നാട്ടുകാർ പരാതി കൊടുത്തിരുന്നു, രണ്ടാഴ്ച മുൻപ്. ഇൗ പരാതി മുഖവിലയ്ക്കെടുക്കാൻ കൂട്ടാക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
എൻഎച്ച്എഐ, റവന്യു വിഭാഗം അധികൃതർക്കാണ് എട്ടുമുറിയിലെ നാട്ടുകാർ പരാതി നൽകിയത്.
പാതയുടെ കട്ടിങ് സൈഡിൽനിന്ന് വൻതോതിൽ മണ്ണെടുക്കുമ്പോൾ വേണ്ട മുൻകരുതൽ നടപടികളും ശാസ്ത്രീയ പരിശോധനകളും സ്വീകരിച്ചിരുന്നില്ല.
40 അടിയോളം ഉയരത്തിലാണ് പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കിയത്. ഒട്ടും ഉറപ്പില്ലാത്ത മണ്ണാണെന്ന് അറിഞ്ഞിട്ടും കരാറുകാർ ലാഘവത്തോടെയാണ് പണി നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.
റോഡിന് താഴത്തെ പാറ തുരന്നതും മലയ്ക്ക് ആഘാതമുണ്ടാക്കി.
40 അടിയോളം ഉയരത്തിൽ മണ്ണ് നീക്കം ചെയ്തതിനും മുകൾ ഭാഗത്തായി 30 അടിയിലേറെ നീളത്തിൽ ഭൂമി വിണ്ടുകീറി. ഇതും നാട്ടുകാർ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ മണ്ണിടിച്ചിൽ ആരംഭിച്ചത്.
ശനിയാഴ്ച പാതയിലേക്ക് വൻതോതിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം ഒറ്റവരിയാക്കി. രാത്രിയോടെ മണ്ണ് നീക്കി ഗതാഗതം സുഗമമാക്കുമെന്ന് അധികൃതർ ഉറപ്പു നൽകിയെങ്കിലും മണ്ണിടിച്ചിൽ തുടർന്നു.
ഇതോടെ ഒറ്റവരി ഗതാഗതവും നിർത്തി.
രാത്രി 10നു പാതയുടെ കട്ടിങ് സൈഡിനു മുകളിൽ വിണ്ടുകീറിയിരുന്ന ഭാഗം ഉൾപ്പെടെ വൻ തോതിൽ മല ഇടിഞ്ഞ് റോഡിനു താഴേക്ക് പതിച്ചതോടെയാണ് വീടുകൾ പലതും മണ്ണിനടിയിലാകുകയും ബിജുവും ഭാര്യ സന്ധ്യയും വീടിന്റെ കോൺക്രീറ്റിന് ഇടയിൽപെടുകയും ചെയ്തത്.
ദേശീയപാത: നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവ്
തൊടുപുഴ ∙ അടിമാലി മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാതാ നിർമാണം നിർത്തിവയ്ക്കാൻ കലക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപീകരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫിസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫിസർ,പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ, ദേശീയപാത അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാലു ദിവസത്തിനകം വിശദമായ റിപ്പോർട്ടും നൽകാൻ കലക്ടർ നിർദേശിച്ചു.
പഠന റിപ്പോർട്ട് ലഭ്യമാകുന്നതുവരെ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85ലെയും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും എല്ലാ നിർമാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.
റോഡിലും വീടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കുന്നതിന് ഉത്തരവിൽ അനുവാദം നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

