അടിമാലി ∙ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ അപകടാവസ്ഥയിൽ. ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത മഴയിലാണ് പൊലീസ് സ്റ്റേഷന്റെ മതിൽക്കെട്ടിന്റെ ഒരു ഭാഗം ഉൾപ്പെടെ ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്.
വെള്ളത്തൂവൽ ടൗണിന് സമീപം മൂന്നാർ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് 30 അടിയോളം ഉയരത്തിലുള്ള കട്ടിങ് ഇടിഞ്ഞ് പൊലീസ് സ്റ്റേഷൻ അപകടാവസ്ഥയിലായത്. കല്ലാർകുട്ടി– വെള്ളത്തൂവൽ റോഡിന്റെ ഭാഗവും പൊലീസ് സ്റ്റേഷൻ കെട്ടിടമാണ്.
ഇവിടെ 2018 മുതൽ കാലവർഷത്തിൽ ഇവിടെ മണ്ണിടിച്ചിൽ തുടർക്കഥയാണ്. കെട്ടിടം മാറ്റിസ്ഥാപിക്കാൻ നടപടി വേണമെന്ന ആവശ്യം ഒട്ടേറെ തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട് എങ്കിലും നടപടി സ്വീകരിക്കാൻ കൂട്ടാക്കാൻ ബന്ധപ്പെട്ടവർ കൂട്ടാക്കിയിട്ടില്ല.
ഇത്തരം സാഹചര്യം നിലനിൽക്കെയാണ് ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞ് റോഡിലേക്ക് പതിച്ചിരിക്കുന്നത്.
ഈ സമയം 5 പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായതോടെ ഇവർ സ്റ്റേഷനിൽനിന്ന് പുറത്തേക്ക് മാറുകയായിരുന്നത്രെ.
വീണ്ടും മഴ കനത്താൽ പൊലീസ് സ്റ്റേഷൻ കെട്ടിടം ഭാഗികമായി നിലംപൊത്തുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇതോടെ സ്റ്റേഷനിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥർ ആശങ്കയിലായിട്ടുണ്ട്. രണ്ടേകാൽ ഏക്കർ സ്ഥലം പൊലീസ് സ്റ്റേഷനുണ്ട്.
2004ൽ ആണ് പൊലീസ് സ്റ്റേഷനു വേണ്ടിയുള്ള കെട്ടിടം നിർമിച്ചത്.
നിർമാണ ജോലികളിൽ ദീർഘവീക്ഷണം ഇല്ലാതെ വന്നതോടെയാണ് റോഡിനോടു ചേർന്ന് കട്ടിങ്ങിനു മുകളിലായി കെട്ടിട നിർമാണം നടത്തിയത്.
ഇതിനെതിരെ അക്കാലത്ത് ആക്ഷേപം ഉയർന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ വിസ്താരമുള്ള മുറി ഇവിടെയില്ല.
2 മുറികളുടെ ഇടനാഴിയിലും വരാന്തയിലുമാണ് സ്റ്റേഷനിൽ എത്തുന്നവരുടെ സ്ഥാനം.
എസ്എച്ച്ഒ ഉൾപ്പെടെ 38 പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതിൽ 6 വനിതാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുണ്ട്.
വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു വേണ്ട അടിസ്ഥാന സൗകര്യവും ഇവിടെ അന്യമാണ്.
വെള്ളത്തൂവൽ, പള്ളിവാസൽ, കൊന്നത്തടി പഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ, 5 വില്ലേജ് ഓഫിസുകളും ഇതിനു പരിധിയിലുണ്ട്. ഇത്രയേറെ പ്രാധാന്യമുള്ള പൊലീസ് സ്റ്റേഷനാണ് പരാധീനതകളുടെ നടുവിലായിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]