
കനത്ത മഴയും മരംവീഴ്ചയും ഇടുക്കിയെ നയിച്ചത് ഗുരുതര വൈദ്യുതി മുടക്കത്തിലേക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ തുടർച്ചയായ വൈദ്യുതി മുടക്കം ജില്ലയുടെ ഭരണ സിരാകേന്ദ്രമായ കലക്ടറേറ്റിലെ ഓഫിസുകളുടെ പ്രവർത്തനങ്ങളെ വരെ ബാധിച്ചു. ആർടിഒ ഓഫിസ്, തൊഴിലുറപ്പ് ഓഫിസ്, ഡിസിആർബി തുടങ്ങിയ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ബ്ലോക്കിലെ വൈദ്യുതി ലൈനാണ് തുടർച്ചയായി മുടങ്ങിയത്. ഇതോടെ ഓഫിസ് കാര്യങ്ങൾ അവതാളത്തിലായി. ആർടി ഓഫിസിൽ ഇന്നലെ രാവിലെ ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിനു എത്തിയ മുഴുവൻ പേർക്കും വൈദ്യുതി മുടക്കം മൂലം പരീക്ഷ എഴുതാനായില്ല.
മുപ്പത്തഞ്ചോളം പേർ എത്തിയതിൽ 8 പേരുടെ പരീക്ഷ മാത്രമാണ് നടന്നത്. ബാക്കിയുള്ളവർക്ക് നിരാശരായി മടങ്ങേണ്ടി വന്നു. എന്നാൽ ഉച്ചകഴിഞ്ഞ് വന്നവർക്ക് പരീക്ഷ എഴുതാനായി. തിങ്കളാഴ്ചയും ഇതു തന്നെയായിരുന്നു സ്ഥിതിയെന്ന് ഉദ്യോഗാർഥികൾ പറയുന്നു. അതേ സമയം റവന്യു വിഭാഗത്തിലും കലക്ടറുടെ ഓഫിസിലും സൗരോർജവും ജനറേറ്റർ സംവിധാനവും ഉള്ളതിനാൽ വൈദ്യുതി മുടക്കം ബാധിച്ചില്ല.
കെഎസ്ഇബി ജീവനക്കാരെ തടഞ്ഞുവച്ച് നാട്ടുകാർ
ലൈനിലെ തകരാർ പരിഹരിച്ചിട്ടും വൈദ്യുതി ലൈൻ ചാർജ് ചെയ്തില്ലെന്ന് ആരോപിച്ച് കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ ഒരു മണിക്കൂറോളം തടഞ്ഞു വച്ചു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതിന് കോടിക്കുളം പഞ്ചായത്ത് ഓഫിസ് പടിക്കലാണ് സംഭവം. വ്യാപക മഴക്കെടുതിയെ തുടർന്ന് ഒട്ടേറെ ഇടങ്ങളിൽ ലൈനിൽ മരം വീഴുകയും വൈദ്യുതി തൂണുകൾ ഒടിയുകയും ചെയ്തിരുന്നു. ഇതിന്റെ പണികൾക്കായി പോയ ജീവനക്കാരെയാണ് തടഞ്ഞു വച്ചത്.
ലൈനിലെ മരങ്ങൾ തങ്ങൾ വെട്ടി നീക്കിയെന്നും ഉടൻ ലൈൻ ചാർജ് ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ തടയുന്ന സമയത്ത് കപ്പത്തൊട്ടി ഭാഗത്ത് മരം വീണു കിടന്നത് അഗ്നിരക്ഷാസേന മുറിച്ചു മാറ്റുകയായിരുന്നുവെന്നും അതിനാൽ ലൈൻ ചാർജ് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും ഇവർ വാഹനം തടയുകയായിരുന്നു എന്നും കെഎസ്ഇബി ജീവനക്കാർ പറയുന്നു.
തുടർന്ന് ലൈൻ ചാർജ് ചെയ്തതിന് ശേഷമാണ് ജീവനക്കാരെ പോകാൻ അനുവദിച്ചത്. ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി വച്ചതിനു ശേഷം, കുത്തിയിട്ടുണ്ട് എന്ന് പറഞ്ഞതുമാണ് ജീവനക്കാരുമായി വാക്ക് തർക്കത്തിന് കാരണമെന്നും ജീവനക്കാരെ തടഞ്ഞു എന്നത് വാസ്തവമല്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാരും ജീവനക്കാരുമായി ചർച്ച ചെയ്തു പ്രശ്നം പരിഹരിച്ചതായി കാളിയാർ എസ്എച്ച്ഒ എച്ച്.എൽ.ഹണി പറഞ്ഞു.
വൈദ്യുതി മുടക്കം: അതീവ ഗുരുതരം
(ജില്ലയിൽ വൈദ്യുതി മുടങ്ങിയ സ്ഥലം, വൈദ്യുതി മുടക്കത്തിന്റെ ദൈർഘ്യം (നിലവിലെ സ്ഥിതി), ബാധിക്കുന്ന മേഖലകൾ എന്ന ക്രമത്തിൽ)
∙ വട്ടവട, 5 ദിവസമായി ഇടയ്ക്കിടെ മാത്രം, പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾ,
∙ ദേവികുളം, 4 ദിവസമായി വല്ലപ്പോഴും, സർക്കാർ ഓഫിസുകളും വീടുകളും
∙ വണ്ടൻമേട്, വെള്ളി മുതൽ ഇടയ്ക്കിടെ മാത്രം, നെല്ലിമല, നിരപ്പേൽക്കട, രാജാക്കണ്ടം, കുഴിത്തൊളു, പോത്തിൻകണ്ടം, ചാലക്കുടിമേട്, അപ്പാപ്പിക്കട, ചേറ്റുകുഴി, പഴയ കൊച്ചറ മേഖലയിൽ
∙ മാങ്കുളം, 3 ദിവസം, മാങ്കുളത്ത് മാത്രം 8000 കുടുംബങ്ങൾ, കുരിശുപാറ, പീച്ചാട് മേഖലകളിലും വൈദ്യുതിയില്ല.
∙രാജാക്കാട്, 3 ദിവസം, രാജാക്കാട്, ശാന്തൻപാറ, സേനാപതി, കുഞ്ചിത്തണ്ണി, മുല്ലക്കാനം.
∙പീരുമേട്, 4 ദിവസം, വണ്ടിപ്പെരിയാർ, പാമ്പനാർ, ഏലപ്പാറ, വാഗമൺ, പെരുവന്താനം.
∙ചെറുതോണി, 4 ദിവസം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, മരിയാപുരം, കാമാക്ഷി പഞ്ചായത്തുകൾ.
∙നെടുങ്കണ്ടം, 2 ദിവസം, ഉടുമ്പൻചോല, നെടുങ്കണ്ടം, ഇരട്ടയാർ, തൂക്കുപാലം
വൈദ്യുതി മുടക്കം: ഗുരുതരം
∙അടിമാലി, 2 ദിവസമായി വല്ലപ്പോഴും മാത്രം, വെള്ളത്തൂവൽ, കൊന്നത്തടി പഞ്ചായത്തുകൾ, ഗ്രാമീണ മേഖലകൾ, ആദിവാസി സങ്കേതങ്ങൾ.
∙കുമളി, മഴ തുടങ്ങിയതു മുതൽ വൈദ്യുതി വന്നും പോയും തുടരുന്നു(പ്രയോജനപ്പടുന്നില്ല), തേക്കടി ഉൾപ്പെടെ കുമളി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ.
∙ മൂന്നാർ, രണ്ടു ദിവസമായി ഇടയ്ക്കിടെ മാത്രം, വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ
∙കുമാരമംഗലം (തൊടുപുഴ), 3 ദിവസമായി വൈദ്യുതിയില്ല. കുമാരമംഗലം പഞ്ചായത്ത് 11–ാം വാർഡിലെ 530 കുടുംബങ്ങളും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും.
∙മണക്കാട്, ദിവസവും 6 മണിക്കൂർ വരെ, പുതുപ്പരിയാരം, മൈലാടുംപാറ പ്രദേശത്തെ 300 കുടുംബങ്ങൾ.
കറന്റടിച്ച് ജനം
∙കുഴൽ കിണറുകളിൽ നിന്നടക്കം ശുദ്ധജലം ലഭ്യമാക്കാൻ കഴിയുന്നില്ല.
∙വിവിധ ജലവിതരണ പദ്ധതികളെ ബാധിച്ചു
∙ മാങ്കുളത്ത് ബിഎസ്എൻഎൽ ടവറുകൾ നിശ്ചലം
∙ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിടേണ്ട സ്ഥിതി
∙വാഹന ചാർജിങ്, വീട്ടിലിരുന്നുള്ള ഓൺലൈൻ ജോലികൾ പ്രതിസന്ധിയിൽ
∙അക്ഷയ അടക്കമുള്ള ജനസേവന കേന്ദ്രങ്ങളുടെ പ്രവർത്തനം മുടങ്ങുന്നു.
∙രോഗബാധിതരായി വീടുകളിൽ കഴിയുന്നവർ ബുദ്ധിമുട്ടുന്നു
കെഎസ്ഇബിക്ക് മുന്നിലെ പരീക്ഷണങ്ങൾ
∙ വൈദ്യുതി ലൈനിൽ മരം വീണത്.
∙ വൈദ്യുതി എത്തിക്കുന്ന ഫീഡറിലെ തകരാറും അത് പരിഹരിക്കാൻ ലൈൻ ഓഫ് ചെയ്യുന്നതും
∙ വണ്ടൻമേട്ടിൽ 33കെവി ലൈനിൽ തകരാർ, പോസ്റ്റുകൾ ഒടിഞ്ഞു.
∙ പീച്ചാട് നിന്നു മാങ്കുളത്തേക്ക് കിലോ മീറ്ററുകളോളം ഒറ്റ ലൈൻ. തകരാർ കണ്ടുപിടിക്കാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സ്ഥിതി. ജീവനക്കാരുടെ കുറവ്.
∙ അടിമാലിയിൽ ജീവനക്കാർക്ക് താങ്ങാൻ കഴിയുന്നതിലേറെ തകരാറുകൾ
∙ രാജാക്കാട് മേഖലയിൽ മഴക്കാലത്തിന് മുൻപ് ടച്ച് വെട്ട് കാര്യക്ഷമമായില്ല.
∙ 11കെവി ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി എമർജൻസി സ്വിച്ച് ഓഫ് എടുക്കുന്നത് കുമളിയിലെ പ്രതിസന്ധി
∙ വണ്ടിപ്പെരിയാർ മേഖലയിൽ കാടുൾപ്പെടെയുള്ള ഉൾപ്രദേശങ്ങളിൽ ലൈൻ പൊട്ടി വീണു
പരാതികൾ അറിയിക്കാം
മഴക്കെടുതി മൂലം താറുമാറായ വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉപഭോക്താക്കൾക്ക് 9496009265 (തൊടുപുഴ സർക്കിൾ) എന്ന നമ്പരിൽ പരാതികൾ അറിയിക്കാം.