മൂന്നാർ ∙ ഇടമലക്കുടിയിൽ നിന്ന് ലോവർ സെക്കൻഡറി സ്കോളർഷിപ് (എൽഎസ്എസ്, സിഎം കിഡ്സ് സ്കോളർഷിപ്) പരീക്ഷ എഴുതാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് വിദ്യാർഥി അച്ഛനോടൊപ്പം മൂന്നാറിലെത്തി. കീഴ്വളയംപാറ കുടിയിൽ നിന്നുള്ള ആർ.കനിരാജാണ് അച്ഛൻ രാജേന്ദ്രനൊപ്പം പഴയ മൂന്നാർ ഗവ.
എൽപി സ്കൂളിൽ ഇന്നലെ നടന്ന എൽഎസ്എസ് പരീക്ഷയെഴുതാൻ 40 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചെത്തിയത്. ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിൽ നിന്ന് ആദ്യമായാണ് ഒരു വിദ്യാർഥി എൽഎസ്എസ് പരീക്ഷ എഴുതുന്നതെന്ന് പ്രധാനാധ്യാപകൻ കെ.ബി.ഷിബു പറഞ്ഞു.
കീഴ്വളയംപാറ കുടിയിൽ നിന്നു പെട്ടിമുടി വരെയുള്ള 18 കിലോമീറ്റർ ദൂരം ഇരുവരും നടന്ന ശേഷം വാഹനത്തിലാണ് ബുധനാഴ്ച വൈകിട്ട് മൂന്നാറിലെത്തിയത്.
ലോഡ്ജിൽ മുറിയെടുത്തു കിടന്നിട്ട് ഇന്നലെ പരീക്ഷയെഴുതി. പരീക്ഷയ്ക്കു ശേഷം ഇന്നലെയും ലോഡ്ജിൽ താമസിച്ച ഇരുവരും ഇന്ന് ഇടമലക്കുടിക്ക് മടങ്ങും.
ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ് കനിരാജ്. നാലാം ക്ലാസിലെ സമർഥരായ വിദ്യാർഥികളെ കണ്ടെത്തി സ്കോർഷിപ് നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി എൽഎസ്എസ് പരീക്ഷ നടത്തുന്നത്.
പഠനത്തിലും പാട്ട്, ഡാൻസ് എന്നിവയിലും മികവു പുലർത്തുന്ന കനിരാജിനെ, പ്രധാനാധ്യാപകൻ കെ.ബി.ഷിബുവാണ് പരീക്ഷയ്ക്കായി തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയത്.
ഇടമലക്കുടിയിലേക്കുള്ള റോഡുപണി നടക്കുന്നതിനാൽ വാഹന സൗകര്യമില്ലാത്തതു കാരണം പരീക്ഷയെഴുതാൻ മൂന്നാറിലേക്ക് വരാൻ ആദ്യം ഇരുവരും തയാറായിരുന്നില്ല. പ്രധാനാധ്യാപകന്റെ നിരന്തരമായ പ്രോത്സാഹത്തെ തുടർന്നാണ് ഒടുവിൽ ഇരുവരും പരീക്ഷ എഴുതാനായി മൂന്നാറിലെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

