തൊടുപുഴ ∙ മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും, ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ശബരിമല തീർഥാടകർ കടന്നുപോകുന്ന ജില്ലയിൽ മതിയായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ല. ജില്ലയിലെ പല ശബരിമല പാതകളിലും വേണ്ട
മുന്നൊരുക്കങ്ങൾ നടത്തിയില്ല. തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച സംഭവിച്ചെന്നാണ് ആക്ഷേപം.
കട്ടപ്പന–പുളിയൻമലറോഡിൽ യാത്ര കഠിനം
ഇതര സംസ്ഥാന തീർഥാടകർ ആശ്രയിക്കുന്ന കട്ടപ്പന–പുളിയൻമല റോഡ് പലഭാഗത്തും തകർന്നു കിടക്കുകയാണ്.
അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പലയിടങ്ങളിലും ടാറിങ് പൊളിഞ്ഞു. ദിശാസൂചികാ ബോർഡുകളുടെ അഭാവവും പാതയിലുണ്ട്. ശബരിമല തീർഥാടകർ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനായി തങ്ങുന്ന വെള്ളിലാംകണ്ടം കുഴൽപാലത്തിനു സമീപം വെളിച്ചമില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
സത്രം പുല്ലുമേട്ടിലേക്കു ഗൂഗിൾ മാപ്പ് നോക്കി വരുന്ന തീർഥാടകർ വഴിതെറ്റി മേരികുളം–ആനവിലാസം റൂട്ടിലുള്ള പുല്ലുമേട്ടിലേക്ക് എത്താറുണ്ട്. ഇതൊഴിവാക്കുന്നതിന് പാതയിൽ ദിശാ ബോർഡുകൾ സ്ഥാപിക്കുകയോ, സീസൺ സമയത്ത് പൊലീസിന്റെ സേവനം ഏർപ്പെടുത്തുകയോ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
മുട്ടം കടക്കാൻപാടുപെടും
ശബരിമല തീർഥാടകർ ഏറെ ആശ്രയിക്കുന്ന തൊടുപുഴ–മുട്ടം– ഈരാറ്റുപേട്ട
റോഡിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടില്ല. കല്ലും മണ്ണും ചെളിയും താണ്ടി വേണം മുട്ടത്തെ മൂന്ന് കിലോമീറ്റർ കടക്കാൻ.
പെരുമറ്റം മുതൽ വള്ളിപ്പാറ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് വെട്ടിപ്പൊളിച്ച് ഇട്ടിരിക്കുന്നത്. മീനച്ചിൽ ശുദ്ധജല പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചതാണ് റോഡ്. എന്നാൽ, ടാറിങ് നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതോടെ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറിയിരിക്കുകയാണ്. അപകടസാധ്യതയുമുണ്ട്.
പലതവണ സമരങ്ങളും ചർച്ചകളും നടന്നെങ്കിലും നാട്ടുകാരെയും യാത്രികരെയും കബളിപ്പിക്കുന്ന സമീപനമാണ് കരാറുകാരും ഉദ്യോഗസ്ഥരും സ്വീകരിച്ചത്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ആവശ്യം.
കുമളിയിൽ പാർക്കിങ് പ്രതിസന്ധി
തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ കടന്നുപോകുന്ന കുമളിയിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഇതുവരെയും ആയിട്ടില്ല.
പാർക്കിങ്ങാണ് കുമളി നേരിടുന്ന വലിയ പ്രതിസന്ധി. വനംവകുപ്പിന്റെ കടുംപിടുത്തമാണ് പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന് തടസ്സമായി നിൽക്കുന്നത്. ടൂറിസം വകുപ്പ് കോടികൾ ചെലവഴിച്ചു നിർമിച്ച പാർക്കിങ് ഗ്രൗണ്ട് വനംവകുപ്പിന്റെ അധീനതയിലാണ്.
ശബരിമല സീസണിൽ ഇവിടെ പാർക്കിങ് അനുവദിക്കണമെന്ന് വർഷങ്ങളായി പഞ്ചായത്ത് ആവശ്യപ്പെടുന്നുണ്ടെങ്കിലും വനംവകുപ്പ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തവണ കലക്ടർ നേരിട്ട് ഇടപെട്ടിട്ടും നയം മാറ്റാൻ വനംവകുപ്പ് തയാറായിട്ടില്ല.
പഞ്ചായത്ത് ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള പൊതുവേദി പുനർ നിർമാണത്തിനായി പൊളിച്ചിട്ടിരിക്കുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പൊളിച്ച നടപ്പാതയിലെ സ്ലാബുകൾ പുനഃസ്ഥാപിക്കാത്തത് അപകടഭീഷണി ഉയർത്തുന്നുണ്ട്. ഇതു സംബന്ധിച്ചു പലതവണ മാധ്യമങ്ങളിൽ വാർത്തകൾ വന്നെങ്കിലും ദേശീയപാത വിഭാഗം തിരിഞ്ഞുനോക്കിയിട്ടില്ല. തേക്കടിക്കവല മുതൽ ഹോളിഡേ ഹോം വരെയുള്ള ഭാഗത്തെ സീസൺ വ്യാപാരികൾ നിയോഗിച്ചിരിക്കുന്ന തൊഴിലാളികൾ തീർഥാടകരുടെ ശ്രദ്ധ കിട്ടാൻ റോഡിലേക്കിറങ്ങി നിന്ന് വാഹനങ്ങൾ കൈകാണിച്ചു നിർത്തുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇതുമൂലം ഈ ഭാഗത്ത് ഗതാഗതക്കുരുക്കും പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

