അടിമാലി ∙ അടിമാലിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതിനെ തുടർന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ അടിയന്തര യോഗം ചേർന്നു. ദേശീയപാത നിർമാണത്തെ തുടർന്ന് മണ്ണിടിഞ്ഞ് വീടിനു മുകളിലേക്ക് വീണ് ഗൃഹനാഥൻ മരിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്നത്.
ദുരന്ത ബാധിത പ്രദേശത്തെ 44 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. 25 കുടുംബങ്ങളെ അടിമാലി സർക്കാർ സ്കൂളിലെ താൽക്കാലിക ക്യാംപിലേക്ക് കഴിഞ്ഞ ദിവസം തന്നെ മാറ്റിയിരുന്നു.
ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായി മന്ത്രി പറഞ്ഞു.
നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പ്രാഥമിക രക്ഷാപ്രവർത്തനവും ദുരന്തത്തിന്റെ തീവ്രത കുറച്ചു. കാലാവസ്ഥാ മുന്നറിയിപ്പും ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങളും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരന്തത്തിൽ എട്ടോളം വീടുകൾ പൂർണമായി നഷ്ടമായി. കത്തിപ്പാറയിലെ ക്വാർട്ടേഴ്സിലേക്കും അടിമാലി മച്ചിപ്ലാവ് ലൈഫ് ഭവന സമുച്ചയത്തിലേക്കും ദുരന്തബാധിത പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
തദ്ദേശ വകുപ്പ്, ജിയോളജി വിഭാഗം, ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ അടിയന്തരമായി പ്രത്യേക ടീം രൂപീകരിച്ച് ദുരന്ത ബാധിത പ്രദേശങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തും.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നിർമാണ പ്രവർത്തനങ്ങൾ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുക. മണ്ണ് ഇടിഞ്ഞു കിടക്കുന്ന സ്ഥലത്തെ മണ്ണ് മാറ്റാനുള്ള നടപടികളും സ്വീകരിച്ചു.
നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കാൻ ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും സർക്കാർ കൂട്ടുത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.
താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി, എ.രാജ എംഎൽഎ, ജില്ലാ കലക്ടർ ഡോ.
ദിനേശൻ ചെറുവാട്ട്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ് എന്നിവർ സംസാരിച്ചു. അടിമാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് ഇബ്രാഹിം, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു, സബ് കലക്ടർ വി.എം.ആര്യ, മറ്റു ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

