കട്ടപ്പന∙ പഠിച്ച കലാലയത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച് രണ്ടുമാസം പിന്നിടുന്നതിനിടെയുണ്ടായ കുമളി മുരിക്കടി സ്വദേശി ജോയ്സ് പി.ഷിബുവിന്റെ(24) അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ പുളിയൻമല ക്രൈസ്റ്റ് കോളജ്. കുമളിയിൽനിന്ന് വരുന്നതിനിടെ കോളജിന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് ജോയ്സിന്റെ ജീവൻ കവർന്ന അപകടമുണ്ടായത്.
കോളജിന്റെ ഏകദേശം 200 മീറ്റർ അകലെയാണ് ജോയ്സിന്റെ ജീവൻ പൊലിഞ്ഞ അപകടമുണ്ടായത്.
മുൻപിൽ പോയ ഓട്ടോറിക്ഷയിൽ തട്ടിയ ബൈക്ക് മറിഞ്ഞതോടെ ജോയ്സ് റോഡിലേക്ക് വീണു. ഇതിനിടെ എതിരെവന്ന ലോറിയുടെ അടിയിൽ അകപ്പെടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.
വണ്ടൻമേട് പൊലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് വൈകിട്ട് നാലരയോടെ മൃതദേഹം കോളജിൽ പൊതുദർശനത്തിനുവച്ചു.
അധ്യാപകന്റെ മരണത്തെ തുടർന്ന് കോളജിന് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമെല്ലാം അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്നിരുന്നു. തുടർന്ന് മുരിക്കടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി.
എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന ജോയ്സ് പരിചയപ്പെട്ടവർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു.
ജോയ്സ് ക്രൈസ്റ്റ് കോളജിൽ ബിബിഎ പഠനത്തിന് എത്തിയപ്പോൾ മുതൽ എല്ലാ മേഖലകളിലും സജീവമായിരുന്നു. അതിനാൽ സഹപാഠികൾക്കൊപ്പം അധ്യാപകരുടെയും പ്രിയപ്പെട്ടവനായി മാറി.
പഠനം പൂർത്തിയാക്കിയശേഷം രണ്ടുമാസം മുൻപാണ് മാനേജ്മെന്റ് വിഭാഗം അധ്യാപകനായി ഈ കോളജിൽതന്നെ ജോലിയിൽ പ്രവേശിച്ചത്. വടംവലി, ടൂറിസം ക്ലബ് തുടങ്ങിയവയുമായെല്ലാം സജീവമായിരുന്നു ജോയ്സ്. കോളജിലെന്നപോലെ നാട്ടിലും ജോയ്സ് പ്രിയപ്പെട്ടവനായിരുന്നു.
പള്ളിയുമായി ബന്ധപ്പെട്ട യുവജന പ്രസ്ഥാനത്തിലും സജീവമായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]