മറയൂരിലെ ഗോത്രവർഗ മേഖലയിലെ നവജാത ശിശുമരണങ്ങൾ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ മറയൂരിലെ ഗോത്രവർഗ മേഖലയിൽ നവജാത ശിശുമരണം പെരുകുന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. ഇടുക്കി ജില്ലാ മെഡിക്കൽ ഓഫിസർക്കും (ഡിഎംഒ) പട്ടികവർഗ വികസന ഓഫിസർക്കുമാണ് നിർദേശം നൽകിയത്. ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസറുടെ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണം.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ നവജാതശിശുമരണം സംഭവിച്ചിട്ടുണ്ടോ, എത്ര ശിശുക്കൾ മരിച്ചു, മരണകാരണം, നവജാതശിശു മരണം ഇല്ലാതാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം, കുട്ടികളെ പരിപാലിക്കുന്നതിനും മുലയൂട്ടുന്നതിനും അമ്മമാർക്ക് പോഷകാഹാരം നൽകുന്ന പദ്ധതി നിലവിലുണ്ടോ, ഉണ്ടെങ്കിൽ പദ്ധതി പ്രകാരം പോഷകാഹാരം നൽകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഡിഎംഒ അന്വേഷിക്കണം. അന്വേഷണ റിപ്പോർട്ട് ആറാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണം.
ഡിഎംഒയ്ക്ക് കമ്മിഷൻ നൽകിയ അന്വേഷണ വിഷയങ്ങളെല്ലാം തന്നെ ജില്ലാ പട്ടികവർഗ വികസന ഓഫിസറും അന്വേഷിക്കണം. ജില്ലാ പട്ടികവർഗ വികസന ഓഫിസറും ഡപ്യൂട്ടി ഡിഎംഒയും ജൂലൈ 26ന് രാവിലെ 10ന് തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരായി വസ്തുതകൾ ബോധ്യപ്പെടുത്തണം. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.