തൊടുപുഴ∙ ന്യൂഡൽഹിയിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം സ്വീകരിച്ച മോഹൻലാൽ, ജോർജുകുട്ടിയായി തൊടുപുഴയിലേക്ക് എത്തുമ്പോൾ താമസിക്കാനുള്ള വീട് റെഡി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3ന്റെ ചിത്രീകരണത്തിനായി മോഹൻലാൽ ഇന്നു രാത്രിയോടെ തൊടുപുഴയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ആഴ്ച തന്നെ ഷൂട്ടിങ് തുടങ്ങും.
സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന കഥാപാത്രവും കുടുംബവും താമസിക്കുന്ന വഴിത്തല മടത്തിപ്പറമ്പിൽ ജോസഫ് കുരുവിളയുടെ വീട്ടിൽ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
സിനിമ പ്രവർത്തകരുടെ മേൽനോട്ടത്തിൽ പെയ്ന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയായി.
2013ലാണ് ദൃശ്യം ആദ്യഭാഗത്തിന്റെ ഷൂട്ടിങ്ങിനായി വീട് നൽകിയത്. ജീത്തു ജോസഫ് നേരിട്ടെത്തിയാണ് ഷൂട്ടിങ്ങിനായി വീട് ചോദിച്ചത്.
ആദ്യ രണ്ടു ഭാഗങ്ങളിലും 12 ദിവസം വീതമായിരുന്നു വീട് ഷൂട്ടിങ്ങിനായി നൽകിയത്. ഷൂട്ടിങ് തുടങ്ങിയാൽ വീടിനുള്ളിലെ ഒരു മുറിയിൽ മാത്രമാകും ജോസഫും കുടുംബാംഗങ്ങളും താമസിക്കുക.
ബാക്കി സിനിമയ്ക്കായി വിട്ടു നൽകും.
അടുക്കളയിലും ഷൂട്ടിങ് ഉള്ളതിനാൽ ഇവർക്കുള്ള ഭക്ഷണം സിനിമ കന്റീനിൽ നിന്നാണ്. തൊടുപുഴ കൂടാതെ കാഞ്ഞാർ, വാഗമൺ മേഖലകളിലും ദൃശ്യം 3ന്റെ ഷൂട്ടിങ് ഉണ്ടെന്നാണ് വിവരം.
തൊടുപുഴയിൽ 30 ദിവസത്തെ ഷെഡ്യൂൾ നിലവിലുള്ളതായാണ് സൂചന. ഈ ആഴ്ച തുടക്കത്തിൽ ആരംഭിക്കാനിരുന്ന ഷൂട്ടിങ് പുരസ്കാരച്ചടങ്ങിനെ തുടർന്ന് നീട്ടുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]