കുളമാവ് ∙ സെന്റ് മേരീസ് പള്ളിയുടെ സമീപമുള്ള അങ്കണവാടിയോടു ചേർന്ന് അപകടകരമായ മരങ്ങൾ വെട്ടിനീക്കി സുരക്ഷയൊരുക്കണമെന്ന ആവശ്യം ശക്തം. പാഴ്മരങ്ങളാണ് അങ്കണവാടിക്കും സാക്ഷരതാ മിഷന്റെ കെട്ടിടത്തിനും അപകട
ഭീഷണിയായത്. കുളമാവ് പൊലീസ് സ്റ്റേഷനു സമീപമുണ്ടായിരുന്ന അങ്കണവാടി കെട്ടിടം പൊളിച്ചു പണിയുന്നതിന് തീരുമാനിച്ചതോടെ അങ്കണവാടിയുടെ പ്രവർത്തനം പള്ളിക്കു സമീപത്തെ സാക്ഷരത മിഷൻ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റുകയായിരുന്നു. കെട്ടിടത്തിലെ ഒരു മുറിയും അടുക്കളയും കുട്ടികൾക്ക് വേണ്ടി വിട്ടുകൊടുത്തു. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ പകൽ സമയത്തുപോലും അങ്കണവാടിയിൽ ഇരുട്ടാണ്.
കൂടാതെ കെട്ടിടത്തിനു ചുറ്റും വൻ മരങ്ങളാണുള്ളത്.
ഈ മരങ്ങൾ വെട്ടിമാറ്റണമെന്ന് മാസങ്ങളായി വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടിയായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് അധികാരികളുമായി ബന്ധപ്പെട്ടപ്പോൾ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ടെന്ന മറുപടിയാണ് കിട്ടിയത് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ പണമില്ലാത്തതു കൊണ്ടാണ് വെട്ടിമാറ്റാത്തതെന്നും പറഞ്ഞു. ശക്തമായ ഒരു കാറ്റടിച്ചാൽ മരങ്ങൾ അങ്കണവാടി കെട്ടിടത്തിനു മുകളിലേക്ക് വീഴാൻ സാധ്യതയുള്ളതായി രക്ഷിതാക്കൾ പറയുന്നു. എത്രയും വേഗം കലക്ടർ വിഷയത്തിൽ ഇടപെട്ട് മരം വെട്ടിനീക്കാനുള്ള നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]