
വണ്ണപ്പുറം ∙ കാളിയാർ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ കറങ്ങിയതിനു പിന്നാലെ പൊലീസിന്റെ പ്രവർത്തനങ്ങൾക്കെതിരെ ടൗണിൽ ഫ്ലെക്സുകളും നിരന്നു. ഭരണകക്ഷിയായ സിപിഎം ലോക്കൽ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്ത് വന്നു.
ടൗണിൽ യൂത്ത് ലീഗ് ഫ്ലെക്സുകൾ സ്ഥാപിച്ചാണ് പൊലീസിന്റെ നിസ്സംഗതയ്ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെ ആക്ഷേപവുമായി നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു.
പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചാൽ ശരിയായ മറുപടി പോലും ഉണ്ടാകാറില്ലെന്നും നടപടികൾ യഥാസമയം സ്വീകരിക്കാറില്ലെന്നും ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു.
ഒരു മനോ വൈകല്യമുള്ള രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സഹായം തേടിയിട്ട് നൽകാൻ തയാറായില്ലെന്നും പിന്നീട് ഡിവൈഎസ്പി ഇടപെട്ടതോടെയാണ് സഹായിക്കാൻ തയാറായതെന്നും നേതാക്കൾ പറഞ്ഞു.
വണ്ണപ്പുറത്ത് മോഷണം തുടർച്ചയായിട്ടും ഇതുവരെയും പ്രതികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇത് സംബന്ധിച്ചും പൊലീസിനെ പരിഹസിച്ച് സാമൂഹിക മാധ്യമം നിറയെ കാർട്ടൂണുകൾ ഉൾപ്പെടെയുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ എട്ടു മാസമായി ഒട്ടേറെ മോഷണം വണ്ണപ്പുറം മേഖലയിൽ നടന്നിട്ടും പ്രതികളെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ശനിയാഴ്ച ടൗണിന് അടുത്തുള്ള വീട്ടിൽ നിന്ന് പതിനൊന്നു ലക്ഷത്തിന്റെ സ്വർണവും വജ്രവും മോഷണം പോയിട്ടും അന്വേഷണം പുരോഗതി ഇല്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
ചീങ്കൽ സിറ്റിയിൽ ഹോട്ടലിൽ കയറി സ്ത്രീയെ ആക്രമിച്ചതിലും, ഒടിയപാറയിൽ വീട്ടിൽ കയറി അമ്മയെയും മകളെയും ദേഹോപദ്രവം ഏൽപിച്ച കേസിലും പൊലീസ് നടപടി വൈകിക്കുകയും കേസ് എടുക്കുന്നതിൽ വിമുഖത കാണിച്ചതായും പരാതിയുണ്ട്.
പിന്നീട് ഡിവൈഎസ്പിക്ക് പരാതി നൽകിയ ശേഷമാണ് കേസ് എടുത്തതെന്നും പൊതു പ്രവർത്തകർ പറയുന്നു. പെറ്റി കേസ് എടുക്കുകയെന്ന ചുമതല നിറവേറ്റാൻ മാത്രമാണ് പൊലീസ് എന്നും ആക്ഷേപങ്ങൾ നിറയുന്നുണ്ട്.
പൊതു പ്രവർത്തകരോട് മാന്യമായ സമീപനം കാളിയാർ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും പരാതി വ്യാപകമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]