
ചെറുതോണി ∙ നേര്യമംഗലം – ഇടുക്കി റോഡിൽ തകർന്ന കലുങ്ക് അശാസ്ത്രീയമായി പുനർനിർമിച്ചതോടെ യാത്രക്കാർ ദുരിതത്തിൽ. എറണാകുളം, ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന പാതയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ നിർമാണം.
കാലവർഷത്തിനു മുന്നോടിയായി പെയ്ത കനത്ത മഴയിൽ കലുങ്ക് ഇടിഞ്ഞു വീണ് ഗതാഗതം സ്തംഭിച്ചിരുന്നു. തുടർന്ന് ഒരു മാസത്തിലേറെ കാലം വാഹന ഗതാഗതം പൂർണമായി നിരോധിച്ചു കൊണ്ടാണ് പണി മുന്നോട്ടു നീങ്ങിയത്.
എന്നാൽ വാഹനഗതാഗതം പുനരാരംഭിച്ച് ഒരു മാസം പിന്നിട്ടെങ്കിലും ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഇതോടെ റോഡിൽ ഗതാഗതം തീർത്തും ദുഷ്കരമായി.
ദിവസേന ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.
ഇരുചക്രവാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. റോഡിന് നടുവിലുള്ള ചതിക്കുഴി മനസ്സിലാക്കാതെ വരുന്ന വാഹനങ്ങൾ തകരാറിലാകുന്നതും പതിവാണ്.
കലുങ്ക് നിർമാണത്തിന് എന്ന പേരിൽ ഇവിടെ പണി തീർത്തിരിക്കുന്ന കരിങ്കൽ ഭിത്തികൾ തീർത്തും നിലവാരം ഇല്ലാത്തതാണെന്നു പരാതിയുണ്ട്. അശാസ്ത്രീയമായ നിർമാണം മൂലം കനത്ത മഴ പെയ്യുന്ന ഈ സാഹചര്യത്തിലും കലുങ്കിനടിയിൽ കൂടി ഒരു തുള്ളി വെള്ളം ഒഴുകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. എറണാകുളം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് ജില്ലാ ആസ്ഥാനത്തേക്ക് എത്തുന്ന പ്രധാന പാതയാണ് ഇടുക്കി – നേര്യമംഗലം റോഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]