
ഇടുക്കി ജില്ലയിൽ അതിശക്തമായ വേനൽമഴ തുടരുന്നു; കാന്തല്ലൂരിൽ വ്യാപക കൃഷിനാശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ജില്ലയിൽ വേനൽമഴ തുടരുന്നു. യെലോ അലർട്ട് നിലനിന്നിരുന്ന ഇന്നലെ മറയൂർ, കാന്തല്ലൂർ മേഖലയിലും തൊടുപുഴ ഉൾപ്പെടെ ലോറേഞ്ചിന്റെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ മാത്രമാണ് ഇന്നലെ മഴയെത്തിയത്. പല ഭാഗങ്ങളിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും വൈകിട്ടുവരെ മഴയുണ്ടായില്ല. മറ്റു ജില്ലകളിൽ സാധാരണയിലും കൂടുതൽ വേനൽ മഴ ലഭിച്ചപ്പോൾ ജില്ലയിൽ പ്രതീക്ഷിച്ചത്ര മഴ ലഭിച്ചില്ലെന്നാണ് കണക്കുകൾ.
മാർച്ച് 1 മുതൽ ഇന്നലെ രാവിലെ വരെ 150.7 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണ ലഭിക്കാറുള്ളത് 164.5 മില്ലിമീറ്റർ. ജില്ലയിൽ വരും ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്. വേനൽമഴ കാർഷിക മേഖലയിലടക്കം ആശ്വാസമായിട്ടുണ്ട്. അതേസമയം, ഇതുവരെ കാര്യമായി മഴ ലഭിക്കാത്ത പ്രദേശങ്ങളും ഹൈറേഞ്ചിലുണ്ട്.
∙ കാന്തല്ലൂരിൽ വ്യാപക കൃഷിനാശം
മറയൂർ ∙ രണ്ടുമണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയിൽ കാന്തല്ലൂരിൽ വ്യാപക കൃഷിനാശം. നിലത്ത് വിത്തിറക്കി ഒരു മാസം പോലും തികയാത്ത വെളുത്തുള്ളി കൃഷി വെള്ളക്കെട്ടിലായി. കാന്തല്ലൂർ പള്ളനാട്ടിലാണ് മൂന്നടി ഉയരം വരെ കൃഷിപ്പാടത്ത് വെള്ളം കെട്ടിനിന്നത്.കൂടാതെ പെരുമല, പുത്തൂർ, കീഴാന്തൂർ, കുളച്ചിവയൽ തുടങ്ങിയ പ്രദേശങ്ങളിലെ തട്ടുതട്ടായുള്ള കൃഷിപ്പാടങ്ങളിലെല്ലാം വെള്ളം കുത്തിയൊഴുകി വ്യാപക കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക വിവരം. ഇന്നലെ പകൽ രണ്ടരയോടെ തുടങ്ങിയ മഴ നാലരയോടെയാണ് ശമിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ടായി. മറയൂർ–കാന്തല്ലൂർ റോഡിലൂടെ വെള്ളം കുത്തിയൊഴുകിയത് റോഡ് കൂടുതൽ പൊട്ടിപ്പൊളിയാൻ ഇടയാക്കി. വട്ടവട പഞ്ചായത്തിലെ കൂടലാർ കുടിയിലും മഴയിൽ റോഡ് തകർന്നു. ഇവിടെ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.