
വീണ്ടും പടയപ്പയുടെ പരാക്രമം; വീടിന്റെ ഭിത്തികൾ തകർത്ത് പൈനാപ്പിൾ തിന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ ദേവികുളം ലാക്കാട് എസ്റ്റേറ്റിൽ തുടർച്ചയായ രണ്ടാം ദിവസവും പടയപ്പയുടെ ആക്രമണം. വീടിന്റെ ഭിത്തികൾ തകർത്ത് പൈനാപ്പിൾ തിന്നു. ശനി രാത്രി പത്തിനാണ് ലാക്കാട് ഫാക്ടറി മസ്റ്ററിന് സമീപമുള്ള ഷൈജുവിന്റെ വീടിനു നേരെ പടയപ്പയുടെ ആക്രമണമുണ്ടായത്. ഈ സമയം ഇയാളുടെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുൻവശത്തെ ഭിത്തി തകർക്കുന്ന ശബ്ദം കേട്ട് ഇരുവരും പിൻവാതിൽ വഴി ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ലാക്കാട് വ്യൂ പോയിന്റിലെ വഴിയോര കച്ചവടക്കാരനായ ഷൈജു ഇവിടെ വിൽപന നടത്താനായി വാങ്ങിയ പൈനാപ്പിളുകൾ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.
രാത്രി സ്ഥലത്തെത്തിയ പടയപ്പ എന്ന കാട്ടാന വീടിന്റെ ഭിത്തികൾ തകർത്ത ശേഷം പൈനാപ്പിൾ എടുത്തു തിന്നുകയായിരുന്നു. സമീപത്തു താമസിക്കുന്ന തൊഴിലാളികൾ ബഹളം വച്ചാണ് പടയപ്പയെ ഓടിച്ചത്. ഇവിടെനിന്നു മടങ്ങിയ പടയപ്പ വ്യൂ പോയിന്റിന് സമീപത്തുണ്ടായിരുന്ന 5 വഴിയോര കടകൾ തകർത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പഴങ്ങളും മറ്റും തിന്ന ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. ശനിയാഴ്ച പുലർച്ചെയും വ്യൂ പോയിന്റിലെ 3 കടകളും ഫാക്ടറി ഔട്ലെറ്റും മുരുകൻ എന്നയാളുടെ വീടും പടയപ്പ ആക്രമിച്ച് കേടുവരുത്തിയിരുന്നു.