
കൊലപാതകം നടത്തി 3 മണിക്കൂറിനകം മാലിന്യക്കുഴിയിൽ താഴ്ത്തി: തലയ്ക്കുള്ളിലേറ്റ ക്ഷതം മരണകാരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ സാമ്പത്തികത്തർക്കത്തെത്തുടർന്നു ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ മരണകാരണം തലയ്ക്കുള്ളിലേറ്റ ക്ഷതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൈ കൊണ്ടുള്ള മർദനത്തിലാണു ക്ഷതമേറ്റതെന്നും 3 വാരിയെല്ലുകളും കഴുത്തും ഒടിഞ്ഞിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊല്ലപ്പെട്ട ചുങ്കം മുളയിങ്കൽ ബിജു ജോസഫിന്റെ (50) മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്കു വിട്ടുനൽകി. ഇന്ന് ഉച്ചകഴിഞ്ഞ് 2നു ചുങ്കം സെന്റ് മേരീസ് പള്ളിയിൽ സംസ്കാരം നടത്തും.
കേസിലെ ഒന്നാം പ്രതിയും ബിജുവിന്റെ ബിസിനസ് പങ്കാളിയുമായിരുന്ന കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫിനെ (51) ഇന്നലെ രാവിലെ റിമാൻഡ് ചെയ്തിരുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളും മറ്റു പ്രതികളുമായ മുഹമ്മദ് അസ്ലം, ജോമിൻ കുര്യൻ എന്നിവരുമായി പൊലീസ് ഇന്നലെ തെളിവെടുപ്പു നടത്തി. ബിജുവിനെ തട്ടിക്കൊണ്ടുപോയ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം എത്തിച്ചു. ബിജുവിനെ പിന്തുടർന്ന സ്ഥലം മുതൽ വാനിൽ ബലം പ്രയോഗിച്ചു കയറ്റിയ സ്ഥലം വരെ പ്രതികൾ കാട്ടിക്കൊടുത്തു. ഇവിടെനിന്നു ബിജുവിന്റെ ചെരിപ്പു കണ്ടെടുത്തു.പിന്നീട്, മൃതദേഹം കുഴിച്ചിട്ട കലയന്താനിയിലെ കേറ്ററിങ് ഗോഡൗണിലെത്തിച്ചു.
തെളിവെടുപ്പു പൂർത്തിയാക്കിയതോടെ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റൊരു പ്രതിയായ ആഷിക് ജോൺസൺ നിലവിൽ കാപ്പ നിയമപ്രകാരം എറണാകുളത്തു റിമാൻഡിലാണ്. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങും. ബിസിനസ് പങ്കാളികളായ ബിജുവും ജോമോനും പാർട്നർഷിപ് വേർപിരിഞ്ഞ ശേഷം നടന്ന തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി മാലിന്യക്കുഴിയിൽ മൃതദേഹം താഴ്ത്തുകയായിരുന്നു. ബിജുവിന്റെ ഭാര്യ മഞ്ജു നൽകിയ പരാതി അന്വേഷിച്ചാണു പൊലീസ് പ്രതികളെ കണ്ടെത്തിയത്.
സാധനങ്ങൾ പങ്കുവയ്ക്കാൻ ധാരണയായിരുന്നു
∙ പാർട്നർഷിപ് വേർപിരിഞ്ഞ ശേഷം വാഹനങ്ങൾ ഉൾപ്പെടെയുള്ളവ പങ്കുവയ്ക്കാൻ കഴിഞ്ഞ ഓഗസ്റ്റിൽ ഇരുവരും ധാരണയാക്കിയതിന്റെ രേഖകൾ പുറത്തായി. ആംബുലൻസ് (ജനറേറ്റർ ഉൾപ്പെടെ), കാർ, 2 മൊബൈൽ ഫ്രീസർ, സൗണ്ട് സിസ്റ്റം, ലൈറ്റ് സിസ്റ്റം, ചുമർ ഫാനുകൾ, 2 സ്വർണക്കുരിശ് എന്നിവ ജോമോനു നൽകാൻ ധാരണയായിരുന്നു. 2 വാൻ (ജനറേറ്റർ ഉൾപ്പെടെ), ആംബുലൻസ്, ഒരു മൊബൈൽ ഫ്രീസർ, 2 സ്വർണക്കുരിശ് എന്നിവ ബിജുവിനു നൽകാനും ധാരണയായി. ഇതിൽ ബിജുവും ജോമോനും രണ്ടു സാക്ഷികളും ഒപ്പിട്ടിരുന്നു. ഈ ധാരണ തെറ്റിച്ചതാണു കൊലപാതകത്തിനു കാരണമായി ജോമോൻ പറഞ്ഞത്.
കൊലപാതകം നടത്തി 3 മണിക്കൂറിനകം മാലിന്യക്കുഴിയിൽ താഴ്ത്തി
തൊടുപുഴ ∙ നാടിനെ നടുക്കിയ കൊലപാതകം നടത്തി മാലിന്യക്കുഴിയിൽ താഴ്ത്തിയത് 3 മണിക്കൂറിനുള്ളിലെന്നു പ്രതികൾ. ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ വ്യാഴാഴ്ച പുലർച്ചെ 5നു ജോമോന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി. വാനിൽ വച്ചു മർദിച്ചതിനെത്തുടർന്നു ബിജു കൊല്ലപ്പെട്ടു. ജോമോന്റെ ബന്ധുവിന്റെ വാനാണു തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ച ബിജുവിനെ വാൻ ഉപയോഗിച്ചു തടഞ്ഞു. ബലം പ്രയോഗിച്ചു ബിജുവിനെ വാനിൽ കയറ്റി. തുടർന്നു ബിജു ശബ്ദം ഉണ്ടാക്കിയതോടെ രണ്ടാം പ്രതി ആഷിക് ജോൺസൺ തലയിലും കഴുത്തിലും ചവിട്ടിപ്പിടിച്ചു.
ഇതിനിടെ ബിജു കൊല്ലപ്പെട്ടു. ജോമോൻ 12,000 രൂപ ക്വട്ടേഷൻ സംഘത്തിനു ഗൂഗിൾ പേ വഴി നൽകിയ തെളിവും പൊലീസിനു ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പരാതി ലഭിച്ചതിനു പിന്നാലെ, സംശയം തോന്നിയ രണ്ടു പേരുടെ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചു. ഒന്നു ജോമോനും മറ്റൊരാൾ മുട്ടം സ്വദേശിയുമായിരുന്നു. ജോമോന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജോമോന്റെ ബന്ധുവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ജോമോന് 25,000 രൂപ ഓൺലൈനായി നൽകിയതായി കണ്ടെത്തി. ഇയാളിൽ നിന്നാണു ബിജു കൊല്ലപ്പെട്ടതും ജോമോനും സംഘവും മുങ്ങിയതും പൊലീസ് അറിഞ്ഞത്.
ജോമോൻ ആലുവയിൽ ഉണ്ടെന്നറിഞ്ഞ് എസ്ഐ എൻ.എസ്.റോയിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അവിടേക്കു തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുന്നതിനിടെ ജോമോന്റെ ഉടമസ്ഥതയിലുള്ള ദേവമാതാ കേറ്ററിങ്ങിന്റെ വാഹനം കണ്ടെത്തുകയും അതിനുള്ളിൽ കിടന്നുറങ്ങിയിരുന്ന ജോമോനെ പിടികൂടുകയുമായിരുന്നു. ജോമോന്റെ മൊഴി പ്രകാരം നെട്ടൂരിലെ ലോഡ്ജിൽ നിന്നു മറ്റു രണ്ടു പ്രതികളെയും പിടികൂടി. ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, എസ്ഐ എൻ.എസ്.റോയി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.