
ബിജുവിന്റെ മൃതദേഹം കുഴിച്ചിടുമ്പോൾ പൊലീസ് പുറത്ത്; എത്തിയത് ക്വട്ടേഷൻ സംഘത്തിലെ പ്രതിയെ പിടിക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ ബിജു ജോസഫിന്റെ മൃതദേഹം ഗോഡൗണിലെ മാലിന്യക്കുഴിയിൽ കുഴിച്ചിടുന്ന സമയത്ത് ആ സ്ഥലത്ത് പൊലീസ് എത്തിയിരുന്നതായി സൂചന. കൊലപാതകം നടത്തിയ ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ള ആഷിക് ജോൺസനെ കാപ്പ കേസിലെ പ്രതിയെന്ന നിലയിൽ പിടികൂടുന്നതിനാണു പൊലീസ് എത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കലയന്താനി–ചെലവ് റോഡിലെ ഗോഡൗണിനു മുന്നിലായിരുന്നു. ഇവിടെ നിന്നാണു പറവൂർ വടക്കേക്കര പൊലീസ് ആഷിക്കിനെ അറസ്റ്റ് ചെയ്തത്.ഈ സമയത്ത് ഗോഡൗണിന് ഉള്ളിലെ മാലിന്യക്കുഴിയിൽ ബിജുവിന്റെ മൃതദേഹം കുഴിച്ചിടുകയായിരുന്നു മറ്റു പ്രതികൾ. ആഷിക്കിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് എറണാകുളത്തേക്ക് പോയെങ്കിലും കൊലപാതകത്തെ സംബന്ധിച്ച് സൂചന ലഭിച്ചില്ല.
മുഖ്യപ്രതി ജോമോൻ അടക്കമുള്ളവരെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തതോടെയാണ് ആഷിക്കിന്റെ പങ്കും വ്യക്തമായത്.അഞ്ചടിയോളം താഴ്ചയുള്ള മാൻഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളിൽ ബിജുവിന്റെ മൃതദേഹം തള്ളിക്കയറ്റുകയാണ് ചെയ്തത്. അധികം ആൾതാമസമില്ലാത്ത പ്രദേശത്താണ് ഈ ഗോഡൗൺ.ഇവിടെ ഇടയ്ക്കിടെ മദ്യപാനവും ബഹളവും നടക്കാറുള്ളതിനാൽ അയൽക്കാരും ശ്രദ്ധിക്കാറില്ലായിരുന്നു.കേറ്ററിങ് ആവശ്യങ്ങൾക്ക് സാധനം എടുക്കാൻ വരുന്നതിനാൽ വാഹനങ്ങൾ വന്നുപോകുന്നതു പതിവാണെന്നു പ്രദേശവാസികൾ പറയുന്നു. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൊടുവിലാണു മൃതദേഹം കണ്ടെടുത്തത്.മൃതദേഹം നനഞ്ഞ് രൂപം മാറിയ നിലയിലായിരുന്നതിനാൽ മാൻഹോളിലൂടെ പുറത്തെടുക്കാൻ സാധിച്ചില്ല. കെട്ടിടത്തിന്റെ പിൻവശം പൊളിച്ചാണെടുത്തത്.
ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ കൊടുത്ത് കൊന്നു; കേറ്ററിങ് സ്ഥാപന ഉടമയും കൂട്ടാളികളും പിടിയിൽ
തൊടുപുഴ ∙ കലയന്താനിക്കു സമീപം ചെത്തിമറ്റത്ത് സാമ്പത്തിക തർക്കത്തെത്തുടർന്നു ബിസിനസ് പങ്കാളിയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി. തൊടുപുഴ കോലാനി മുളയിങ്കൽ ബിജു ജോസഫ് (50) ആണു കൊല്ലപ്പെട്ടത്. ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോൻ ജോസഫ് (51) ആണു മുഖ്യപ്രതി. ക്വട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം എടവനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂർ ചെറുപുഴ കളരിക്കൽ ജോമിൻ കുര്യൻ (25), എറണാകുളം പറവൂർ സ്വദേശി ആഷിക് ജോൺസൺ (27) എന്നിവരും പിടിയിലായി.
കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേക്കുള്ള മാൻഹോളിൽ കുഴിച്ചിട്ട ബിജുവിന്റെ മൃതദേഹം പൊലീസ് ഇന്നലെ പുറത്തെടുത്തു. കാപ്പ കേസ് പ്രതിയായ ആഷിക്കിനെ വ്യാഴാഴ്ച പറവൂർ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ല. ഒന്നിച്ചു ചെയ്തിരുന്ന ബിസിനസിൽനിന്നു പിൻമാറിയതോടെ അർഹമായ ഷെയർ തനിക്കു ലഭിച്ചില്ലെന്നു ജോമോനു പരാതി ഉണ്ടായിരുന്നു. പൊലീസ് സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോമോനു പണം നൽകാമെന്നു ബിജു കരാർ വച്ചിരുന്നു. കരാർ ബിജു ലംഘിച്ചെന്നാണു ജോമോന്റെ മൊഴി.
തന്റെ ഡ്രൈവറായ ജോമിൻ വഴി ജോമോൻ ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടു. ബൈക്കിൽ പോവുകയായിരുന്ന ബിജുവിനെ വ്യാഴാഴ്ച പുലർച്ചെ കോലാനി പഞ്ചവടിപ്പാലത്തിനു സമീപം സംഘം വാനിൽ തട്ടിക്കൊണ്ടുപോയി. വാനിൽവച്ചു മർദിക്കുകയും ശബ്ദം പുറത്തുവരാതിരിക്കാൻ മുഖത്തു ചവിട്ടിപ്പിടിക്കുകയും ചെയ്തു. ഗോഡൗണിലെത്തിച്ചപ്പോഴേക്കും ബിജു കൊല്ലപ്പെട്ടിരുന്നു. തുടർന്നു മാൻഹോളിലൂടെ മാലിന്യക്കുഴിയിലേക്കു തള്ളുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ബിജുവിന്റെ സംസ്കാരം നാളെ ചുങ്കം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മഞ്ജു. മക്കൾ: അലീന, ആഷ്ലി, ആൻ ട്രീസ.