
പീരുമേട് ∙ വാഗമൺ ഭൂമി കയ്യേറ്റവും പീരുമേട്ടിലെ തേയിലത്തോട്ടങ്ങൾ അടഞ്ഞതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയും സംസ്ഥാന തലത്തിൽ ചർച്ചയായത് അന്നു പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ സന്ദർശനവും ഇടപെടലുകളും വഴി. വാഗമണ്ണിൽ മലനിരകൾ, പുൽമേടുകൾ എന്നിവയടക്കമുള്ള സർക്കാർ ഭൂമിയിൽ നടക്കുന്ന വ്യാപക കയ്യേറ്റം പുറത്തുവന്നതിന് പിന്നാലെ 2002ലാണ് വിഎസ് വാഗമണ്ണിലെത്തുന്നത്.
കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് വിഎസ് കയ്യേറ്റ പ്രദേശങ്ങൾ കാണാനെത്തിയത്. കയ്യേറ്റത്തെ ശക്തമായി അപലപിക്കുകയും ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭൂമാഫിയ കയ്യടക്കിയ സ്ഥലങ്ങളിൽ വിഎസിന്റെ സന്ദർശനത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ കൊടി നാട്ടി.
നിയമസഭയിൽ വാഗമൺ കയ്യേറ്റം ഉന്നയിച്ച വിഎസ് സർക്കാർ ഭൂമി കൊള്ളയടിക്കപ്പെട്ടതിന്റെ വിവരങ്ങൾ അക്കമിട്ടു നിരത്തുകയും ചെയ്തു.
ഒരു വർഷത്തിനു ശേഷം 2003ൽ വിഎസ് വീണ്ടും എത്തിയത് പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികളെ നേരിൽ കാണാനായിരുന്നു. വണ്ടിപ്പെരിയാറിൽനിന്നു തുടങ്ങിയ വിഎസിന്റെ തോട്ടം മേഖലാ പര്യടനം ഒരു പകൽ മുഴുവൻ നീണ്ടു.
തൊഴിലാളി ലയങ്ങളിലെത്തി ദുരിത ജീവിതം നേരിൽ കണ്ടു. തുടർന്ന് തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നതു നിയമസഭയിൽ ഉയർത്തി.
2011ൽ ചപ്പാത്തിലെ മുല്ലപ്പെരിയാർ സമര പന്തലിലേക്കും പിന്തുണയുമായി വിഎസ് എത്തി. പ്രതിപക്ഷ നേതാവായിരുന്ന വിഎസിന്റെ സന്ദർശനം അന്നു സമരപ്പന്തലിൽ വലിയ ആവേശമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]