ശല്യം 14 അംഗസംഘം
മൂന്നാർ, ഇടമലക്കുടി മേഖലകളിൽ കാട്ടാനശല്യം രൂക്ഷമായി. നാല് സംഘങ്ങളായി 14 കാട്ടാനകളാണ് മൂന്ന് സെറ്റിൽമെന്റുകളിലായി നാശമുണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയിലാണ് മേഖലയിൽ കാട്ടാന ശല്യം വർധിച്ചത്.
മൂന്നാറിലെ തോട്ടം മേഖലകളായ കന്നിമല, പെരിയവര, ചൊക്കനാട്, ലാക്കാട് മേഖലകളിലാണ് ഇവയുടെ ശല്യം ഏറ്റവുമധികമുള്ളത്. തൊഴിലാളികൾ വീടുകൾക്ക് സമീപം നട്ടുവളർത്തുന്ന പച്ചക്കറികളും വാഴകളും തിന്നു നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലും കാട്ടാന ശല്യം രൂക്ഷമാണ്. ഏക്കർ കണക്കിന് സ്ഥലത്തെ കൃഷികൾ നശിപ്പിച്ചു.ഏലത്തിന് മികച്ച വില ലഭിക്കുന്ന അവസരത്തിലാണ് കാട്ടാനശല്യം രൂക്ഷമായതും ഏക്കറുകണക്കിന് സ്ഥലത്തെ ഏലച്ചെടികൾ നശിപ്പിച്ചതും.
ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആദിവാസികൾ പറഞ്ഞു.
നാട്ടുകാർക്ക് ഏഴിന്റെ പണി
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലും കാട്ടാന ശല്യം രൂക്ഷമായി. ഏഴിന്റെ ആനക്കൂട്ടം, അഞ്ചിന്റെ ആനക്കൂട്ടം എന്നിവ കൂടാതെ ചക്കക്കാെമ്പനും നാട്ടുകാരുടെ ഉറക്കം കെടുത്തി ജനവാസ മേഖലകളിലുണ്ട്. ആനയിറങ്കൽ ജലാശയത്തോടു ചേർന്നുള്ള ഭാഗങ്ങളിൽ 2 വീതം ആനക്കൂട്ടവും ഒറ്റയാനും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം കൃഷിയാണ് നശിപ്പിച്ചത്.
ചിന്നക്കനാലിലെ 301 കോളനി, എൺപതേക്കർ, ചെമ്പകത്താെഴുക്കുടി, ബിഎൽ റാം, അപ്പർ സൂര്യനെല്ലി എന്നിവിടങ്ങളിലാണ് കാട്ടാനകൾ കൂട്ടമായെത്തുന്നത്. ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ, തോണ്ടിമല, ചൂണ്ടൽ, കാെഴിപ്പനക്കുടി എന്നിവിടങ്ങളിലും കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവാണ്.
ചിന്നംവിളി ഭയന്ന് ചിന്നാർ മേഖല
വേനൽ ആകുന്നതോടെ ചിന്നാർ വന്യജീവി സങ്കേതത്തിനിന്നും കൂടുതൽ വന്യമൃഗങ്ങൾ എത്തുന്നതാണ് കാർഷിക മേഖലയെയും ജനങ്ങളെയും ബാധിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും പരാതികളും ഉണ്ടാകുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമില്ല. രണ്ടു വർഷത്തിനു മുൻപ് മറയൂർ – കാന്തല്ലൂർ മേഖലയിൽ വന്യമൃഗശല്യം അതിരൂക്ഷമായപ്പോൾ ജനങ്ങൾ ദിവസങ്ങളോളം പ്രതിഷേധിച്ചതിനെത്തുടർന്ന് വനാതിർത്തിയിൽ വേലി നിർമിക്കുമെന്ന് വനംവകുപ്പ് ഉറപ്പുനൽകിയെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല.
ആക്രമണം പതിവ്
മാങ്കുളം പഞ്ചായത്തിൽ കാട്ടാന ശല്യം വർധിക്കുകയാണ്.
കഴിഞ്ഞ 7ന് മാങ്കുളം താളുംകണ്ടം ഉന്നതിയിൽനിന്നുള്ള പാറയിൽ പി.കെ.സതീശന് (56) കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ സാരമായ പരുക്കേറ്റിരുന്നു. തുമ്പിക്കൈ കൊണ്ട് വീഴ്ത്തിയ ശേഷം ചവിട്ടി പരുക്കേൽപിക്കുകയായിരുന്നു.
സതീശൻ ആശുപത്രിയിൽ ചികിത്സയിലാണ്.
വീണ്ടുമെത്തി ആനക്കൂട്ടം
ഇടവേളയ്ക്കു ശേഷം പീരുമേട് കല്ലാർ പുതുവലിൽ ആണ് ഇപ്പോൾ കാട്ടാനക്കൂട്ടത്തെ പതിവായി കാണുന്നത്. യൂക്കാലിത്തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ഇവ കൂടുതലായി ശല്യം വിതയ്ക്കുന്നത് ജനവാസ കേന്ദ്രമായ കല്ലാർ പുതുവൽ മേഖലയിലാണ്.
പ്ലാക്കത്തടത്ത് സോളർ വേലി നിർമാണം പൂർത്തിയായെങ്കിലും പീരുമേട് പ്രദേശത്തുനിന്നു കാട്ടാനക്കൂട്ടം പൂർണമായി ഒഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ തട്ടാത്തിക്കാനം, വുഡ്ലാൻസ്, ഏലപ്പാറ എന്നിവിടങ്ങളിൽ ആന ഇറങ്ങിയിരുന്നു.
മുള്ളരിങ്ങാട്ട് വീണ്ടും കാട്ടാനക്കൂട്ടമെത്തി
തൊടുപുഴ ∙ വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട്ട് ചൊവ്വാഴ്ച രാത്രിയും കാട്ടാനകളെത്തി.
വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ്ങിനു മുകളിലേക്ക്, ഇതിനു സമീപം നിൽക്കുന്ന മരങ്ങൾ മറിച്ചിട്ട് വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത്. അമയൽതൊട്ടി നരിതൂക്കിൽ ജോണിയുടെ വീടിനു മുകളിലേക്ക് ആനകൾ വലിയ മരം മറിച്ചിട്ട് മേൽക്കൂര തകർത്തു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇപ്പോഴും തേക്കിൻകൂപ്പിലും മറ്റുമായി ചുറ്റിത്തിരിയുകയാണെന്ന് നാട്ടുകാർ പറയുന്നു. വീട് പുനർനിർമിച്ച് നൽകാമെന്നും കാട്ടാനകളെ വനത്തിലേക്ക് കയറ്റാനുള്ള നടപടി എടുക്കുമെന്നും കോതമംഗലം ഡിഎഫ്ഒ സൂരജ് ബെൻ സ്ഥലത്തെത്തി ഉറപ്പു നൽകി.
ഫെൻസിങ്ങിനു സമീപമുള്ള മരങ്ങൾ മുറിച്ചു മാറ്റാമെന്നും പറഞ്ഞു.
കഴിഞ്ഞ 15നാണ് ചുള്ളിക്കണ്ടം ഭാഗത്ത് കാട്ടാനകൾ സൗരവേലി തകർത്തത്. കഴിഞ്ഞ വർഷവും കാട്ടാനകൾ മുള്ളരിങ്ങാട് മേഖലയിൽ വലിയ നാശം വരുത്തിയിരുന്നു.
കിണറുകൾക്ക് സമീപം വീട്ടുകാർ വച്ചിരിക്കുന്ന മോട്ടറുകൾ, പൈപ്പുകൾ എന്നിവയെല്ലാം നശിപ്പിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ മലയിഞ്ചി, വേളൂർ ഭാഗങ്ങളിലും കാട്ടാനകളുടെ ശല്യം രൂക്ഷമാണ്. പ്രദേശത്ത് ഒട്ടേറെപ്പേരുടെ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്.
ഉടുമ്പന്നൂർ മഞ്ചിക്കല്ലിൽ 10ന് ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 2 കർഷകർക്ക് പരുക്കേറ്റിരുന്നു. വന മേഖലയിൽനിന്ന് കിലോ മീറ്ററുകൾ അപ്പുറത്തുള്ള പ്രദേശത്തും കാട്ടുമൃഗങ്ങൾ എത്തുന്നത് ആശങ്കയോടെയാണ് ജനം കാണുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

