കട്ടപ്പന ∙ സ്വന്തം സ്ഥലം വിട്ടുനൽകി ഗതാഗതയോഗ്യമായ റോഡെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം സത്യപ്രതിജ്ഞയ്ക്കു മുൻപുതന്നെ യാഥാർഥ്യമാക്കി ഇരട്ടയാർ പഞ്ചായത്തിലെ ഏഴാം വാർഡിൽനിന്ന് ജയിച്ച ഷീബ അജയ് കളത്തുക്കുന്നേൽ. സികെ പടി-ഇറക്കേറിയ റോഡിൽ നിന്ന് ഗൗരിപ്പാറയ്ക്കുള്ള നടപ്പുവഴിയാണ് വാഹനങ്ങൾ സഞ്ചരിക്കുന്ന വിധത്തിൽ വീതി കൂട്ടി നിർമിച്ചത്. സ്വന്തം സ്ഥലത്തിന്റെ ഒരുഭാഗം വിട്ടു നൽകിയാണ് 400 മീറ്ററോളം ദൂരത്തിൽ റോഡ് എട്ടടി വീതിയിൽ നിർമിച്ചത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാർഡ് കൺവൻഷനിലാണ് നടപ്പുവഴി വീതി കൂട്ടുന്ന കാര്യം പ്രദേശവാസികൾ ഷീബയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ജയിച്ചു കഴിഞ്ഞാൽ ഉടൻതന്നെ റോഡ് വീതികൂട്ടി നൽകാമെന്ന് ഷീബ ഉറപ്പുനൽകി.
യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച ഷീബ 74 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 15 കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്.
ഇവരുടെ കൃഷിയിടത്തിലൂടെ ഉണ്ടായിരുന്ന രണ്ടടി നടപ്പുവഴി പിന്നീട് അഞ്ചടിയാക്കി വർധിപ്പിച്ചു നൽകിയിരുന്നു. അതാണിപ്പോൾ എട്ടടി വീതിയിലാക്കി മാറ്റിയത്.
പഞ്ചായത്ത് ഫണ്ട് വകയിരുത്തി ഈ റോഡ് കോൺക്രീറ്റ് ചെയ്ത് നൽകാനും ലക്ഷ്യമിടുന്നു.
ഗൗരിപ്പാറയിലെ ശുദ്ധജല പ്രശ്നത്തിന് പരിഹാരം കാണാനായി കാൽനൂറ്റാണ്ട് മുൻപ് കുളം നിർമിക്കാനും പമ്പ്ഹൗസ് നിർമിക്കാനും ഇവരുടെ സ്ഥലം വിട്ടുനൽകിയിരുന്നു. ചടങ്ങിൽ ഡിസിസി സെക്രട്ടറി വൈ.സി.സ്റ്റീഫൻ, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, റെജി ഇലിപ്പുലിക്കാട്ട്, കോൺഗ്രസ് വാർഡ് പ്രസിഡന്റ് സോണി മടത്തുംമുറി തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

