തൊടുപുഴ∙ വെള്ളത്തിനു കുറുകെ മരത്തടി ഇട്ട കണക്കെയാണ് മുനമ്പ് ഇക്കോ ടൂറിസം കേന്ദ്രം.
ഇടുക്കി ജലാശയത്തിലെ വെള്ളത്താൽ മൂന്ന് വശവും ചുറ്റപ്പെട്ട ചെറിയ തുരുത്ത്.
വെള്ളത്തിൽ തട്ടിത്തെറിച്ചെത്തുന്ന തണുത്ത കാറ്റ്. ഇരട്ടയാറിൽ നിന്ന് മല തുരന്നുണ്ടാക്കിയ ടണലിലൂടെ അഞ്ചുരുളിയിലേക്ക് വെള്ളം എത്തുന്ന കാഴ്ച.
ഈ കാഴ്ച കാണാൻ കാട്ടിലൂടെ ഒരു കിലോമീറ്ററോളം നടത്തവും. ഉദ്ഘാടനം ചെയ്ത് മാസങ്ങൾ കഴിയുമ്പോൾ മുനമ്പ് ജില്ലയിലെ പ്രധാന ടൂറിസം സ്പോട്ടുകളിൽ ഒന്നായത് ഇത്തരം പ്രത്യേകതകൾ കൊണ്ടാണ്.
ജലാശയത്തിന്റെ ഭംഗിക്കൊപ്പം കടൽ തീരത്തിന്റെ സൗന്ദര്യവുമാണ് മുനമ്പ് സമ്മാനിക്കുന്നത്.
വെള്ളം ഓളം തല്ലുന്ന ശബ്ദമാണ് എവിടെയും. ടിക്കറ്റ് കൗണ്ടറിൽ നിന്ന് നടത്തം തുടങ്ങണം.
ആദ്യ കല്ലിട്ട വഴി ഉണ്ടെങ്കിലും പിന്നീട് ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന ഇടവഴികളായി മാറും.
ഈ നടത്തം വനത്തിനുള്ളിലൂടെയാണ്. കാടിറങ്ങി താഴെ എത്തിയാൽ മുനമ്പ് വ്യൂ പോയിന്റായി.
ചാരി വച്ചിരിക്കുന്ന കല്ലുകളിലും ചെറിയ പാറമേലും പുല്ലിലും ഇരുന്ന് വിശ്രമിക്കാം. ഇവിടെ ചരിത്രത്തിന്റെ അവശേഷിപ്പുകൾ ഉണ്ട്.
നന്നങ്ങാടികൾ ഇവിടെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.
കൂട്ടുകാരൊത്തും കുടുംബമായും ഇടനേരങ്ങൾ ചെലവഴിക്കാൻ പറ്റിയ ചെറിയ സ്പോട്ടെന്ന പ്രത്യേകത മുനമ്പിനുണ്ട്. ഇതര ഭാഷാ ചിത്രങ്ങൾക്ക് ഉൾപ്പെടെ മുനമ്പ് ലൊക്കേഷനായിട്ടുണ്ട്.
ജയിംസ് ആൻഡ് ആലീസ്, ഇയോബിന്റെ പുസ്തകം, രാംചരണും തമന്നയും ജോഡികളായ രക്ഷ എന്ന തെലുങ്ക് ചിത്രം തുടങ്ങിയവയിലെല്ലാം ഇവിടുത്തെ ദൃശ്യഭംഗി പകർത്തിയിട്ടുണ്ട്. സേവ് ദ ഡേറ്റ് ഉൾപ്പെടെയുള്ള ഫോട്ടോഷൂട്ടിനായും മുനമ്പിലെത്തുന്നവർ ഒട്ടേറെയാണ്.
മുനമ്പ് വ്യൂപോയിന്റിനു സമീപമായുള്ള കരടി അള്ള് എന്നറിയപ്പെടുന്ന ഗുഹ, മൂന്നാനരുവി വെള്ളച്ചാട്ടം എന്നിവയിലേക്കുള്ള യാത്ര അധികം വൈകാതെ പദ്ധതിയുടെ ഭാഗമാകും. ജലാശയത്തിൽ ബോട്ടിങ്ങും ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
എങ്ങനെ എത്താം ?
കട്ടപ്പന–കുട്ടിക്കാനം റോഡിൽ കാഞ്ചിയാർ പള്ളിക്കവലയിൽ നിന്ന് പേഴുംകണ്ടം മേഖലയിലേക്കുള്ള റോഡിലാണ് മുനമ്പ് ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നത്.
മുതിർന്നവർക്ക് 40 രൂപയും 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിഡിയോ ഫോട്ടോ ഷൂട്ടിങ്ങിന് ഒരു ക്യാമറയ്ക്ക് 500 രൂപയാണ് നിരക്ക്.
ഫോർ വീലർ പാർക്കിങ്ങിന് 25 രൂപയും 2 വീലർ പാർക്കിങ്ങിന് 10 രൂപയും ത്രീ വീലർ പാർക്കിങ്ങിന് 20 രൂപയും മിനി ബസിന് 60 രൂപയും നൽകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]