
തൊടുപുഴ / തിരുവനന്തപുരം ∙ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കാൻ പാർട്ടി പ്രവർത്തകന്റെ വീട് പണയംവച്ച സംഭവത്തിൽ പ്രവർത്തകനും ഭാര്യയും നൽകിയ പരാതി ചർച്ചയ്ക്കെടുക്കാൻ പോലും പാർട്ടി ഇടുക്കി ജില്ലാ നേതൃത്വം തയാറായില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ മുഹമ്മദ് ഫൈസലിനെ ജില്ലാ സെക്രട്ടറി സി.വി.വർഗീസ് സംരക്ഷിക്കുകയാണെന്നു പാർട്ടിയിലെ ഒരു വിഭാഗം കരുതുന്നു.
പ്രവർത്തകന്റെ പരാതി ‘മനോരമ’ വാർത്തയാക്കിയതോടെ ഇടുക്കി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ഒത്തുതീർപ്പു ചർച്ച നടക്കുമെന്നാണു സൂചന.
2023ൽ വീടു പണയംവച്ച് പാർട്ടിക്കു നൽകിയ എട്ടര ലക്ഷം രൂപ പൂർണമായി തിരികെ നൽകിയില്ലെന്ന പരാതിയുമായി മാസങ്ങൾക്കു മുൻപു പാർട്ടി പ്രവർത്തകൻ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫിസിലെത്തി. രണ്ടു തവണ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടു.
തന്റെ പേരിലുള്ള വായ്പയുടെ പണം വാങ്ങിയ പാർട്ടി, കടബാധ്യത തന്റെ മേൽ അടിച്ചേൽപിച്ചെന്നു പ്രവർത്തകന്റെ ഭാര്യയുടെ പരാതിയിലുണ്ട്.
വിഷയം ഇടുക്കി ജില്ലാ നേതൃത്വം പരിശോധിക്കുമെന്നു ഗോവിന്ദൻ പറഞ്ഞെങ്കിലും അക്കാര്യം നടപ്പായില്ല. പരാതി കിട്ടിയാൽ അന്വേഷണ കമ്മിഷനെ വച്ച് പരിശോധിക്കുന്ന പാർട്ടിയുടെ സാധാരണരീതി പോലും ഇക്കാര്യത്തിൽ ചെയ്തില്ല. പണം മുഴുവൻ തിരിച്ചു കൊടുത്തെന്ന് ഫൈസൽ പറഞ്ഞത് അംഗീകരിച്ച് നേതൃത്വം പ്രവർത്തകന്റെ ഭാഗം ഒരുതവണ പോലും കേട്ടതുമില്ല.
4600 ചതുരശ്ര അടിയിൽ പാർട്ടി ഓഫിസ്
∙2022 നവംബർ 27നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് ഓഫിസ് മന്ദിരത്തിനു കല്ലിട്ടത്.
4600 ചതുരശ്രയടിയിൽ 3 നിലകളിലായുള്ള കെട്ടിടത്തിന്റെ നിർമാണം കൃത്യം ഒരു വർഷത്തിനകം പൂർത്തിയാക്കി 2023 നവംബർ 27ന് ഉദ്ഘാടനം ചെയ്തു. മുറികൾ, ലൈബ്രറി, ഹാൾ, സ്റ്റുഡിയോ എന്നിവയാണ് ഓഫിസ് കെട്ടിടത്തിലുള്ളത്.
വായ്പയെടുത്തത് നേതാവിന്റെ ഭാര്യ ജോലി ചെയ്യുന്ന ബാങ്കിൽ നിന്ന്
∙ഫൈസലിന്റെ ഭാര്യ ജോലി ചെയ്യുന്ന മുതലക്കോടം സർവീസ് സഹകരണ ബാങ്കിൽനിന്നാണു പാർട്ടി ഓഫിസ് നിർമാണത്തിനായി പ്രവർത്തകനെക്കൊണ്ട് വായ്പയെടുപ്പിച്ചത്.
വീടുനിർമാണത്തിനായി പ്രവർത്തകൻ എടുത്ത വായ്പ, ടോപ് അപ് ചെയ്താണ് ഓഫിസ് നിർമാണത്തിനു പണം എടുപ്പിച്ചത്. എട്ടര ലക്ഷം രൂപ പാർട്ടി ഓഫിസിൽ ഏൽപിച്ചെങ്കിലും 5 ലക്ഷം മാത്രമാണു പാർട്ടിയുടെ അക്കൗണ്ടിൽ നേതാവ് രേഖപ്പെടുത്തിയതെന്നു പ്രവർത്തകൻ ആരോപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]