
കലക്ടർക്ക് വിദ്യാർഥിനിയുടെ പരാതി: ഭയമില്ലാതെ സ്കൂളിൽ പോകണം; തടിപ്പാലത്തിന് പകരം പാലം വേണം
ഉപ്പുതറ∙ അടുത്ത അധ്യയന വർഷമെങ്കിലും ഭയമില്ലാതെ സ്കൂളിലേക്കു പോകാൻ ‘കലക്ടർ ആന്റിക്ക്’ പരാതി നൽകി കാത്തിരിക്കുകയാണ് അനുശ്രീ അനുരാജ് എന്ന വിദ്യാർഥിനി. ഉപ്പുതറ പഞ്ചായത്തിലെ പത്തേക്കറിൽ തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ ഭയപ്പാടോടെയുള്ള യാത്രയ്ക്ക് അറുതി വരുത്താൻ പാലം നിർമിച്ചു നൽകണമെന്ന് അഭ്യർഥിച്ചു കൊണ്ടാണ് ‘കണക്ട് വിത്ത് കലക്ടർ’ എന്ന പരിപാടിയുടെ ഭാഗമായി കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പരാതി അറിയിച്ചത്.ഉപ്പുതറ-പത്തേക്കർ റോഡിലെ പണ്ടാരപ്പടി പാലം 2018ലെ പ്രളയത്തിലാണ് ഒലിച്ചുപോയത്.
അതിനുശേഷം മറ്റ് യാത്രാ മാർഗങ്ങൾ ഇല്ലാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ തോടിനു കുറുകെ താൽക്കാലികമായി തടിപ്പാലം നിർമിച്ചാണ് മറുകരയിൽ എത്തുന്നത്. ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പാലം തകർന്നതോടെ ഇതുവഴി വാഹനങ്ങൾ സഞ്ചരിക്കാൻ സ്ഥിതിയാണ്. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിൽ എത്തിക്കണമെങ്കിൽപ്പോലും ചുമന്ന് ഇപ്പുറത്ത് എത്തിക്കേണ്ട
ഗതികേടാണ്. തടിപ്പാലവും അപകട ഭീഷണിയിലാണ്.
അടുത്തയിടെ പ്രദേശവാസിയായ ഗണേശന് പാലത്തിൽ നിന്ന് വീണ് തലയ്ക്ക് പരുക്കേറ്റിരുന്നു. വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഭയപ്പാടോടെയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്.
ഗതാഗത യോഗ്യമായ പാലം നിർമിക്കാൻ നടപടി ഉണ്ടാകാതെ വന്നതോടെയാണ് ഇനി അഞ്ചാം ക്ലാസിലേക്ക് പോകുന്ന തനിക്കും സഹോദരനും സുഹൃത്തുക്കൾക്കും പേടികൂടാതെ സ്കൂളിൽ പോകാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അനുശ്രീ കലക്ടറോട് പരാതി പറഞ്ഞത്. ഭയപ്പെടേണ്ട, ഉടൻ പരിഹരിക്കുമെന്ന കലക്ടറുടെ മറുപടി ലഭിച്ചതോടെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അനുശ്രീയും നാട്ടുകാരും.അതേസമയം, ഇവിടെ കലുങ്ക് നിർമിക്കാനായി 2025-26 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പഞ്ചായത്തംഗം സിനിമോൾ ജോസഫ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]