തൊടുപുഴ ∙ പ്രിന്റിങ് മെഷീനുകൾക്കുള്ളിൽ നിന്ന് സ്ഥാനാർഥികൾ നിറഞ്ഞ ചിരിയോടെ ഇറങ്ങിയിറങ്ങി വരികയാണ്. മീറ്ററുകൾക്കപ്പുറത്തുള്ള പണിശാലയിൽ അടുക്കി തയാറായിരിക്കുന്ന ഫ്രെയിമുകളിലേക്ക് ആവേശിച്ച് സ്വന്തം മണ്ഡലങ്ങളിലേക്കെത്താനുള്ള തിടുക്കത്തിലാണ് അവർ.
ഇടുക്കിയിലേക്കും ദേവികുളത്തേക്കും പീരുമേട്ടിലേക്കുമൊക്കെ വാഹനങ്ങൾ കാത്തുകിടക്കുന്നു. ജില്ലയിലെ മിക്ക മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളുടെ വോട്ട് അഭ്യർഥനാ ബോർഡുകൾ പ്രവർത്തകർ തയാറാക്കികൊണ്ടുപോകുന്നത് തൊടുപുഴയിലെ ഡിസൈനിങ്, പ്രിന്റിങ് സ്ഥാപനങ്ങളിൽനിന്നാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇതുവരെ രണ്ടായിരത്തിലേറെ ബോർഡുകൾ തന്റെ സ്ഥാപനത്തിൽ നിന്ന് തയാറാക്കി നൽകിയതായി നഗരത്തിലെ പ്രമുഖ ഡിസൈനിങ് ആൻഡ് പ്രിന്റിങ് സ്ഥാപന ഉടമ സൽമാൻ ഹനീഫ് പറയുന്നു. നിരോധിത പ്ലാസ്റ്റിക് പിവിസി ഫ്ലെക്സുകൾ ഒഴിവാക്കി പൂർണമായും തുണിയിലാണ് പ്രിന്റിങ്.
ബോർഡിനാണ് പ്രിയം
ജില്ലയിൽ പ്രചാരണത്തിനായി 95% ബോർഡുകളാണ് ഉപയോഗിക്കുന്നത്. ചുവരെഴുത്ത് അത്യപൂർവം.
നിലവിൽ ബോർഡുകൾ തയാറാക്കുന്ന സ്ഥാപനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുകയാണ്. ഇതരസംസ്ഥാനക്കാരായ ജീവനക്കാർ നാട്ടിലേക്കു പോയതും തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തേയായതും പണി കൂട്ടി.
ആറടി ഉയരവും 4 അടി വീതിയുമുള്ള ബോർഡുകൾക്കാണ് ആവശ്യക്കാരേറെ.
അൽപം കൂടി ‘ഓളം’ വേണമെന്നുള്ളവർക്ക് 8, 10 അടി പൊക്കവും 3 അടി വീതം വീതിയുമുള്ള ബോർഡുകൾ സ്ഥാപിക്കാം. കയ്യുയർത്തി വോട്ടർമാരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥിയുടെ പൂർണകായ ചിത്രം അച്ചടിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു ബോർഡിന് ഫ്രെയിം ഉൾപ്പെടെ 550- 600 രൂപയാണ് ചെലവ്. ‘സീസൺ’ ആയതോടെ ബോർഡിന്റെ ഫ്രെയിമുണ്ടാക്കാനുള്ള പട്ടികക്കഷണങ്ങൾക്ക് വില വർധിക്കുകയും ചെയ്തു.
ആയിരമായിരം പിന്നാലെ
സ്ഥാനാർഥികളുടെ ബോർഡുകളുടെ നട്ടെല്ലായ തടി ഫ്രെയിം തല്ലിക്കൂട്ടുന്ന തിരക്കിലാണ് രവി.
നഗരത്തിലും സമീപത്തുമുള്ള ചില പള്ളികളിലെയും സ്വകാര്യ ആശുപത്രികളിലെയുമൊക്കെ ഔദ്യോഗിക കാർപെന്റർ ആയ രവിയെ ഇലക്ഷൻ തിരക്കു കാരണം സ്ഥാപനയുടമ ‘ബലമായി’ കൂട്ടിക്കൊണ്ടു വന്നതാണ്. എത്ര വേഗം കൂട്ടിയാലും ദിവസം 65നും 100നുമിടയിൽ ഫ്രെയിമുകൾ മാത്രമേ നിർമിക്കാനാകൂ എന്നും രവി പറയുന്നു.
അടുത്ത സ്ഥാനാർഥിയെ കാത്ത് ആയിരത്തിലേറെ ഫ്രെയിമുകൾ രവിയുടെ പണിശാലയിൽ തയാറായിക്കഴിഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

