കുമളി ∙ പെരുമഴയ്ക്കൊപ്പം ഉരുൾപൊട്ടൽ കൂടി വന്നതോടെ കുമളി പഞ്ചായത്തിലെ ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി. തുടർച്ചയായി രണ്ടാംദിനവും വീടുകൾ വെള്ളത്തിലായത് ദുരിതവും ആശങ്കയും കൂട്ടി.
വെള്ളം കയറി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും സംഭവിച്ച നഷ്ടത്തിന്റെ കണക്കും കൃഷി നാശത്തിന്റെ കണക്കും കോടി രൂപ കടക്കുമെന്നാണ് നിഗമനം. കുമളി പഞ്ചായത്തിലെ പത്തുമുറി, ഒട്ടകത്തലമേട് ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി ഉരുൾപൊട്ടൽ ഉണ്ടായത്.
പത്തിലധികം സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് വിവരം. പത്തുമുറി, ശാന്തിഗിരി, അട്ടപ്പള്ളം, ഒന്നാം മൈൽ, ചെളിമട, കുഴിക്കണ്ടം, വലിയകണ്ടം, പെരിയാർ കോളനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി.
ഉരുൾപൊട്ടലിൽ ഒലിച്ചുപോയും മണ്ണ് അടിഞ്ഞുകൂടിയും ഏക്കർക്കണക്കിന് സ്ഥലത്തെ ഏലച്ചെടികൾ നശിച്ചു. മണ്ണ് അടിഞ്ഞുകൂടി കുമ്പളന്താനം ജോസിന്റെ വീട് അപകടാവസ്ഥയിലായി.
തൂങ്ങുംപറമ്പിൽ റെജി, കൊല്ലംപറമ്പിൽ ഷിനോജ്, കാവിൽ പുരയിടത്തിൽ ആന്റണി, ജോയി വരിക്കമാക്കൽ, ബേബിച്ചൻ കാഞ്ഞിരം, ജിൻസ് അറയ്ക്കപ്പറമ്പിൽ, കുമ്പളന്താനം തോമസ്, ജോയി മുട്ടത്തുകുന്നേൽ, കൊല്ലംപറമ്പിൽ മാത്തുക്കുട്ടി, മറ്റത്തിൽ ജോയി, വടക്കേപ്പറമ്പിൽ വിജയൻ, വടക്കേൽ ജയിംസ് തുടങ്ങി ഒട്ടേറെപ്പേർക്ക് വലിയ തോതിൽ കൃഷിനാശം സംഭവിച്ചു. ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ചെളി മൂലം പല ഭാഗത്തേക്കും എത്താൻ കഴിഞ്ഞിട്ടില്ല.
പാലം തകർന്നു; ഒറ്റപ്പെട്ട് കൂട്ടാർ എസ്ബിഐ
നെടുങ്കണ്ടം ∙ കഴിഞ്ഞദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ ഒഴുക്കിൽപെട്ട
പാലവും പൂർണമായി നശിച്ചു. കരുണാപുരം- പാമ്പാടുംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
60 വർഷത്തോളം പഴക്കമുള്ള പാലമാണിത്. കൂട്ടാർ എസ്ബിഐ ബാങ്കിലേക്ക് എത്താനുള്ള ഏക മാർഗവും ഈ പാലമായിരുന്നു. പ്രധാന പാതയിൽ നിന്നുള്ള നടപ്പുവഴിയും കൂട്ടാർ-അല്ലിയാർ റോഡുമാണ് ഇനി ബാങ്കിലെത്താനുള്ള മാർഗം.
പഴയപടി ആകാൻ സമയമെടുക്കും
നെടുങ്കണ്ടം ∙ മഴ ഒഴിഞ്ഞെങ്കിലും മഴക്കെടുതി നാശം വിതച്ച നെടുങ്കണ്ടത്തെ മേഖലകൾ പൂർവ സ്ഥിതിയിലാകാൻ ഇനിയും നാളുകൾ വേണം.വീടുകളും വ്യാപാര സ്ഥാപനങ്ങളും സന്നദ്ധ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ വൃത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ് നാട്ടുകാർ.
ശനിയാഴ്ചയും ഇന്നലെയും മഴ മാറി നിന്നതോടെ കല്ലാർ പുഴയിലെ ജലനിരപ്പ് താഴ്ന്നതാണ് ഏക ആശ്വാസം. എങ്കിലും വെള്ളം കയറി മുങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ചിലത് തുറക്കാറായിട്ടില്ല.
ഇരുപതോളം വാഹനങ്ങൾ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളപ്പാച്ചിലിൽ തകർന്നതായാണ് അനൗദ്യോഗിക കണക്ക്.
കിണറുകളിൽ ചെളിവെള്ളം; ശുദ്ധജലം കിട്ടാനില്ല
കുമളി ∙ മലവെള്ളപ്പാച്ചിലിൽ കിണറുകളിൽ ചെളിവെള്ളം നിറയുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്ത വലിയകണ്ടത്തും ഹോളിഡേ ഹോമിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിലും ശുദ്ധജലത്തിന് ആളുകൾ നെട്ടോട്ടത്തിൽ. പഞ്ചായത്ത് സെക്രട്ടറി നേരിട്ട് പലതവണ പരാതി അറിയിച്ചിട്ടും ജലവിതരണം നടത്താൻ വാട്ടർ അതോറിറ്റി തയാറായില്ല.
വലിയകണ്ടത്ത് സേവന പ്രവർത്തനത്തിന് എത്തിയ യുവാക്കളാണ് വെള്ളം എത്തിച്ചത്. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിന് സമീപം വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുകി പാഴാകുകയാണ്. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

