
ശാന്തൻപാറ∙ അപകട ഭീഷണിയുയർത്തി റോഡിൽ നിൽക്കുന്ന ഇൗട്ടി മുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ ശാന്തൻപാറ പഞ്ചായത്ത്.
പിഎംജിഎസ്വൈ പദ്ധതിയിലുൾപ്പെടുത്തി വീതികൂട്ടി നിർമിക്കുന്ന ചേരിയാർ–പള്ളിക്കുന്ന് റോഡിൽ പള്ളിക്കുന്ന് ടൗണിന് സമീപമാണ് മരം അപകട ഭീഷണിയുയർത്തുന്നത്.റോഡ് വികസനത്തിനും ഇൗ മരം തടസ്സമാണ്.
റോഡിന്റെ വീതി കൂട്ടാനായി മണ്ണെടുത്തപ്പോൾ മരത്തിന്റെ ചുവട് ഭാഗം മണ്ണിന് മുകളിലായി. ഇൗ മരത്തിന്റെ ചുവട്ടിലൂടെയാണ് 11കെവി, എൽടി ലൈനുകൾ കടന്നുപോകുന്നത്.
മരം നിൽക്കുന്നതിന്റെ എതിർ ഭാഗത്ത് ഒരു വീടും കച്ചവട സ്ഥാപനങ്ങളും പഞ്ചായത്ത് വക കെട്ടിടവുമുണ്ട്.
മരം മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശാന്തൻപാറ പഞ്ചായത്തിൽ പരാതി നൽകുകയും ട്രീ കമ്മിറ്റി ചേർന്ന് മരം മുറിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പഞ്ചായത്ത് സെക്രട്ടറിക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ തീരുമാനത്തിൽനിന്ന് പഞ്ചായത്തും പിന്നാക്കം പോയി.
റോഡ് പുറമ്പോക്കിൽ നിൽക്കുന്ന മരം മുറിക്കാൻ താെട്ടുചേർന്ന് ഭൂമിയുള്ള ആരാധനാലയത്തിന് നോട്ടിസ് നൽകുകയാണ് പഞ്ചായത്ത് ചെയ്തത്.
ഇൗട്ടി മുറിച്ചാൽ അത് വനംവകുപ്പിന്റെ കോട്ടയത്തെ ഡിപ്പോയിൽ എത്തിച്ചു നൽകണം. അതിനാലാണ് ജനങ്ങളുടെ സുരക്ഷയ്ക്ക് വില കൽപിക്കാതെ മരം മുറിച്ചുനീക്കുന്നതിൽനിന്ന് പഞ്ചായത്ത് അധികൃതർ പിന്മാറിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇൗട്ടി മരം മുറിച്ചുനീക്കാൻ വനംവകുപ്പിനും ലൈൻ അഴിച്ചുമാറ്റുന്നതിന് കെഎസ്ഇബിക്കും അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് ഇപ്പോഴും പഞ്ചായത്തിന്റെ വാദം. എന്നാൽ മരം മുറിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.മരം മുറിച്ച് കോട്ടയത്തെ വനംവകുപ്പ് ഡിപ്പോയിലേക്ക് കാെണ്ടുപോകുന്നത് ഒഴിവാക്കാൻ ശിഖരങ്ങൾ മാത്രം മുറിച്ചുമാറ്റാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം.
ഏതാനും ദിവസങ്ങളായി മേഖലയിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]