
വരിക്കമുത്തൻ – മൈലപ്പുഴ – അമ്പലക്കവല റോഡ് പുനർനിർമിക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുതോണി ∙ വാഗ്ദാനങ്ങൾ പാഴായി. ഒട്ടേറെ കുടുംബങ്ങളുടെ യാത്രാമാർഗമായ വരിക്കമുത്തൻ – മൈലപ്പുഴ – അമ്പലക്കവല റോഡ് പുനർനിർമിക്കാൻ ഈ സീസണിലും നടപടിയില്ല. ഇതോടെ ഈ കാലവർഷത്തിലും നാട്ടുകാർ തകർന്ന റോഡിലൂടെ ദുരിതയാത്ര നടത്തേണ്ടി വരും. കഴിഞ്ഞ മഴക്കാലത്ത് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് റോഡു നിർമാണത്തിനു മന്ത്രി റോഷി അഗസ്റ്റിൻ മുൻകൈ എടുത്ത് 45 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഈ തുക മതിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ എന്തുകൊണ്ടോ, കരാർ ഏറ്റെടുത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആരും മുന്നോട്ടു വന്നില്ല.നാട്ടുകാരുടെ ആവശ്യം അറിഞ്ഞ് റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കാൻ അധികൃതരും താൽപര്യം പ്രകടിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ ഗതാഗത യോഗ്യമായ റോഡിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനു നീളം കൂടും.
ഏഴ് പതിറ്റാണ്ട് പിന്നിട്ട റോഡ്
കഞ്ഞിക്കുഴി പഞ്ചായത്തിൽ ജനവാസം ആരംഭിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും കുടിയേറ്റ കാലം മുതൽക്കേയുള്ള ഈ റോഡ് ഗതാഗത യോഗ്യമാക്കാൻ കാര്യമായ യാതൊരു നടപടിയും ഉണ്ടായില്ല. ആലപ്പുഴ – മധുര സംസ്ഥാന പാത രൂപം കൊള്ളുന്നതിനു മുൻപ് വണ്ണപ്പുറം, കഞ്ഞിക്കുഴി ഭാഗത്തേക്കുള്ള ഏക യാത്ര മാർഗം ഇതു വഴിയായിരുന്നു. ഇപ്പോൾ നിർദിഷ്ട വണ്ണപ്പുറം – രാമക്കൽമേട് പാതയായി പ്രഖ്യാപനവുമുണ്ടായി. എങ്കിലും പഴയരിക്കണ്ടം – മൈലപ്പുഴ – വരിക്കമുത്തൻ – അമ്പലക്കവല റോഡിന്റെ ശോച്യാവസ്ഥയ്ക്കു യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.
കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ മഴക്കാലമാകുന്നതോടെ ചെളിക്കെട്ടും നിറയും. ഇതോടെ കാൽനടയാത്ര പോലും അസാധ്യമാകും. പിന്നീട് റോഡിലൂടെ വാഹനങ്ങൾ കയറി വരണമെങ്കിൽ നല്ല നേരം നോക്കേണ്ടി വരും. ഒട്ടേറെ വിദ്യാർഥികൾ ഓരോ ദിവസവും യാത്ര ചെയ്യേണ്ട വഴിയാണിത്. നിരവധി സ്കൂൾ ബസുകളും ഇതുവഴി പതിവായി സർവീസ് നടത്തുന്നുണ്ട്. മഴക്കാലത്ത് ചെളിക്കെട്ട് നിറഞ്ഞ ഭാഗങ്ങളിലൂടെ സ്കൂൾ ബസുകൾ തള്ളി നീക്കുന്ന കാഴ്ച ഈ വർഷവും കാണേണ്ടി വരും.