
സൗദിയിലെ മരുഭൂമിയിൽ ലാൻഡ് ചെയ്താണ് ശീലം, നെഹാൽ ഇതാദ്യമായി വാഗമണ്ണിലെ പാറപ്പുറത്ത് പറന്നിറങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഗമൺ ∙ സുനിത വില്യംസ് ബഹിരാകാശത്തു നിന്നും ഭൂമിയിൽ തിരികെയെത്തിയതിന്റെ സന്തോഷ ദിവസത്തിൽ കേരളത്തിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിൽ പങ്കെടുത്ത് പറന്നതിന്റെ ആവേശത്തിലാണ് സൗദി അറേബ്യയിലെ ആദ്യ വനിതാ പരാഗ്ലെഡറായ നെഹാൽ അൽ ഹിലാൽ. മണലാരണ്യത്തിലാണ് ലാൻഡ് ചെയ്ത് ശീലം. ആദ്യമായാണ് കേരളത്തിലെത്തുന്നതും പാറപ്പുറത്ത് പറന്നിറങ്ങുന്നതും. അത് നൽകുന്ന ആഹ്ലാദം വളരെ വലുതാണ് നെഹാൽ ചിരിച്ചു കൊണ്ട് പറയുന്നു. വിശുദ്ധ റമസാൻ മാസമാണ്, ഇന്ന് ലോക സന്തോഷ ദിനമാണ്, മിടുക്കികളായ കേരളത്തിലെ പെൺകുട്ടികൾ സന്തോഷത്തോടെ ഇരിക്കട്ടെ നെഹാൽ പറയുന്നു.
ജസാൻ സർവകലാശായിൽ ലക്ചററായ നെഹാൽ 2019ലാണ് പാരാഗ്ലൈഡിങ് പരിശീലിക്കാൻ ആരംഭിച്ചത്. പെൺകുട്ടികൾ കടന്നു വരാൻ മടിക്കുന്ന സാഹസിക വിനോദം തെരഞ്ഞെടുത്തതിൽ എന്തിനും നിർലോഭ പിന്തുണയുമായി പിതാവിന്റെ കരുതലിന് നന്ദി പറയുന്നു. പൈലറ്റ് ലൈസൻസുള്ള ഞാൻ മത്സരങ്ങൾക്കായി ധാരാളം യാത്ര ചെയ്യുന്നു. അതെന്റെ ആത്മ വിശ്വാസം ഉയർത്തുന്നു. സൗദിയിൽ ലൈസൻസുള്ള മറ്റ് ചിലർ ഉണ്ടെങ്കിലും അവരാരും മത്സരങ്ങൾക്ക് പങ്കെടുക്കാറില്ല. മനക്കരുത്ത്, ശരിയായ തീരുമാനം വേഗത്തിലെടുക്കാനുള്ള പക്വത ഇതെല്ലാം സാഹസിക വിനോദം പഠിപ്പിച്ചതായി നെഹാൽ പറയുന്നു. നിരന്തരം പഠിച്ചു കൊണ്ടിരിക്കുകയാണ് വിജയത്തിന്റെ രഹസ്യം.
സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിനാണ് വാഗമണിൽ തുടക്കമായത്. വാഗമൺ അഡ്വഞ്ചർ പാർക്കിൽ നടത്തുന്ന പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ മത്സരങ്ങൾ സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ് ഫ്ലാഗ് ഓഫ് ചെയ്തു. ആറ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ 11 വിദേശ രാജ്യങ്ങളിൽ നിന്ന് 49 മത്സരാർഥികൾ പങ്കെടുക്കും. 15 വിദേശ താരങ്ങളും മത്സരത്തിൽ മാറ്റുരയ്ക്കും.
22ന് നടക്കുന്ന സമാപന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പങ്കെടുക്കും. ഫെഡറേഷൻ ഓഫ് എയ്റോനോട്ടിക് ഇന്റർനാഷനൽ, എയ്റോ ക്ലബ് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരത്തോടെയും സാങ്കേതിക സഹകരണത്തോടെയുമാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫ്ലൈ വാഗമണ്ണാണ് പരിപാടിയുടെ പ്രാദേശിക സംഘാടകർ. എല്ലാ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം ഒന്നരലക്ഷം, ഒരു ലക്ഷം, അൻപതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുന്നത്.
വാഗമണ്ണിൽ നിന്നു 4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്കിലാണ് പാരാഗ്ലൈഡിങ് മത്സരങ്ങൾ നടക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാൽ 23 വരെ മത്സരങ്ങൾ നീളും. ഇടുക്കി ടൂറിസം ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, വൺ അഡ്വഞ്ചർ പ്രതിനിധി വിനിൽ തോമസ്, പാരാഗ്ലൈഡിങ് കോഴ്സ് ഡയറക്ടർ വിജയ് സോണി തുടങ്ങിയവർ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.