വണ്ടൻമേട് ∙ കനത്ത മഴയിൽ വണ്ടൻമേട് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ വൻ നാശനഷ്ടം. ശാസ്താനടയ്ക്കു സമീപം തോട്ടത്തിൽ ഉരുൾപൊട്ടലുണ്ടായി മൂന്നരയേക്കറിലെ ഏലക്കൃഷി നശിച്ചു. അപ്രതീക്ഷിത മഴയിൽ തോട്ടിൽ വെള്ളം ഉയർന്നതിനെ തുടർന്ന് താഴത്തെ മാലിയിൽ 20 വീടുകളിൽ വെള്ളം കയറി.
വീടുകളിൽ കുടുങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി രക്ഷിച്ചു.ശാസ്താനടയിൽ അൻപതിലധികം വീടുകളിലും വെള്ളം കയറി. വീട്ടുപകരണങ്ങളെല്ലാം നശിച്ചു.
ചേറ്റുകുഴി, കൊച്ചറ, നെറ്റിത്തൊഴു, പുറ്റടി തുടങ്ങിയ മേഖലകളിലെ നെൽകൃഷി വൻതോതിൽ നശിച്ചു.
മറ്റ് കൃഷികളും വ്യാപകമായി നശിച്ച് വൻ നഷ്ടം സംഭവിച്ചു. പഴയ കൊച്ചറ പാലത്തിൽ വെള്ളം കയറി.
ഇതിനു സമീപത്തെ ഇഷ്ടിക നിർമാണ കേന്ദ്രം പൂർണമായി വെള്ളത്തിനടിയിലായി. പഴയ കൊച്ചറ മുകളേൽ രതീഷിന്റെ വീടിന്റെ പകുതിയിലധികം ഭാഗവും വെള്ളത്തിൽ മുങ്ങി.
വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. ഓട്ടോറിക്ഷ, ബൈക്ക് തുടങ്ങിയവയും നശിച്ചു.
ആമയാർ മോഹനൻകട സ്വദേശി മോഹനന്റെ വീടിനു മുകളിലേക്ക് മരം വീണു.
ചേറ്റുകുഴി പാലത്താനത്ത് ബിനുവിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തു കിടാക്കൾ ചത്തു.
വീടിനോടു ചേർന്നുള്ള കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തുകളാണ് ചത്തത്. ഈ ഭാഗത്ത് 20 അടിയോളം വെള്ളം ഉയർന്നു. കുമളി-മൂന്നാർ പാതയിൽ ശങ്കുരുണ്ടാൻപാറയ്ക്കു സമീപം രണ്ടിടങ്ങളിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞാണ് ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാനായത്. ചേറ്റുകുഴി-കമ്പംമെട്ട് റോഡിൽ ശങ്കരംകാനത്തിനു സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]