കട്ടപ്പന∙ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കട്ടപ്പന നഗരസഭാ, ഇരട്ടയാർ, വാത്തിക്കുടി, വണ്ടൻമേട് പഞ്ചായത്തുകളുടെ പരിധിയിൽ വൻ നാശനഷ്ടം. ഇരട്ടയാർ, നെടുങ്കണ്ടം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മേലേചിന്നാർ കല്ലാർമുക്ക് പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു.
ബഥേൽ കുരിശടി പാലത്തിന്റെ ഒരുഭാഗം ഒലിച്ചുപോയി. കല്ലാർമുക്ക് മുതൽ പെരിഞ്ചാംകുട്ടി വരെയുള്ള മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.
ചിന്നാർ പുഴയ്ക്ക് കുറുകെയുള്ള ബഥേൽ പള്ളിപ്പടി, മേലേചിന്നാർ അമ്പലപ്പടിയിലെ കൊരണ്ടിപ്പാലം എന്നിവിടങ്ങളിലുള്ള നടപ്പാലങ്ങൾക്കും കേടുപാട് സംഭവിച്ചു.
ചിന്നാർ ബഥേൽ മഠംപടിയിൽ ചെക്ക് ഡാം, പാലം എന്നിവയുടെ നിർമാണം നടക്കുന്ന ഭാഗത്ത് സാധനസാമഗ്രികൾ ഒലിച്ചുപോയി. മേൽചിന്നാർ പ്ലാക്കൽ അജിയുടെ(ഉണ്ണി) വീട്ടിൽ വെള്ളം കയറി വീട്ടുപകരണങ്ങൾക്ക് വ്യാപകമായി നശിച്ചു.
മേലേചിന്നാർ കള്ളുഷാപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഒരുനില പൂർണമായി വെള്ളത്തിനടിയിലായി. ബഥേൽ സ്വദേശി ഗോപാലകൃഷ്ണന്റെ കടയോടു ചേർന്നുള്ള വീടും വെള്ളം കയറി നശിച്ചു.കട്ടപ്പന നഗരസഭാ പരിധിയിലെ ശാന്തിപ്പടി കൂവേലിൽ തങ്കച്ചന്റെ വീടിന് പിൻവശത്തുള്ള കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് അടുക്കളയും ശുചിമുറിയും പൂർണമായി തകർന്നു.
ഇദ്ദേഹത്തിന്റെ പുരയിടത്തിലെ ഏലക്കൃഷിയും നശിച്ചു.
വട്ടുക്കുന്നേൽപടി പുത്തൻപുരയ്ക്കൽ ജോയിയുടെ വീടിന്റെ പിൻവശത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീടിനു കേടുപാട് സംഭവിച്ചു. അമ്പലക്കവല കാവുംപടി കണ്ണാട്ട് കെ.ആർ.ശിവദാസിന്റെ വീട്ടിലേക്ക് മണ്ണിടിഞ്ഞുവീണ് കേടുപാടുണ്ടായി. കട്ടപ്പന പള്ളിക്കവല ഫോർത്തുനാത്തൂസ് നഗറിൽ കട്ടപ്പനയാറിന്റെ കൈത്തോട്ടിലെ ജലനിരപ്പ് ഉയർന്ന് 5 വീടുകളിൽ വെള്ളം കയറി.
റേഷൻകട കുന്തളംപാറയിൽ തോട്ടിലെ ജലനിരപ്പ് ഉയർന്ന് 7 വീടുകളിൽ വെള്ളം കയറി.
വി.ടി പടിയിൽ ഉരുൾപൊട്ടൽ കുത്തിയൊലിച്ച് എത്തിയത് കൂറ്റൻ പാറക്കല്ലുകളും വൻമരവും
കട്ടപ്പന∙ നഗരസഭാ പരിധിയിലെ കുന്തളംപാറ വി.ടി പടിയിൽ ഉരുൾപൊട്ടി.
വൻമരവും കൂറ്റൻ പാറക്കല്ലുകളും കുത്തിയൊലിച്ച് വീടുകൾക്കു സമീപത്തുകൂടി ഒഴുകിയെങ്കിലും ദിശമാറാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇരുകരകളിലുമായി 6 വീടുകളുള്ള ചെറിയ തോട്ടിലൂടെയാണ് ഉരുൾപൊട്ടിയൊഴുകിയത്.
രണ്ടു വീടുകളുടെ മുറ്റത്ത് ചെളിയും കല്ലുകളും വാഹനങ്ങളുടെ ടയറിനൊപ്പം അടിഞ്ഞുകൂടിയെങ്കിലും വീടുകൾക്ക് കാര്യമായ കേടുപാടുകളില്ല. അഞ്ചേക്കറോളം സ്ഥലത്തെ ഏലക്കൃഷി നശിച്ചു.
ഈ ഭാഗത്തെ റോഡ് ചെളിയും കല്ലുകളുമടിഞ്ഞ് നശിച്ചു.
17ന് രാത്രി 12.45ഓടെയാണ് ജനവാസ മേഖലയ്ക്ക് ഒരു കിലോമീറ്ററോളം മുകളിലുള്ള ഭാഗത്തുനിന്ന് ഉരുൾപൊട്ടിയെത്തിയത്. വലിയ ശബ്ദംകേട്ട് തോടിന്റെ ഇരുകരകളിലുമുള്ളവർ വീടുകളിൽനിന്ന് ഓടിമാറുകയായിരുന്നു.
ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ല് വീടുകൾക്കു സമീപമാണ് തോട്ടിൽ തങ്ങിനിൽക്കുന്നത്. കൂടാതെ കൂറ്റൻ മരം കടപുഴകി അരക്കിലോമീറ്ററോളം ഒഴുകി വീടുകൾക്കു സമീപത്തുവരെയെത്തി.
തോടിന്റെ ഇരുകരകളിലുള്ള കൃഷികൾ വ്യാപകമായി നശിച്ചിട്ടുണ്ട്. മാളിയേക്കൽ ജോഷി, വളവനാൽ മിനി എന്നിവരുടെ വീടുകളുടെ മുറ്റത്താണ് ചെളി അടിഞ്ഞുകൂടിയത്.
പാറശേരിയിൽ സുരേന്ദ്രൻ, ചിറയ്ക്കകത്ത് രാമചന്ദ്രൻ, ഉപ്പുകുളം ബിജു എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശം സംഭവിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റ് എട്ടിന് ഉരുൾപൊട്ടി ഒരു വീടിന്റെ പകുതിയോളം ഭാഗം ഒലിച്ചുപോയ മേഖലയിലാണ് വീണ്ടും ഉരുൾപൊട്ടിയത്.
16 കടകൾ തകർന്നു
നെടുങ്കണ്ടം∙ അപ്രതീക്ഷിതമായുണ്ടായ അതിതീവ്രമഴ ഏറ്റവുമധികം നാശം വിതച്ച നെടുങ്കണ്ടത്തെ മേഖലകളിലൊന്നാണ് മുണ്ടിയെരുമ.
റേഷൻ കടയുൾപ്പെടെ 16 വ്യാപാരസ്ഥാപനങ്ങളാണ് വെള്ളം കവർന്നത്. സോണി കൈതാരത്തിന്റെ ലൈസൻസിയിലുള്ള റേഷൻ കടയിലെ 80 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ നശിച്ചു.
20 ലീറ്റർ മണ്ണെണ്ണയും നശിച്ചു. വെള്ളം കയറാത്ത ഭക്ഷ്യ വസ്തുക്കൾ സമീപത്തെ മറ്റൊരു മുറിയിലേക്ക് മാറ്റി റേഷൻ കടയുടെ പ്രവർത്തനം താൽക്കാലികമായി പുനരാരംഭിച്ചു.
ആധാരം എഴുത്ത് ഓഫിസുകളിലെ കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകർന്നു. കോയിക്കൽ പലചരക്ക് കട
മുങ്ങി, ഓമന, കാന്താരി ഹോട്ടലുകൾക്കും നാശമുണ്ടായി.
ഓമന ഹോട്ടലിൽ കൂട്ടിലടച്ചിരുന്ന 50 കോഴികൾ വെള്ളം കയറി മുങ്ങിച്ചത്തു. ഹോട്ടലിൽ 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
മലഞ്ചരക്ക് കടകൾ, ഫർണിച്ചർ കട തുടങ്ങിയവ വെള്ളത്തിലായി.
ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ വ്യാപാരിക്കുമുണ്ടായത്. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ശനിയാഴ്ച വൈകിട്ടും പല സ്ഥാപനങ്ങളും തുറക്കാൻ പോലുമായിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

