രാജകുമാരി∙ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മേലെചെമ്മണ്ണാറിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി കനത്ത നാശനഷ്ടം. മേലെചെമ്മണ്ണാറിൽ ഇരുപതോളം കർഷകരുടെ മുപ്പതേക്കറിലധികം പാടശേഖരത്തിൽ വെള്ളം കയറി.
മഴക്കാലത്ത് മലവെള്ളം കയറുന്നതും വേനൽക്കാലത്തെ ജലക്ഷാമവും മൂലം കൃഷി അസാധ്യമായതിനാൽ ഭൂരിഭാഗം കർഷകരും പാടശേഖരം തരിശിട്ടിരിക്കുകയായിരുന്നു. ചില കർഷകർ പാടശേഖരത്തിൽ വാഴ കൃഷി ചെയ്തിരുന്നു.സമീപത്തെ തോട് കര കവിഞ്ഞ് പാടശേഖരത്തിൽ വെള്ളം കയറി ബണ്ടുകളും വരമ്പുകളും തകർന്നത് കർഷകരെ ആശങ്കയിലാക്കി.
മേലെചെമ്മണ്ണാർ പാലത്തിന് സമീപം ഒറ്റയ്ക്കു താമസിച്ചിരുന്ന കാരാട്ടുകുടി നാരായണന്റെ വീട്ടിൽ ഇന്നലെ പുലർച്ചെ വെള്ളം കയറി.
അഞ്ചടിയോളം ഉയരത്തിൽ വെള്ളം കയറിയതോടെ കട്ടിലിൽ കയറി നിന്നാണ് നാരായണൻ രാവിലെ വരെ കഴിച്ചു കൂട്ടിയത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം വെള്ളം കയറി നശിച്ചു.
ശാന്തൻപാറ, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പന്നിയാർ പുഴ കര കവിഞ്ഞാെഴുകി ഇരുകരകളിലുമുള്ള ഒട്ടേറെ കർഷകരുടെ കൃഷിയിടത്തിൽ വെള്ളം കയറിയിട്ടുണ്ട്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാശനഷ്ടം വിലയിരുത്തുന്നതിനായി പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഇരച്ചെത്തി മഴ; വീടുകളിൽ വെള്ളം
നെടുങ്കണ്ടം∙ അതിശക്തമായ മഴ പെയ്തിറങ്ങിയതോടെ കഴിഞ്ഞദിവസം രാത്രി മുതൽ ജാഗ്രതയിലായിരുന്നു താന്നിമൂട് നിവാസികൾ.
എന്നാൽ ഇതുപോലെ വെള്ളം ഇരച്ചെത്തുമെന്ന് കരുതിയില്ല. കല്ലാർ ഡാമിലേക്ക് അനിയന്ത്രിതമായി വെള്ളമൊഴുകി എത്തിയതോടെ തിരുവല്ലപ്പടിയിലെ പഴയ ചാക്കോച്ചൻപടി ഭാഗത്ത് വെള്ളം കയറി.
ഡാമിന്റെ വൃഷ്ടിപ്രദേശത്തെ അടയാളപ്പെടുത്തുന്ന ജണ്ടയ്ക്ക് പുറത്തിരുന്ന വീടുകളിലേക്ക് വെള്ളംകയറി.
ഇന്നലെ പുലർച്ചെ 4നു വീട്ടുമുറ്റത്തേക്ക് വെള്ളമെത്തിയത് ആദ്യം അറിഞ്ഞത് തിരുവല്ലപ്പടി ചാക്കോച്ചൻപടി കുപ്പക്കാട്ടുമറ്റം ഷക്കീല ഹമീദാണ്. തൂക്കുപാലത്ത് മലഞ്ചരക്ക് കടയുള്ള സഹോദരൻ ഷാനവാസിന്റെ കടയിലേക്ക് വെള്ളം കയറിയപ്പോൾ ജാഗ്രതയിലായിരിക്കണമെന്ന് ഷക്കീലയെ പുലർച്ചെ മൂന്നരയ്ക്ക് ഫോണിൽ അറിയിച്ചു.
തുടർന്ന് വീടിന്റെ വാതിൽ തുറന്ന് നോക്കിയപ്പോൾ പടിക്കെട്ട് വരെ വെള്ളം കണ്ടു. തുടർന്ന് ഷക്കീല പ്രദേശവാസികൾക്ക് വിവരം കൈമാറി.
ഷക്കീലയുടെ വീടിനകത്ത് മുട്ടറ്റം വരെ വെള്ളം കയറി.
വിവരമറിഞ്ഞു പ്രദേശവാസിയായ നൈനാൻ ബേബി തന്റെ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടർ എടുത്ത് മാറ്റാനെത്തി. അപ്പോഴേക്കും വെള്ളംകയറി സ്ഥലത്തേക്ക് എത്താൻ കഴിയാത്ത സ്ഥിതിയായി.
തുടർന്ന് കുട്ടുമ്മേക്കാട്ടിൽ നീനുമോൻ (34) ഭാര്യ അഞ്ജു മകൻ മൂന്നര വയസ്സുകാരൻ നീരജ് എന്നിവരെ അയൽവാസിയുടെ വീട്ടിലേക്ക് മാറ്റി. ഇവരുടെ വീടിന്റെ പകുതിയോളം വെള്ളം കയറി.
നീനുമോന്റെ വീടിന് എതിർവശത്ത് പുഴയുടെ അക്കരക്കരയിലുള്ള കുഴിക്കാട്ട് രത്നാകരന്റെ (58) വാടക വീടിനു കനത്ത നാശമുണ്ടായി.
വീട് പകുതിയോളം മുങ്ങി. പുലർച്ചെ 3നു രത്നാകരന്റെ ഭാര്യ ബിന്ദു (52) ആണ് വീട്ടിലേക്ക് വെള്ളം കയറി തുടങ്ങുന്നത് കണ്ടത്.
വേഗത്തിൽ വെള്ളമുയർന്നത് ശ്രദ്ധയിൽപെട്ടതോടെ പ്രാണരക്ഷാർഥം അയൽവാസിയായ കാളിയാനിയൽ ഷാജീവന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. മക്കളായ കൃഷ്ണ (25), വിഷ്ണു (22) എന്നിവരും ഷാജീവന്റെ വീട്ടിലേക്ക് മാറി.
ഉടുതുണി മാത്രമാണ് ഇവരുടെ ഇനിയുള്ള സമ്പാദ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]