
പീരുമേട് ∙ ‘കാട്ടാന തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞാണ് അവൾക്കു പരുക്കേറ്റതെന്നു ഞാൻ പലതവണ പൊലീസുകാരോടും ഫോറസ്റ്റുകാരോടും പറഞ്ഞതാണ്. പക്ഷേ, ചിലർ എന്നെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചു.
ഭാര്യയെ കൊന്നവൻ എന്ന ആരോപണമുയർന്നപ്പോൾ ഞാനാകെ വിഷമിച്ചുപോയി. കടുത്ത മാനസികസമ്മർദം നേരിട്ടു.
കാട്ടാനയാക്രമണത്തിലാണു മരണമെന്ന പൊലീസ് റിപ്പോർട്ട് വന്നതോടെ വലിയ ആശ്വാസത്തിലാണു ഞാനിപ്പോൾ. മനസ്സിലെ വിങ്ങൽ മാറി ’ – വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്കുള്ള യാത്രയ്ക്കിടെ ജൂൺ 13നു കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട
സീതയുടെ ഭർത്താവ് ബിനു പറഞ്ഞു.
ആനക്കലിയിൽ തന്റെ ഭാര്യയുടെ ജീവൻ പൊലിഞ്ഞെങ്കിലും മക്കളെ പോറ്റി വളർത്താൻ ബിനുവിനു വനമാണ് ഏക ആശ്രയം. വനവിഭവങ്ങൾ ശേഖരിച്ചു വിൽപന നടത്തിയാണു കുടുംബത്തെ ബിനു സംരക്ഷിക്കുന്നത്. സീതയുടെ മരണം കാട്ടാനയാക്രമണത്തിൽ തന്നെയാണെന്നു കാട്ടി കഴിഞ്ഞയാഴ്ച കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുമ്പോഴും ബിനു ഉൾക്കാട്ടിലായിരുന്നു.
കഴിഞ്ഞ 2 മാസം കടുത്ത മാനസികപ്രയാസത്തിൽ കഴിയേണ്ടി വന്ന ബിനു സംസാരിക്കുന്നു…
∙ ഫൊറൻസിക് സർജന്റെ നിഗമനങ്ങൾ മൂലം നേരിട്ട ആരോപണത്തെക്കുറിച്ച്?
മീൻമുട്ടി വനത്തിലെ പൊന്തക്കാട്ടിൽ നിന്ന ആന, സീതയെ തട്ടിയെറിഞ്ഞെന്നു തുടക്കം മുതൽ ഞാൻ പറഞ്ഞിരുന്നു.
എനിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളും ഇക്കാര്യം ആവർത്തിച്ചു. പരുക്കേറ്റ സീതയെ കിലോമീറ്ററുകളോളം ചുമന്നാണു റോഡിൽ എത്തിച്ചത്.
എന്നാൽ, ഡോക്ടർ സംശയം ഉന്നയിച്ചതോടെ കൊലപാതകക്കുറ്റം എന്റെ മേൽ ചാർത്താൻ വലിയ ശ്രമമുണ്ടായി. തെറ്റായ പ്രചാരണം മൂലം മക്കൾ ഭയത്തിലാണ്.
അവർ ഇനിയും സ്കൂൾ പോയിത്തുടങ്ങാൻ തയാറായിട്ടില്ല.
∙ സർക്കാരിന്റെ പിന്തുണ കിട്ടിയോ?
പട്ടികവർഗവകുപ്പ് തിരിഞ്ഞുനോക്കിയില്ല. ആദിവാസികൾ എന്ന നിലയിൽ സംരക്ഷണം ലഭിക്കുന്നില്ലെന്നു മാത്രമല്ല, നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്.
അങ്ങോട്ടു വിളിച്ചിട്ടുപോലും ട്രൈബൽ ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ല. കുട്ടികളുടെ പഠനം മുടങ്ങിയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല.
ഒരു നഷ്ടപരിഹാരവും ഞങ്ങൾക്കു കിട്ടിയില്ല. ആരോപണമുയർന്നതോടെ, പണം നൽകാതിരിക്കാൻ വനംവകുപ്പിലെ ഒരു വിഭാഗം ശ്രമിച്ചു.
∙ ഇനി എന്ത്?
കോടതിയിൽ പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പിനായി അപേക്ഷ സമർപ്പിക്കും.
ഇതിനായി അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ഏകോപന സമിതി തുടർനടപടികൾക്ക് എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]