
തൊടുപുഴ ∙ മൂന്നാർ വിനോദസഞ്ചാരമേഖലയെ മാലിന്യത്തിൽ നിന്ന് രക്ഷിക്കാനായി ഹരിത ഇടനാഴിക്കുള്ള ഇടുക്കി കലക്ടറുടെ ശുപാർശ അംഗീകരിച്ച് തദ്ദേശവകുപ്പ്. ഒട്ടേറെ മാലിന്യ സംസ്കരണ പദ്ധതികൾ നടത്തി പാളിയ മൂന്നാറിൽ പുതിയ പദ്ധതിയെങ്കിലും ശരിയാകുമോയെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം.
മലയോരമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ 5 ലീറ്റർ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ നിരോധിച്ചു ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇടുക്കി കലക്ടർ ഹരിത ഇടനാഴിയുടെ പദ്ധതി സമർപ്പിച്ചതെന്നാണ് സൂചന.
മൂന്നാർ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളെ ചേർത്തുള്ള ഇടനാഴിക്കാണ് തദ്ദേശവകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്. വെള്ളത്തൂവൽ, ദേവികുളം, മാങ്കുളം, ചിന്നക്കനാൽ, വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളെക്കൂടി പിന്നീട് ഇടനാഴിയുടെ ഭാഗമാക്കും.
മൂന്നാർ പഞ്ചായത്തിൽ ദിവസവും രണ്ട് ടണ്ണോളം മാലിന്യം വലിച്ചെറിയുന്നതായാണ് കണക്ക്. മൂന്നാർ ടൂറിസം മേഖലയിലെ 10 പഞ്ചായത്തിലും ഇതാണ് സ്ഥിതി.
ഇതിനു പരിഹാരമായാണു ഹരിത ഇടനാഴി വരുന്നത്. പദ്ധതിക്കായി ഹരിത കോറിഡോർ സൊസൈറ്റി രൂപീകരിക്കും.
കലക്ടർ അധ്യക്ഷനും ദേവികുളം സബ് കലക്ടർ ഉപാധ്യക്ഷനും ഇടുക്കി, ദേവികുളം എംഎൽഎമാർ രക്ഷാധികാരികളുമായാണ് ഗവേണിങ് ബോഡി.
പദ്ധതി ഇങ്ങനെ
∙ ചെക്ക് പോയിന്റുകൾ: പ്ലാസ്റ്റിക് ഇതര വസ്തുക്കൾ ഫീസ് ഈടാക്കി ശേഖരിക്കും. പരിശോധനയ്ക്കുശേഷം നൽകുന്ന സ്റ്റിക്കർ ഉണ്ടെങ്കിലേ ടൂറിസ്റ്റ് വാഹനങ്ങളെ മൂന്നാർ ടൗണിലേക്ക് കടത്തി വിടൂ.
പ്രാദേശിക വാഹനങ്ങളെ ഒറ്റത്തവണ മാത്രം പരിശോധിച്ച് പ്രത്യേകം സ്റ്റിക്കർ നൽകും. ∙ ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ: സഞ്ചാരികൾ കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാനും മാലിന്യം സംസ്കരിക്കാനും സൗകര്യം, ശുചിമുറി എന്നിവ പഞ്ചായത്തുകളോ മറ്റു വകുപ്പുകളോ സ്ഥാപിക്കും.
ചെക്ക് പോയിന്റുകൾ, ഹരിത പട്രോളിങ് എന്നിവയ്ക്ക് കുടുംബശ്രീയുടെ തൊഴിൽ സംരംഭക യൂണിറ്റുകളുണ്ടാകും.
ഒരു മുഴം മുൻപേ, പക്ഷേ…
6 മാസം മുൻപേ ഹരിത ചെക്ക് പോയിന്റ് നടപ്പിലാക്കി കാന്തല്ലൂർ പഞ്ചായത്ത്. കോവിൽക്കടവ് കഴിഞ്ഞുള്ള ചെക്ക് പോസ്റ്റിലാണ് പരിശോധനയുള്ളത്.
പഞ്ചായത്തിലേക്ക് കടക്കുമ്പോൾ പരിശോധിച്ച് 50 രൂപ ഫീസ് ഈടാക്കി തുണിസഞ്ചിയും നൽകും. സഞ്ചിയിലാക്കി പ്ലാസ്റ്റിക് എത്തിച്ചാൽ സ്വീകരിക്കുന്ന രീതിയിലാണ് പ്രവർത്തനം. പക്ഷേ ഇത് പണം ഈടാക്കാൻ മാത്രമായുള്ള ചെക്കിങ് ആണെന്നാണു പൊതുവേ ആക്ഷേപം.
ഈടാക്കുന്ന തുക കൂടുതലാണെന്നും പ്ലാസ്റ്റിക് എത്തിക്കുന്ന പക്ഷം പകുതി തുക തിരികെ നൽകുന്ന പോലെ പദ്ധതി ക്രമപ്പെടുത്തണമെന്നാണ് സഞ്ചാരികൾ ആവശ്യപ്പെടുന്നത്.
ഹരിത ചെക്പോസ്റ്റ് പണ്ടേ പാളി
മൂന്നാറും പരിസര പഞ്ചായത്തുകളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന പ്രവേശന കവാടങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച ഹരിത ചെക്പോസ്റ്റുകളും വർഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, നേര്യമംഗലം, ആനവിരട്ടി എന്നിവിടങ്ങളിലാണ് 2023–ൽ മൂന്ന് ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിച്ചത്.
ആനവിരട്ടി, നേര്യമംഗലം എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകൾ നിർമാണം പൂർത്തീകരിച്ച ശേഷം ഒരിക്കൽ പോലും തുറന്നിട്ടില്ല. മൂന്ന് ചെക്പോസ്റ്റുകളും ഇപ്പോൾ പ്രവർത്തനമില്ലാതെ കാടുകയറിയ നിലയിലാണ്.
മൂന്നാറിന്റെ പ്രധാന പ്രവേശന കവാടമായ പഴയ മൂന്നാർ വഴിയെത്തുന്നതും മടങ്ങുന്നതുമായ യാത്രക്കാരിൽ നിന്നു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ശേഖരിച്ച ശേഷം ഇതുവഴി കടന്നു പോകുന്ന ഓരോ വാഹനത്തിൽ നിന്നും പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഈടാക്കാനുമായിരുന്നു ലക്ഷ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]