ചെറുതോണി ∙ തെരുവുനായ ശല്യം വർധിച്ചുവരുമ്പോഴും സംസ്ഥാനത്ത് എബിസി സെന്റർ (വന്ധ്യംകരണ കേന്ദ്രം) ഇല്ലാത്ത ഏക ജില്ലയായി ഇടുക്കി. ജില്ലാ ആസ്ഥാനത്ത് എബിസി സെന്റർ നിർമിക്കാൻ തീരുമാനമെടുത്ത് രണ്ടു വർഷം കഴിഞ്ഞിട്ടും പദ്ധതി എന്നു യാഥാർഥ്യമാകുമെന്ന് ആർക്കുമറിയില്ല.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും മന്ദഗതിയിലാണെന്നാണ് ആക്ഷേപം.
പൈനാവ് കുയിലിമലയിൽ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അരയേക്കർ സ്ഥലത്താണ് സെന്റർ നിർമാണം. ആധുനിക സൗകര്യങ്ങളുള്ള കേന്ദ്രമാണ് തയാറാക്കുന്നത്.
അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വാഹനത്തിൽ എബിസി സെന്ററിൽ എത്തിച്ചു വന്ധ്യംകരണം നടത്തി പരിപാലിച്ച ശേഷം തിരികെ അതേ സ്ഥലത്ത് തുറന്നുവിടുകയാണ് ചെയ്യുക. മൂന്നരക്കോടി രൂപയ്ക്ക് സെന്റർ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തുകൾ 8 ലക്ഷം രൂപയും പഞ്ചായത്തുകൾ 5 ലക്ഷം രൂപയും എന്ന ക്രമത്തിലാണ് ഫണ്ട് ജില്ലാ പഞ്ചായത്തിന് കൈമാറേണ്ടത്.
അതേസമയം, നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുന്നതായും എത്രയും പെട്ടെന്ന് സെന്റർ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ പറഞ്ഞു.
2019ലെ സെൻസസ് പ്രകാരം ജില്ലയിൽ 7375 തെരുവുനായ്ക്കളുണ്ടെന്നായിരുന്നു കണക്ക്. ഇപ്പോൾ ഇതിന്റെ മൂന്നിരട്ടി നായ്ക്കൾ ഉണ്ടാകുമെന്നുമാണ് അനൗദ്യോഗിക വിവരം.
2024ൽ സെൻസസ് എടുത്തിട്ടുണ്ടെങ്കിലും ഇതുവരെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. വന്ധ്യംകരണം നിലച്ചതോടെ, അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം ജില്ലയിലെ എല്ലായിടത്തും പതിവു കാഴ്ചയായി.
നായ്ക്കളുടെ ആക്രമണത്തിൽ ആളുകൾക്കു പരുക്കേൽക്കുന്ന സംഭവങ്ങളും വർധിച്ചു. തെരുവുനായ്ക്കളെ പിടികൂടി പാർപ്പിക്കാൻ എല്ലാ ജില്ലകളിലും കഴിയുന്നത്ര തദ്ദേശ സ്ഥാപനങ്ങളിലും അഭയകേന്ദ്രങ്ങൾ (ഷെൽറ്റർ ഹോം) സ്ഥാപിക്കുമെന്ന സർക്കാർ പ്രഖ്യാപനവും നടപ്പായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]