
തൊടുപുഴ ∙ എണ്ണിയാൽ തീരാത്തത്ര കുഴിക്കു പുറമേ, റോഡിന്റെ ഇരുഭാഗത്തും അനധികൃത പാർക്കിങ്ങും,.. തൊടുപുഴ മൗണ്ട് സീനായ് റോഡിലൂടെയുള്ള യാത്രക്കാരുടെ ദുരിതയാത്ര തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി.
ദിനംപ്രതി കുഴികളുടെ ആഴവും വലുപ്പവും കൂടി വരികയും പുതിയത് രൂപപ്പെടുകയുമാണ്. വലിയ കുഴികൾ യാത്രക്കാർക്കു അപകടക്കെണിയാണ്.
താരതമ്യേന വീതി കുറഞ്ഞ റോഡിൽ കുഴികളിലൂടെയുള്ള സാഹസിക യാത്രയ്ക്കൊപ്പം ഇരുഭാഗത്തും അനധികൃത പാർക്കിങ് ആണ് മറ്റൊരു പ്രശ്നം. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കു വരുന്ന വാഹനങ്ങളിൽ കാറുകളാണ് ഇവിടെ പാർക്ക് ചെയ്യുന്നത്.
വൈകിട്ടോടെ പാർക്കിങ്ങിന്റെ നീണ്ട നിരയാണ് കാണാൻ കഴിയുക.
ഇത് ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
പാർക്കിങ് കാരണം കാൽനടയാത്രക്കാർക്കു പോലും ഇതുവഴി വഴിയോരം ചേർന്നു നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. മഴക്കാലം ആയതോടെയാണ് റോഡിന്റെ സ്ഥിതി കൂടുതൽ മോശമായത്.
കുഴിയിൽ പെടാതെ പോകുക എന്നതാണ് യാത്രക്കാരുടെ ബുദ്ധിമുട്ട്. രാത്രി ഈ ഭാഗത്ത് വെളിച്ചം ഇല്ലാത്തതിനാൽ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽപെട്ട് രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടാണ്.
കുഴിയിൽനിന്ന് ഇളകിയ മെറ്റലും കല്ലും ഇരുചക്രവാഹനങ്ങൾക്കു അപകടത്തിനു കാരണമാകുന്നു.
നഗരത്തിൽ നിന്നു വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരി പാതയിലേക്ക് എത്താനുള്ള എളുപ്പവഴി ആയതിനാൽ ഇരുചക്രവാഹനങ്ങളും കാറും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി പോകുന്നത്. ഓണം അടുക്കുന്നതോടെ ഇതുവഴിയുള്ള വാഹന തിരക്ക് കൂടും.
അതിനാൽ അടിയന്തരമായി കുഴികൾ അടച്ച് റോഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്നാണു ജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]