
അടിമാലി ∙ വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിൽ എടുത്ത വാഹനങ്ങൾ നാട്ടുകാർക്ക് വിനയായി മാറുന്നു. അടിമാലി പൊലീസ് സ്റ്റേഷന് എതിർവശത്തു നിന്ന് ആരംഭിക്കുന്ന വിവേകാനന്ദ നഗർ റസിഡന്റ്സ് അസോസിയേഷൻ റോഡിനോടു ചേർന്നാണ് സബ് ആർടി ഓഫിസ് പ്രവർത്തിക്കുന്നത്. ഒരു പതിറ്റാണ്ട് മുൻപ് ഓഫിസ് പ്രവർത്തനം ആരംഭിച്ചനാൾ മുതൽ കുറ്റകൃത്യങ്ങളുടെ പേരിൽ അധികൃതർ പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
ആർടി ഓഫിസിന് എതിർവശത്താണ് സർക്കാർ മദ്യ വിൽപന ശാല പ്രവർത്തിച്ചു വരുന്നത്.
ഇവിടെ നിന്ന് മദ്യം വാങ്ങിയശേഷം കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഉള്ളിൽ കയറിയിരുന്നു മദ്യപിക്കുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ഇതോടൊപ്പം മദ്യപന്മാർ തമ്മിലുള്ള അടിപിടിയും ഇതുവഴി കടന്നു പോകുന്ന കാൽനട
യാത്രക്കാരോട് അസഭ്യം പറയുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. എസ്ബിഐ, കാനറ ബാങ്ക്, കേരള ബാങ്ക് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത് ഇതിനു സമീപത്താണ്.
പകൽ സമയത്തും സാമൂഹിക വിരുദ്ധരുടെ ശല്യം വർധിച്ചു വരുന്നതിനിടെയാണ് മോട്ടർ വാഹന വകുപ്പ് പിടികൂടി റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ ഇക്കൂട്ടർക്ക് അനുഗ്രഹമായി മാറുന്നത്.
ഇതോടൊപ്പം ഇഴ ജന്തുക്കളുടെ ശല്യവും വർധിച്ചു വരുന്നതായി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ അടിയന്തരമായി ഇവിടെ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]