
ഫീൽഡിൽ പോകണം, പക്ഷേ വാഹനമെവിടെ ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ∙ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും വ്യാപകമായ ദേവികുളം താലൂക്കിലെ റവന്യു ഉദ്യോഗസ്ഥർക്ക് യാത്ര ചെയ്യാൻ വർഷങ്ങളായി വാഹനങ്ങളില്ല. ആകെയുള്ളത് തഹസിൽദാരുടെ വാഹനമാണ്; അതിൽ ഇന്ധനം നിറയ്ക്കുന്നത് ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റിലെ പണം ഉപയോഗിച്ചും. കട്ടപ്പുറത്തായ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ നൽകാൻ സർക്കാർ നടപടിയില്ല. ഇതുമൂലം വർഷങ്ങളായി ഫീൽഡ് സന്ദർശനം ഉൾപ്പെടെയുള്ള പരിശോധനകൾക്ക് പോകാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. താലൂക്കിലെ ഭൂരേഖ തഹസിൽദാർ, സ്പെഷൽ റവന്യു തഹസിൽദാർ, കെഡിഎച്ച് വില്ലേജിലെ ഡപ്യൂട്ടി തഹസിൽദാർ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങൾ 4 വർഷമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കട്ടപ്പുറത്താണ്. സ്പെഷൽ തഹസിൽദാരുടെ വാഹനം ആർഡിഒ ഓഫിസ് പരിസരത്തും മറ്റു രണ്ടു വാഹനങ്ങൾ താലൂക്ക് ഓഫിസ് പരിസരത്തുമാണ് കിടക്കുന്നത്.
മൂന്ന് ഓഫിസുകളിലെയും ഉദ്യോഗസ്ഥർ ഫീൽഡിലേക്ക് സ്വന്തം പണം മുടക്കി ടാക്സിയിൽ പോകേണ്ട സ്ഥിതിയാണ്. കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും കണ്ടെത്തി നടപടിയെടുക്കാനുള്ള സ്പെഷൽ തഹസിൽദാർക്ക് വർഷങ്ങളായി വാഹനമില്ല. കലക്ടർ ഇടപെട്ട് ആറു മാസം മുൻപ് കരാർ അടിസ്ഥാനത്തിൽ ജീപ്പ് നൽകിയിരുന്നു. എന്നാൽ മാർച്ച് 31ന് കരാർ അവസാനിച്ചതോടെ വാഹനം മടങ്ങി. താലൂക്കിലെ കയ്യേറ്റങ്ങൾ, അനധികൃത നിർമാണങ്ങൾ എന്നിവയ്ക്കെതിരെ കർശന നടപടികളെടുക്കാൻ കലക്ടർ ഉൾപ്പെടെയുള്ളവർ ഉത്തരവ് നൽകുമ്പോൾ യാത്ര ചെയ്യാൻ വാഹനമില്ലാത്തതിനാൽ നടപടികളെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.