തൊടുപുഴ ∙ ദാരിദ്ര്യത്തിൽനിന്ന് കുടുംബത്തെ കരകയറ്റാൻ വിദേശത്തേക്കു പറക്കണമെന്നായിരുന്നു ജെയ്സിന്റെ സ്വപ്നം. ആ സ്വപ്നം സഫലമാകും മുൻപ് പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ അവനു ജീവൻ നഷ്ടമായി.
തൊടുപുഴ മുതലക്കോടത്ത് റോഡിനോടു ചേർന്നു 15 വർഷം മുൻപു സ്ലാബ് തകർന്നു രൂപപ്പെട്ടതും അധികൃതർ അടയ്ക്കാൻ കൂട്ടാക്കാതിരുന്നതുമായ കുഴിയിൽ വീണാണ് യുവാവ് മരിച്ചത്. മുതലക്കോടം കുന്നേൽ ബെന്നി–ബിന്ദു ദമ്പതികളുടെ മകൻ ജെയ്സ് ബെന്നി (27)യാണു മൗറീഷ്യസിലെ ജോലിക്കു നടപടി പൂർത്തിയാക്കി വീസയ്ക്കു കാത്തിരിക്കെ അപകടത്തിൽ മരിച്ചത്.
കുഴി അടയ്ക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പലതവണ പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.
മുൻപ് 3 പേർ വീണു പരുക്കേറ്റിട്ടും കുഴി അടയ്ക്കാൻ കൂട്ടാക്കാതിരുന്നത് ഒരു ജീവൻ പൊലിയാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നോ എന്നു നാട്ടുകാർ ചോദിക്കുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം. വളവിൽ നിയന്ത്രണംവിട്ട
ബൈക്ക് സ്ലാബില്ലാത്ത കാനയിലേക്കു മറിഞ്ഞു. ബൈക്കിനൊപ്പം ജെയ്സും കുഴിയിലേക്ക് വീണു.
ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ മുതലക്കോടം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടക്കുഴി വ്യാപാരികൾ അവരുടെ ചെലവിൽ മൂടാൻ തയാറായെങ്കിലും സമ്മതിച്ചില്ലെന്നു പറയുന്നു.
മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബെന്നിയുടെയും സ്കൂൾ ബസിലെ ആയ ബിന്ദുവിന്റെയും ഏക പ്രതീക്ഷയായിരുന്നു ജെയ്സ്.
ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനുശേഷമാണു വിദേശ ജോലിക്കു ശ്രമിച്ചത്. മൃതദേഹം മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിച്ചു.
സഹോദരി: അന്ന റോസ്.
ജെയ്സ്…നീയായിരുന്നു അവരുടെ പ്രതീക്ഷ
തൊടുപുഴ∙ നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് മുതലക്കോടം മാവിൻചുവട്ടിൽ ഉണ്ടായ അപകടത്തിൽ പൊലിഞ്ഞത്. മൂലമറ്റം കോളജിൽ ഡിഗ്രി പഠനത്തിനു ശേഷം എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്റ് ബിരുദം കൂടി എടുത്ത ജെയ്സ് ബെന്നി (27) മൊറീഷ്യസിലേക്ക് പോകാനുള്ള നടപടികൾ പൂർത്തിയാക്കി വീസയ്ക്കായി കാത്തിരിക്കുന്നതിനിടെയാണ് അത്യാഹിതം.
വൈകിട്ട് ഭക്ഷണം കഴിക്കാനായി മങ്ങാട്ടുകവലയിൽ പോയി വരാമെന്നു പറഞ്ഞ് ഒൻപതരയോടെ വീട്ടിൽ നിന്നു പുറപ്പെട്ടതായിരുന്നു ജെയ്സ്. പിന്നീട് ഒരു മണിക്കൂറിനു ശേഷം ജെയ്സിന്റെ അപകട
വാർത്തയാണ് വീട്ടിൽ എത്തിയത്. വീട്ടുകാർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും ജെയ്സിന്റെ ജീവൻ നഷ്ടമായിരുന്നു.
മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനാണ് ജെയ്സിന്റെ പിതാവ് ബെന്നി.
അമ്മ ബിന്ദു മുതലക്കോടം സ്കൂൾ ബസിലെ ആയയാണ്. സഹോദരി അന്ന റോസ് വിവാഹിതയാണ്.
ബെന്നിയുടെ പിതാവ് വർഗീസും അമ്മ അന്നക്കുട്ടിയും ഇവരോടൊപ്പമാണ് കഴിയുന്നത്. അന്നക്കുട്ടി പക്ഷാഘാതം വന്ന് 3 വർഷമായി ഒരു വശം തളർന്നു കിടപ്പിലാണ്.
ചെറിയൊരു വീട് മാത്രമാണ് ആകെയുള്ളത്. മുതലക്കോടം പള്ളിയുടെ സഹായത്തോടെയാണ് വർഷങ്ങൾക്ക് മുൻപ് വീടുപണി പൂർത്തീകരിച്ചത്.
ജെയ്സിന് വിദേശ ജോലി ലഭിച്ച് മെച്ചപ്പെട്ട
ജീവിതം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചു കഴിയുന്നതിനിടെയാണ് അത്യാഹിതം. ഇവരുടെ വീട്ടിലേക്ക് ഓട്ടോറിക്ഷ വന്നാൽ പോലും തിരിക്കാൻ സൗകര്യമില്ല.
പ്രായമായ മാതാപിതാക്കളെ ആശുപത്രിയിലും മറ്റും കൊണ്ടുപോകണമെങ്കിൽ അവരെ 150 മീറ്ററോളം എടുത്തു കൊണ്ടുപോയി റോഡിൽ എത്തിച്ച് വാഹനത്തിൽ കയറ്റേണ്ട സ്ഥിതിയാണ്.
മരണമെത്താൻ കാത്തിരുന്നതോ?
തൊടുപുഴ∙ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാതെ അവഗണിച്ചു കിടന്ന മുതലക്കോടം മാവിൻചുവട്ടിൽ ഓടയ്ക്കു സ്ലാബില്ലാതെയായിട്ട് ഒന്നര പതിറ്റാണ്ടായെന്നു നാട്ടുകാർ പറയുന്നു.
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സ്ലാബിനു മുകളിൽ കയറി തകർന്നതാണ് ഈ ഭാഗം. ഇറക്കവും വളവുമായ ഇവിടെ ടാറിങ്ങിനോടു ചേർന്നാണ് സ്ലാബില്ലാതെ ഓട
തുറന്നു കിടക്കുന്നത്.
ഇന്നലെ ജയ്സിന്റെ ജീവൻ നഷ്ടമായ ഇവിടെ ഇതിനു മുൻപ് 3 ബൈക്കും ഒരു കാറും അപകടത്തിൽപെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. രണ്ടാഴ്ച മുൻപ് കാർ കുഴിയിൽ ചാടിയെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു.
നാട്ടുകാർ ചേർന്നു കാർ വലിച്ചുകയറ്റി വിടുകയായിരുന്നു. 3 മാസം മുൻപ് സ്കൂട്ടർ മറിഞ്ഞ് ഉണ്ടപ്ലാവ് സ്വദേശിയുടെ താടിയെല്ലിനു സാരമായി പരുക്കേറ്റു.
ശസ്ത്രക്രിയ നടത്തിയാണ് പൂർവസ്ഥിതിയിലാക്കിയത്. അതിനു മുൻപ് രണ്ടുപേർക്ക് ഓടയിൽ വീണു പരുക്കേറ്റിരുന്നു.
അന്നെല്ലാം വ്യാപാരികളും ജനപ്രതിനിധികളും ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും ഓട മൂടി സ്ലാബ് സ്ഥാപിക്കാൻ നടപടി ഉണ്ടായില്ല.
ഈ അനാസ്ഥയാണ് ഇന്നലത്തെ അപകടത്തിൽ യുവാവിന്റെ ജീവൻ നഷ്ടമാകാൻ കാരണമെന്നു നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

