രാജകുമാരി∙ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ട പ്രകാരം പട്ടയം നൽകാനുള്ള മന്ത്രിസഭാ യോഗ തീരുമാനം കട്ടപ്പന ഉൾപ്പെടെയുള്ള ടൗണുകളിലെ പട്ടയ പ്രശ്നത്തിന് പരിഹാരമെന്ന് ഭരണപക്ഷവും അല്ലെന്ന് പ്രതിപക്ഷവും.
2024 ഒക്ടോബറിൽ സിഎച്ച്ആർ മേഖലയിൽ പട്ടയം നൽകുന്നതിന് സുപ്രീംകോടതി വിലക്കേർപ്പെടുത്തിയിരുന്നു. കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് ഉൾപ്പെടെയുള്ള ടൗണുകൾ സിഎച്ച്ആറിന്റെ പരിധിയിൽ ഉൾപ്പെടുന്നതിനാൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ തീരുമാനം അനുസരിച്ച് ഇൗ ടൗണുകളിൽ 1993ലെ ചട്ടപ്രകാരം ഷോപ്പ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകാനാവില്ല.
ഒരു വർഷത്തോളമായിട്ടും സുപ്രീംകോടതി വിലക്ക് മറികടക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഇക്കാര്യത്തിൽ റവന്യു വകുപ്പ് എജിയുടെ നിയമോപദേശം തേടിയത്.
സിഎച്ച്ആർ വനമാണെന്നും ഇവിടത്തെ പാട്ടവും പട്ടയങ്ങളും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 2 പതിറ്റാണ്ട് മുൻപ് പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലെ തുടർ വാദങ്ങൾക്കിടെയാണ് സുപ്രീംകോടതി സിഎച്ച്ആറിൽ പട്ടയ വിലക്കേർപ്പെടുത്തിക്കൊണ്ട് ഇടക്കാല ഉത്തരവിറക്കിയത്. കേസ് സുപ്രീംകോടതി പരിഗണിച്ചത് മാസങ്ങൾ മുൻപാണ്.
ഇൗ സാഹചര്യത്തിൽ മെമ്മോ ഫയൽ ചെയ്ത് കേസ് വീണ്ടും പരിഗണിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് കർഷക സംഘടനകളും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.
1986ൽ സിഎച്ച്ആറിൽ ഉൾപ്പെടുന്ന 20363.59 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനെതിരെ പരിസ്ഥിതി സംഘടന ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും പരിസ്ഥിതി സംഘടനയ്ക്ക് അനുകൂലമായ ഉത്തരവുണ്ടായില്ല. സർക്കാർ റിവ്യൂ പെറ്റീഷൻ നൽകി ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ നിലവിലെ പട്ടയ വിലക്ക് ഉത്തരവ് സുപ്രീംകോടതി പിൻവലിക്കുമെന്നാണ് നിയമ വിദഗ്ധർ വ്യക്തമാക്കുന്നത്.
പക്ഷേ, സിഎച്ച്ആർ വിഷയത്തിൽ സർക്കാർ കോടതിയിൽ നൽകിയ രേഖകളിലെ പാെരുത്തക്കേടുകൾ പരിഹരിക്കാത്തതാണ് റിവ്യൂ പെറ്റീഷൻ നൽകാൻ വൈകുന്നതിനുള്ള കാരണമെന്ന് ആരോപണമുണ്ട്.1993ലെ ചട്ടപ്രകാരം പതിച്ചുനൽകുന്ന ഭൂമിയിൽ കൃഷിക്കും വീട് നിർമാണത്തിനും ഷോപ്പ് സൈറ്റിനുമാണ് അനുമതിയുണ്ടായിരുന്നത്.
2009ൽ ഇടത് സർക്കാരിന്റെ കാലത്താണ് ഷോപ്പ് സൈറ്റ് എന്നത് ചെറിയ കടമുറി എന്ന് വ്യാഖ്യാനിച്ച് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നിവേദിത പി.ഹരൻ ഉത്തരവിറക്കിയത്. അതിന് ശേഷം ഇൗ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലെ ഒരു റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട
കേസിൽ 2009ലെ റവന്യു ഉത്തരവ് ഹൈക്കോടതിയും ശരി വച്ചു.
ഇതോടെയാണ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിൽ പ്രതിസന്ധിയുണ്ടായത്.ചെറിയ കടമുറി എന്നത് എത്ര വിസ്തീർണം വരെയാകാം എന്ന് വിശദമാക്കി സർക്കാർ ഉത്തരവിറക്കുകയോ അല്ലെങ്കിൽ ചട്ടത്തിൽ ഭേദഗതി വരുത്തുകയോ ചെയ്യാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നത് നിയമ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന ആശങ്ക.
എന്നാൽ മന്ത്രിസഭാ തീരുമാനം വന്നതോടെ കെട്ടിടത്തിന്റെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്നാണ് ഭരണപക്ഷത്തിന്റെ വാദം. എന്നാൽ ഷോപ്പ് സൈറ്റുകൾ എന്നാൽ ചെറിയ കടമുറിയെന്ന് വ്യാഖ്യാനിച്ച 2009ലെ റവന്യു ഉത്തരവ് ഹൈക്കോടതിയും ശരി വച്ചിട്ടുള്ള സാഹചര്യത്തിൽ മന്ത്രിസഭാ തീരുമാനപ്രകാരം മാത്രം എങ്ങനെ പട്ടയം നൽകുമെന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധർ മുന്നോട്ടു വയ്ക്കുന്ന സംശയം.
ചരിത്രസംഭവം: സിപിഎം
മൂന്നാർ∙ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനം ചരിത്രസംഭവമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് പറഞ്ഞു.
ജില്ലയിലെ സാധാരണക്കാർക്കുള്ള സമ്മാനമാണ് പുതിയ തീരുമാനം. ജില്ലയിൽ മാത്രം നിലനിൽക്കുന്ന നിർമാണ നിരോധന ഉത്തരവും ഇല്ലാതാകും.
ഇടുക്കിയുടെ ടൂറിസം സാധ്യത മുന്നിൽ കണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും സി.വി.വർഗീസ് മൂന്നാറിൽ പറഞ്ഞു.
ഷോപ്പ് സൈറ്റുകൾക്ക് പട്ടയം: സിഎച്ച്ആർ കേസുമായി ബന്ധമില്ലെന്ന് മന്ത്രി
ചെറുതോണി∙ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതു സംബന്ധിച്ച കഴിഞ്ഞ ദിവസത്തെ കാബിനറ്റ് തീരുമാനം സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
1993ലെ ചട്ടത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങൾക്കു പട്ടയം നൽകുന്നതിൽ നിലനിന്നിരുന്ന അവ്യക്തത പരിഹരിക്കുകയായിരുന്നു മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ലക്ഷ്യം.
2009ൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരം 1993ലെ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്ന ‘ഷോപ്പ്സ്’ എന്നത് ‘ചെറിയ കടകൾ’ എന്ന് വ്യാഖ്യാനിക്കപ്പെടുകയും ‘ചെറിയ കടകൾ’ എന്നത് 1,500 ചതുരശ്ര അടിയിൽ താഴെയുള്ളവയാണെന്ന് അനുമാനിക്കുകയും ചെയ്തു. 1993ലെ ചട്ട
പ്രകാരം പട്ടയം നൽകുന്നതിനുള്ള വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധനയിൽപെട്ട വസ്തുക്കളിൽ കടകൾ ഉണ്ടായിരുന്നതിനാൽ കടയുടെ വിസ്തീർണം നോക്കി മാത്രം പട്ടയം നൽകാൻ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.
ഇതോടെ പട്ടയം നൽകാൻ സാധിക്കാതെ വരികയായിരുന്നു.
ഈ പ്രതിസന്ധി മറികടക്കാനായി പട്ടയം ഇല്ലാത്ത വസ്തുവിൽ ചട്ട പ്രകാരം പട്ടയം നൽകാൻ കഴിയുന്ന തരം വസ്തു ആണെങ്കിൽ കടയുടെ വലുപ്പം നോക്കാതെ പട്ടയം നൽകാം എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്.
അല്ലാതെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന സിഎച്ച്ആർ കേസുമായി ബന്ധപ്പെട്ടതോ സിഎച്ച്ആർ ഭൂമിയിൽ പട്ടയം നൽകുന്നതിനോ അല്ല. 1993 ലെ ചട്ടത്തിലെ രണ്ടാം വകുപ്പ് (എഫ്) ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വസ്തുവിൽ മാത്രമാണ് ഇത്തരം പട്ടയം നൽകാൻ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]