
മറയൂരിലെ കീഴാന്തൂർ ഗ്രാമത്തിൽ എത്തിയത് 20 ഭീമൻ കാട്ടുപോത്തുകൾ; കാപ്പിച്ചെടികൾക്ക് നടുവിൽ സ്ഥിരതാമസം !
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറയൂർ ∙ തമിഴ്നാടുമായി വനാതിർത്തി പങ്കിടുന്ന ആദിവാസി മേഖലകളും മറ്റു പ്രദേശങ്ങളും വന്യമൃഗശല്യം കൊണ്ടു പൊറുതി മുട്ടുന്നു. വന്യമൃഗാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നതും തഴനാരിഴയ്ക്കു രക്ഷപ്പെട്ടു ജീവൻ തിരിച്ചു കിട്ടിയതുമായ സംഭവങ്ങളും ഒട്ടേറെ. വനവിഭവങ്ങൾ ശേഖരിച്ചു ഉപജീവനം നടത്തുന്ന ആദിവാസികളാണു മേഖലയിൽ കൂടുതലുള്ളത്. തൊഴിലിനിടെയാണു പലരും കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പെടുന്നത്. രണ്ടാഴ്ച മുൻപു പെരടിപ്പള്ളം പാമ്പൻപാറ ഭാഗത്തു രാത്രി കൃഷിക്കു കാവൽ നിന്നിരുന്നയാളെ ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു ഗുരുതര പരുക്കേറ്റു. ഇയാൾ ചികിത്സയിൽ തുടരുകയാണ്. വർഷങ്ങളായി ഈ സ്ഥിതി തുടരുമ്പോഴും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുമെന്ന പ്രഖ്യാപനം മാത്രമാണ് വനംവകുപ്പിൽനിന്നു ലഭിച്ചത്.
∙ ജീവന്റെ വിലയുള്ള ജോലി
സീസൺ അനുസരിച്ച് കൃത്യസമയത്ത് കാട്ടുതേൻ, നെല്ലിക്ക, കാട്ടുപുളി, പടവലം തുടങ്ങി വിവിധയിനം ഔഷധങ്ങൾ വനത്തിനുള്ളിൽനിന്ന് ശേഖരിക്കേണ്ടതുണ്ട്. ഇതിനായി പലപ്പോഴും ദിവസങ്ങളോളം കാടിനുള്ളിൽ താമസിക്കേണ്ടി വരും. രാത്രി അന്തിയുറങ്ങാൻ പാറ ഇടുക്കുകളും താൽക്കാലികമായി തയാറാക്കിയ പ്ലാസ്റ്റിക് ഷെഡുകളുമാണ് ഉള്ളത്. സുരക്ഷിതമല്ലെങ്കിലും ഉപജീവനത്തിനു വേണ്ടി ഭയം മറന്ന് കഴിഞ്ഞുകൂടേണ്ടിവരും. സുരക്ഷയ്ക്കായി ഒരു ടോർച്ച് മാത്രമാണ് ഉണ്ടാവുക.
∙ ഭീതിയോടെ വാച്ചർമാർ
മറയൂർ ചന്ദന ഡിവിഷനിലെ ഓഫിസുകൾക്കു പിൻവശത്ത് രാത്രിയിലും പകലും കാവൽ നിൽക്കുന്ന വാച്ചർമാരെ ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടുപോത്തുകൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. ഉപജീവനമാർഗമായതിനാൽ ജോലി ഉപേക്ഷിക്കാനുമാകില്ല. ഇവിടെ നിന്ന് ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്ന രണ്ടുപാതകൾ അടയ്ക്കാത്തതാണ് കാട്ടുപോത്തുകൾ കൃഷിയിടങ്ങളിലേക്ക് എത്താൻ കാരണം. ഇവിടെ പത്തടി ഉയരത്തിൽ കമ്പിവേലി ഉണ്ടെങ്കിലും പല ഭാഗങ്ങളും പൊട്ടിയ നിലയിലാണ്.
∙കീഴാന്തൂരിലെ ‘നാട്ടു’പോത്ത്
20ലേറെ ഭീമൻ കാട്ടുപോത്തുകളാണ് ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് ശിവൻപന്തി പാതയിലൂടെ കടന്ന് കീഴാന്തൂർ ഗ്രാമത്തിലെത്തിയിരിക്കുന്നത്. മരങ്ങളുടെ ഇടയിൽ വളർന്നുനിൽക്കുന്ന കാപ്പിച്ചെടികൾക്ക് നടുവിലാണ് ഇവ സ്ഥിരതാമസം. കാപ്പിത്തോട്ടങ്ങളിൽ നല്ല തണലും പ്രദേശത്ത് പച്ചപ്പുല്ലും വെള്ളവും ലഭിക്കുന്നതിനാൽ ഇവിടെ നിന്ന് ഇനി രണ്ടു മൂന്നു മാസക്കാലം വന മേഖലയിലേക്ക് കടക്കാൻ സാധ്യതയില്ല എന്നാണ് പ്രദേശവാസികളും പറയുന്നത്.രണ്ടുവർഷം മുൻപ് കീഴാന്തൂർ സ്വദേശിനി മഹേശ്വരി കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
∙ പോത്ത് വിരൽത്തുമ്പത്ത്
മറയൂർ ടൗണിനോട് ചേർന്ന് കിടക്കുന്ന ചന്ദനക്കാട്ടിൽ മറയൂർ ഗ്രാമത്തിലേക്കുള്ള പാതയിലാണ് ഡിഎഫ്ഒ ഓഫിസ്, റേഞ്ച് ഓഫിസ്, ചന്ദന ഡിപ്പോ, ചന്ദന ഫാക്ടറി, ഫോറസ്റ്റ് സ്റ്റേഷൻ എന്നിവ പ്രവർത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ ജീവനക്കാരും ഈ പരിധിയിലുണ്ട്. ഇവിടെയാണ് കാട്ടുപോത്തുകളെ പതിവായി കാണുന്നതും. എന്നാൽ ഇവയെ ഓടിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാത്തതാണ് ആക്രമണത്തിലേക്ക് എത്തിക്കുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
ഓഫിസുകൾക്ക് ചുറ്റും കമ്പിവേലികളും ജയിൽ കോംപൗണ്ടിന് സമാനമായ ഉയരത്തിലുള്ള മതിൽക്കെട്ടുകളും ഉണ്ട്.എന്നാൽ എതിർവശത്തുള്ള പരമ്പരാഗത താമസക്കാർക്ക് സുരക്ഷ ക്രമീകരണങ്ങൾ ഒന്നുമില്ല. കമ്പോ പൂച്ചെടികളോ കൊണ്ടുള്ള താൽക്കാലിക മറകൾ പൊളിച്ചു മാറ്റിയാണ് കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി നാശമുണ്ടാക്കുന്നത്. ഇവിടെയും ശക്തമായ സുരക്ഷാവേലികൾ നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.