രാജകുമാരി∙ ജനവാസ മേഖലകളിലിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ നടപടികൾക്കു കാത്തുനിൽക്കാതെ വെടിവച്ച് കാെല്ലാനടക്കമുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകുന്ന വന്യജീവി സംരക്ഷണ നിയമത്തിന്റെ കേരള ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയത് വന്യജീവി ശല്യത്തിൽ പാെറുതി മുട്ടിയ ജില്ലയ്ക്ക് ആശ്വാസകരം. കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട
(കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമാണം നടത്തേണ്ട വിഷയങ്ങളുടെ പട്ടിക) വിഷയമായതിനാൽ ഇതിന് കേന്ദ്രാനുമതി ലഭിക്കുമോ എന്നതാണ് ഇനിയുള്ള ആശങ്ക.
ബിൽ രാഷ്ട്രപതി അംഗീകരിക്കുമോ എന്നതിലും വ്യക്തതയില്ല. മാത്രമല്ല ബിൽ രാഷ്ട്രപതിക്ക് അയച്ച ശേഷം ഇതിൽ നടപടിയുണ്ടാകുന്നത് വരെയുള്ള കാലയളവിൽ അക്രമകാരികളായ വന്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലും ആശയക്കുഴപ്പം തുടരുന്നു.
എന്നാൽ അക്രമകാരികളായ വന്യമൃഗങ്ങളെ കാെല്ലുന്നതിന് അനുമതി വേണമെന്നാവശ്യപ്പെട്ട് മുൻപ് ഡീൻ കുര്യാക്കോസ് എംപി കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന് ലഭിച്ച മറുപടിയിൽ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11 (1) എ പ്രകാരം അപകടകാരികളായ ഷെഡ്യൂൾ 1ൽ ഉൾപ്പെടുന്ന ഏതെങ്കിലും മൃഗങ്ങളെ വെടി വച്ച് കാെല്ലുന്നതിന് അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നാണ് കേന്ദ്ര മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിരുന്നത്.
സെക്ഷൻ 11 (1) ബി അനുസരിച്ച് ഷെഡ്യൂൾ 2ൽ ഉൾപ്പെട്ട വന്യമൃഗങ്ങളെയും ഇങ്ങനെ കാെല്ലാൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.
പക്ഷേ അക്രമകാരികളായ വന്യമൃഗങ്ങളെ കാെല്ലുന്നതിന് കേന്ദ്രം പാസാക്കിയ വന്യജീവി സംരക്ഷണ നിയമവും ഭേദഗതി നിയമവും അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. കൺകറന്റ് ലിസ്റ്റിലുൾപ്പെട്ട
വിഷയത്തിൽ നിയമഭേദഗതി കാെണ്ടുവരുന്നതിന് പകരം, ദുരന്ത നിവാരണ നിയമത്തിന്റെ പരിധിയിലുൾപ്പെടുത്തി അക്രമകാരികളായ മൃഗങ്ങളെ കാെല്ലുന്നതിന് അനുമതി നൽകാൻ കലക്ടർമാർക്ക് അധികാരം നൽകുകയാണ് വേണ്ടതെന്ന് ആവശ്യമുയരുന്നുണ്ട്.
കാെല്ലപ്പെട്ടത് 1508 മനുഷ്യർ
സംസ്ഥാനത്ത് അക്രമാകാരികളായ വന്യജീവികൾ 2011 മുതൽ ഇതുവരെ 1508 മനുഷ്യ ജീവനുകളാണ് കവർന്നെടുത്തതെന്ന് വനം വകുപ്പിന്റെ കണക്കുകൾ. ഏറ്റവുമധികം ആളുകൾ കാെല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലാണ്, 285 പേർ.
കാട്ടുപന്നി ആക്രമണത്തിൽ 70 പേരും കാട്ടു പോത്തുകളുടെ ആക്രമണത്തിൽ 11 പേരും കാെല്ലപ്പെട്ടു. കടുവയുടെ ആക്രമണത്തിൽ 11 പേരാണ് മരിച്ചത്.
മറ്റു മൃഗങ്ങളുടെ ആക്രമണത്തിൽ 17 പേരും മരിച്ചു. ഇക്കാലയളവിൽ ഏറ്റവുമധികം ആളുകൾ മരിച്ചത് പാമ്പ് കടിയേറ്റാണ് – 1114 പേർ.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷ: വനം മന്ത്രി
വന്യജീവി സംരക്ഷണ നിയമത്തിന്റെ (കേരള ഭേദഗതി) കരട് തയാറാക്കുന്നതിന് 3 മാസങ്ങൾ വേണ്ടി വന്നുവെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
അനൗപചാരിക സമിതി തയാറാക്കിയ കരട് ബില്ലിൽ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടി. തുടർന്ന് നിയമ വകുപ്പ് പരിശോധിച്ച ബിൽ വീണ്ടും അഡ്വക്കറ്റ് ജനറലിന്റെ പരിശോധനയ്ക്ക് അയച്ചു.
എല്ലാ നിയമ സാധ്യതകളും പരിശോധിച്ചാണ് നിയമഭേദഗതിയുടെ കരട് തയാറാക്കിയത്. ഗവർണർ മുഖാന്തരം ബിൽ രാഷ്ട്രപതിക്ക് അയയ്ക്കും.
രാഷ്ട്രപതി ബിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പുതിയ നിയമം വീഴ്ച മറയ്ക്കാൻ വേണ്ടി: ഡീൻ കുര്യാക്കോസ്
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിലവിലുള്ള കേന്ദ്ര നിയമത്തിൽ വകുപ്പുകൾ നിലനിൽക്കെത്തന്നെ പുതിയ നിയമനിർമാണത്തിന് സംസ്ഥാനം തുനിയുന്നത് സർക്കാരിനു സംഭവിച്ച വീഴ്ചകൾ മറച്ചുവയ്ക്കാൻ വേണ്ടി മാത്രമെന്ന് ഡീൻ കുര്യാക്കോസ് എംപി. നിലവിലുള്ള നിയമത്തിൻ്റെ സെക്ഷൻ 11 (1) എയും സെക്ഷൻ 11 (1) ബിയും അനുസരിച്ച് മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്.
പീരുമേട്ടിൽ കടുവയെ വെടിവച്ചു കൊന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതും ഈ നിയമത്തിൻ്റെ പരിരക്ഷയിൽ തന്നെയാണ്. എന്നാൽ മറ്റൊരിടത്തും അത് നടപ്പിലാക്കാൻ സർക്കാർ തയാറായതുമില്ല.
നിലവിലുള്ള ജനങ്ങളുടെ എതിർപ്പ് തണുപ്പിക്കാൻ വേണ്ടിയാണ് വന്യമൃഗസംരക്ഷണ നിയമം ഭേദഗതി(കേരളം) കൊണ്ടുവന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]