
തൊടുപുഴ ∙ നഗരത്തിൽ വഴിയോരങ്ങൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. വെങ്ങല്ലൂർ ജംക്ഷനിലെ വഴിയോരം തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുകയാണ്.
ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംക്ഷനിൽ നായ്ക്കൾ വാഹനങ്ങൾ പോകുമ്പോൾ പിന്നിൽ പോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. അതിരാവിലെ നടക്കാൻ ഇറങ്ങുന്നവരുടെയും കാൽനട യാത്രക്കാരുടെയും പിറകെ കുരച്ചുകൊണ്ട് നായ്ക്കൾ ആക്രമിക്കാൻ ഓടിയെത്തുന്നതും പതിവുകാഴ്ചയാണ്.
രാവിലെ ബസ് സ്റ്റാൻഡുകളുടെ പരിസരത്തു കൂടി അലയുന്ന ഇവ വിദ്യാർഥികൾക്ക് ഉൾപ്പെടെ ഏറെ ഭീഷണിയാണ്.
നഗരത്തിൽ ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ യാത്രക്കാരെ ഭീതിയിലാക്കി തെരുവുനായ്ക്കളുടെ വിളയാട്ടം കൂടുതലാണ്. മഠത്തിക്കണ്ടം ജംക്ഷൻ, മങ്ങാട്ടുകവല, കോതായിക്കുന്ന്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ട് നാളുകളായി.
അലഞ്ഞുതിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
കല്ലൂർക്കാട് തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്
മൂവാറ്റുപുഴ∙ കല്ലൂർക്കാട് കലൂരിൽ തെരുവുനായ നാടു മുഴുവൻ ഓടി നടന്ന് കണ്ണിൽ കണ്ടവരെയൊക്കെ കടിച്ചു. കല്ലൂർക്കാട് പഞ്ചായത്തിലെ കലൂരും തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലും ആയി 5 പേർക്ക് കടിയേറ്റു.
ഒട്ടേറെ വളർത്തു മൃഗങ്ങളെയും തെരുവുനായ ആക്രമിച്ചു. വീട്ടിൽ വളർത്തിയിരുന്ന 2 നായ്ക്കുട്ടികളെ തെരുവുനായ കടിച്ചു കൊന്നു.
തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ ഒൻപതരയോടെ കല്ലൂർക്കാട് കലൂർ ടൗണിൽ ഐപ്പ് മെമ്മോറിയൽ സ്കൂളിനു സമീപമാണ് തെരുവുനായ് ആദ്യം ആക്രമണം നടത്തിയത്. ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ ഈസ്റ്റ് കലൂർ പുരിയാപറമ്പിൽ ഉല്ലാസിന്റെ കാൽ തെരുവുനായ് കടിച്ചു പറിച്ചു.
ഇവിടെയുണ്ടായിരുന്ന മറ്റു രണ്ടു പേർ കയ്യിൽ കിട്ടിയതൊക്കെ ഉപയോഗിച്ച് പ്രതിരോധിച്ചതോടെ ഇവിടെ നിന്ന് തെരുവുനായ് പിന്തിരിഞ്ഞു.
പോകുന്ന വഴിയിൽ മറ്റൊരു ഓട്ടോറിക്ഷ ഡ്രൈവറായ കുളങ്ങാട്ടുപാറ കാനത്തിൽ വിൽസനെയും കർഷക തൊഴിലാളിയായ കലൂർ കുന്നപ്ലാക്കൽ ബേബിയെയും തെരുവുനായ് ആക്രമിച്ചു.സമീപത്തുള്ള സ്കൂളിലേക്ക് പാഞ്ഞു കയറിയെങ്കിലും തെരുവുനായ വരുന്ന വിവരം നേരത്തെ അറിഞ്ഞതോടെ സ്കൂൾ അധികൃതർ സ്കൂൾ മുറ്റത്തു കളിച്ചു കൊണ്ടു നിന്ന കുട്ടികളെ സ്കൂൾ കെട്ടിടത്തിനുള്ളിലേക്കു കയറ്റി. പിന്നീട് തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലേക്കു കടന്ന തെരുവുനായ ഈസ്റ്റ് കലൂരിൽ 2 പേരെ കടിച്ചു.
വളർത്തു മൃഗങ്ങളെയും ആക്രമിച്ചു.
ഇതോടെ തടിച്ചു കൂടിയ ജനം തെരുവുനായയുടെ പിന്നാലെ കൂടി തല്ലി കൊല്ലുകയായിരുന്നു.ഇതറിഞ്ഞ് എത്തിയ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ടായിരുന്നവരുടെ ചിത്രങ്ങൾ പകർത്തുകയും തെരുവുനായയ്ക്കു പേവിഷ ബാധയില്ലെങ്കിൽ ഇവർക്കെതിരെ കേസ് എടുക്കുമെന്ന് ഭീഷണി മുഴക്കിയെന്നും കല്ലൂർക്കാട് പഞ്ചായത്ത് അംഗം ജോർജ് ഫ്രാൻസിസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]