പീരുമേട്∙ ലോക സൂപ്പർ ഹിറ്റായതിനൊപ്പം കത്തനാരച്ചൻ കള്ളിയങ്കാട്ട് നീലിയെ തളച്ച ഉളുപ്പൂണി ഗുഹയും ഹിറ്റാവുന്നു. ചന്ദ്രയ്ക്ക് സൂപ്പർ വുമൺ പദവി കിട്ടിയത് കണ്ണൂർ പയ്യാവൂരിലെ കുഞ്ഞിപ്പറമ്പ് ഗുഹയിലാണെങ്കിൽ മാന്ത്രികനായ കത്തനാരച്ചൻ കളിയങ്കാട്ട് നീലിയുടെ ബലഹീനത മനസ്സിലാക്കി നീലിയെ തളയ്ക്കുന്നത് വാഗമൺ ഉളുപ്പുണി ടണൽ മുഖത്ത്.
ഓണത്തിന് തിയറ്ററുകളിൽ എത്തി വൻ തരംഗമായി മാറിയ ലോക സിനിമയുടെ ഫ്ലാഷ് ബാക്ക് സീനുകൾ ആണ് ഉളുപ്പുണി ടണലിൽ ചിത്രീകരിച്ചത്.
ടണൽ മുഖത്ത് കത്തി കൊണ്ട് കുത്തിയാണ് കത്തനാർ നീലിയെ തളയ്ക്കുന്നത്. സണ്ണി വെയിനും (കത്തനാർ), കല്യാണി പ്രിയദർശനും (നീലി) ഈ സീനുകളുടെ ചിത്രീകരണത്തിനായി മൂന്നു ദിവസമാണ് ഉളുപ്പുണിയിലെ ടണൽ മുഖത്ത് ചെലവഴിച്ചത്.സൂപ്പർ ഹീറോ ചിത്രം ആയതിനാൽ സിനിമയിലെ ഫ്ലാഷ് ബാക്ക് സീനുകളിൽ സെറ്റുകൾ നിർമിക്കാതെ പ്രകൃതിദത്തമായ രീതിയിൽ തന്നെയാണ് സംവിധായകൻ ഡൊമിനിക് ആന്റണി പ്രേക്ഷകർക്കായി ദൃശ്യവിരുന്നൊരുക്കിയതെന്ന് ലൊക്കേഷൻ മാനേജർ ഉമർ ഫാറൂഖ് പറഞ്ഞു.
വൈദ്യുതി ഉൽപാദനത്തിനായി ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്നതിനായി വൈദ്യുതി വകുപ്പ് നിർമിച്ചതാണ് ഉളുപ്പൂണി ടണൽ.
ഡാം സേഫ്റ്റി വിഭാഗത്തിന്റെ അനുമതിയോടെയായിരുന്നു ഇവിടെ ലോകയുടെ ചിത്രീകരണം. വാഗമണ്ണിൽ നിന്നും പുള്ളിക്കാനം റൂട്ടിൽ 15 കിലോമീറ്റർ മാറിയാണ് ടണൽ സ്ഥിതി ചെയ്യുന്നത്.
6 കിലോമീറ്ററോളം ദൂരം ഓഫ് റോഡ് വാഹനങ്ങൾ ഉപയോഗിച്ച് മാത്രമാണ് ടണലിലേക്ക് എത്തിച്ചേരാൻ കഴിയുക.
വാഗമൺ, ഏലപ്പാറ എന്നിവിടങ്ങളിൽ നിന്നു സഫാരി ജീപ്പുകളിൽ ഇവിടേക്കു എത്താൻ കഴിയും. 2014 പുറത്തിറങ്ങിയ ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ രംഗങ്ങളുംഈ ടണലിൽ ചിത്രീകരിച്ചിട്ടുണ്ട്.
ലോക സിനിമയിലെ ഗുഹകൾ സൈബർ ഇടങ്ങളിൽ ചർച്ചയായതോടെ കത്തനാരച്ചന്റെയും, നീലിയുടെയും കഥ പറയുന്ന ഉളുപ്പൂണി ടണൽ കാണാൻ സഞ്ചാരികൾ തിക്കി തിരക്കുന്നതാണ് കാഴ്ച. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]