
രാജകുമാരി∙ ഇടുക്കിയിൽ വീണ്ടും ഇരട്ടവോട്ട് വിവാദം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ പതിനായിരത്തോളം ഇരട്ട
വോട്ടുകൾ പോൾ ചെയ്തുവെന്നാരോപിച്ച് കോൺഗ്രസ് രംഗത്തു വന്നിരുന്നു. എന്നാൽ തങ്ങൾ ജയിക്കുന്ന മണ്ഡലങ്ങളിൽ ഇരട്ട
വോട്ട് ആരോപണം ഉന്നയിക്കുന്നത് കോൺഗ്രസിന്റെ പതിവാണെന്ന് സിപിഎം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ തേനി ജില്ലയിലും ഇടുക്കിയിലും വോട്ടുള്ള 50 പേരുടെ പട്ടിക സഹിതമാണ് കോൺഗ്രസ് നേതാക്കൾ ഇരട്ടവോട്ട് ആരോപണമുന്നയിക്കുന്നത്. ഉടുമ്പൻചോല കൂടാതെ പീരുമേട്, ദേവികുളം മണ്ഡലങ്ങളിലും നിരവധി ഇരട്ട
വോട്ടുകളുണ്ടെന്നാണ് അനൗദ്യോഗിക വിവരം.
2024 ൽ റവന്യു വകുപ്പ് നടത്തിയ പരിശോധനയിൽ ഉടുമ്പൻചോല പഞ്ചായത്തിലെ 2 വാർഡുകളിൽ മാത്രം 174 ഇരട്ട വോട്ടുകളുണ്ടെന്നു കണ്ടെത്തിയെങ്കിലും തുടർ നടപടികളുണ്ടായില്ല.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുൻപ് ഇരട്ട വോട്ടുള്ളവർ സ്വമേധയാ അപേക്ഷ നൽകി ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കണമെന്ന് റവന്യു വകുപ്പ് അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 272 പേർ ഹിയറിങ്ങിൽ പങ്കെടുത്ത് ഒരു സംസ്ഥാനത്തെ വോട്ട് റദ്ദാക്കി. ഇതിൽ ഭൂരിഭാഗംപേരും കേരളത്തിലെ വോട്ടാണ് റദ്ദാക്കിയത്.
തമിഴ്നാട്ടിൽ വോട്ടുള്ളവർക്ക് ലഭിക്കുന്ന വൻ ആനുകൂല്യങ്ങളാണ് അവിടെ വോട്ട് നിലനിർത്താൻ ഇരട്ട വോട്ടുള്ളവരെ പ്രേരിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് തമിഴ്നാട്ടിൽ നിന്ന് ഇരട്ടവോട്ടുള്ളവരെ എത്തിച്ച് ഇവിടെ വോട്ട് ചെയ്യിപ്പിക്കുന്നതിനു ചില രാഷ്ട്രീയപാർട്ടികൾ പ്രത്യേകം ആളുകളെ നിയോഗിക്കാറുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലുൾപ്പെടെ ഇത്തരം വോട്ടർമാരാണ് അതിർത്തി പഞ്ചായത്തുകളിലെ ഫലം നിർണയിക്കുന്നത്. മുൻപ് തേയില, ഏലത്തോട്ടങ്ങളിൽ ജോലി ചെയ്യാനായി കേരളത്തിലെത്തിയവർ ഇവിടെ സ്ഥിരതാമസ രേഖയുണ്ടാക്കി വോട്ടവകാശം നേടിയശേഷം പിന്നീട് തമിഴ്നാട്ടിലേക്ക് തിരിച്ചു പോയാലും ഇൗ വോട്ട് നിലനിർത്തുന്നതാണ് ഇരട്ടവോട്ടുകൾക്ക് കാരണം. തമിഴ്നാട്ടിൽ താമസിക്കുന്നവർക്ക് കേരളത്തിലെ സ്ഥിര താമസ രേഖകൾ തരപ്പെടുത്തി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്ന ചില രാഷ്ട്രീയ പാർട്ടികളുമുണ്ട്.
ഹിയറിങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് ഇവർ കേരളത്തിലെത്തുന്നത്.
മറികടക്കാൻ രാഷ്ട്രീയ പാർട്ടികൾ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുകൾ തടയാനായി വോട്ടെടുപ്പ് ദിവസം അതിർത്തി ചെക്പോസ്റ്റുകൾ അടച്ചിടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിരുന്നു.
ചെക്പോസ്റ്റുകളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകുകയും ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പ് ദിവസം ഉച്ചയ്ക്കു ശേഷം ഉടുമ്പൻചോലയിലെ ഇടതു മുന്നണി സ്ഥാനാർഥിയുടെ നേതൃത്വത്തിൽ പ്രവർത്തകർ നേരിട്ടെത്തി ബോഡിമെട്ടിലെ ചെക്പോസ്റ്റ് ബലമായി തുറന്നു.
തിരഞ്ഞെടുപ്പ് ദിവസം ചെക്പോസ്റ്റുകൾ അടച്ചിടാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കത്തിനെതിരെ ഉടുമ്പൻചോലയിലെ പ്രാദേശിക സിപിഎം നേതാവ് ഹൈക്കോടതിയെ സമീപിച്ച് ചെക്പോസ്റ്റ് തുറക്കാൻ ഉത്തരവ് നേടിയിരുന്നു. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് സിപിഎം നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.
വോട്ടർപട്ടികയിൽ പേരു ചേർക്കൽ ജില്ലയിൽ ലഭിച്ചത് 92,427 അപേക്ഷകൾ
തൊടുപുഴ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള അവസാന ദിവസമായ 12ന് വൈകിട്ട് 5 വരെ ഇടുക്കി ജില്ലയിൽ ലഭിച്ചത് 92,427 അപേക്ഷകൾ.
വിവരങ്ങൾ തിരുത്തുന്നതിന് 544 അപേക്ഷകളും തദ്ദേശ സ്വയംഭരണ സ്ഥാപനം മാറുന്നതിന് 11121 അപേക്ഷകളും ലഭിച്ചു. വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കാൻ 21,989 അപേക്ഷകൾ ലഭിച്ചു.
ഓൺലൈനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന നോട്ടിസുമായി, പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന് നേരിട്ടു ഹാജരാകണം.
വോട്ടർ പട്ടികയിൽ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങൾ (ഫോറം 5) ഓൺലൈനായി റജിസ്റ്റർ ചെയ്ത് അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർക്ക് സമർപ്പിക്കണം. പഞ്ചായത്തുകളിലും നഗരസഭകളിലും അതത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപറേഷനുകളിൽ അഡീഷനൽ സെക്രട്ടറിയുമാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ.
അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരേ തദ്ദേശ സ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് അപ്പീൽ നൽകാം. ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനം അപ്പീൽ നൽകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]