മൂന്നാർ ലാക്കാട് വ്യൂ പോയിന്റിലെ പ്രശ്നങ്ങൾ ഇനി പൊലീസ് നോക്കിക്കൊള്ളും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂന്നാർ ∙ വഴിയോര കച്ചവടക്കാർ തമ്മിൽ സംഘർഷം പതിവായ ലാക്കാട് വ്യൂ പോയിന്റിൽ സ്ഥിരം പൊലീസ് സാന്നിധ്യമേർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കൂടാതെ ഏറ്റവുമധികം വിനോദ സഞ്ചാരികളെത്തുന്ന കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട ദേവികുളം സിഗ്നൽ പോയിന്റ് മുതൽ ഗ്യാപ് റോഡ് വരെയുള്ള ഭാഗത്ത് മധ്യവേനലവധിക്കാലത്ത് സന്ദർശകരുടെ സുരക്ഷയ്ക്കായി പൊലീസ് പട്രോളിങ് ശക്തമാക്കാനും പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് ഉത്തരവിട്ടു. ദേവികുളം എസ്എച്ച്ഒയ്ക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
ദേവികുളം ലാക്കാട് വ്യൂ പോയിന്റിൽ വഴിയോര കച്ചവടക്കാർ തമ്മിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘർഷങ്ങൾ പതിവാണ്. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട ലാക്കാട് വ്യൂ പോയിന്റിൽ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾ വഴിയോര കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി വഴിയോര കച്ചവടക്കാർ തമ്മിൽ തർക്കങ്ങളും സംഘർഷങ്ങളും പതിവാണ്. സാധനങ്ങൾ വാങ്ങാനായി സഞ്ചാരികളെ വിളിച്ച് കടകളിൽ കയറ്റുന്നതും വില വ്യത്യാസവുമാണ് തർക്കങ്ങൾക്ക് കാരണം.
രണ്ടു മാസം മുൻപ് കച്ചവടക്കാർ തമ്മിൽ സംഘർഷമുണ്ടാകുകയും അഞ്ചിലേറെ കടകൾ രാത്രി തീയിട്ടു നശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടാഴ്ച മുൻപ് കരിക്ക് കച്ചവടക്കാർ തമ്മിൽ സംഘർഷമുണ്ടായി. സഞ്ചാരികൾ കരിക്ക് വാങ്ങാനെത്തിയത് സംബന്ധിച്ച് തർക്കമുണ്ടാകുകയും തുടർന്ന് ഇരുകൂട്ടരും പരസ്പരം കരിക്കെറിഞ്ഞ് പരുക്കേൽപിക്കുകയുമായിരുന്നു. കരിക്ക് വാങ്ങാനെത്തിയവരും മറ്റു സഞ്ചാരികളും പരുക്കേൽക്കാതെ ഓടി രക്ഷപ്പെടുകയായിരുന്നു. ലാക്കാട് വ്യൂ പോയിന്റിലെ സംഘർഷങ്ങൾ സംബന്ധിച്ച് മനോരമ നൽകിയ വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ക്രമസമാധാന പാലനത്തിനായി ഇവിടേക്ക് പൊലീസിനെ ഡ്യൂട്ടിക്ക് നിയമിക്കാൻ പൊലീസ് മേധാവി ഉത്തരവിട്ടത്.