
ടവറുകളുണ്ട്; പക്ഷേ, നെറ്റ്വർക്കില്ല: കൈതപ്പാറ, മക്കുവള്ളി, വെൺമണി പ്രദേശങ്ങളിൽ ദുരിതം
ചെറുതോണി ∙ മലയോര മേഖലകളിൽ മൊബൈൽ കവറേജ് ലഭിക്കുന്നതിനു സ്ഥാപിച്ച ടവറുകൾ കമ്മിഷൻ ചെയ്തിട്ടും നെറ്റ്വർക് ലഭ്യമാകുന്നില്ലെന്ന് പ്രദേശവാസികളുടെ പരാതി. കൈതപ്പാറ, മക്കുവള്ളി, വെൺമണി എന്നിവിടങ്ങളിലാണ് ബിഎസ്എൻഎൽ 3 ടവറുകൾ സ്ഥാപിച്ച് കമ്മിഷൻ ചെയ്തത്.
സോളർ പാനലും ബാറ്ററിയും ഉൾപ്പെടെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ടവറുകൾ കമ്മിഷൻ ചെയ്തത്. എന്നാൽ 2 മാസം കഴിഞ്ഞിട്ടും ഉപഭോക്താക്കൾക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭ്യമാകുന്നില്ല. പ്രദേശത്ത് ഏറ്റവും ഉയരമുള്ള സ്ഥലങ്ങളിൽ സർവേ നടത്തി സ്ഥാപിച്ച ടവറുകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
നിർമാണത്തിലെ ക്രമക്കേടു മൂലമാണ് പ്രയോജനം കിട്ടാത്തതെന്നു നാട്ടുകാർ പരാതി പറയുന്നു. സ്വകാര്യ മൊബൈൽ ദാതാക്കളെ സഹായിക്കാൻ വേണ്ടി പദ്ധതി അട്ടിമറിച്ചതാണെന്നും ആക്ഷേപമുണ്ട്.
ഒട്ടേറെ പരാതികൾക്ക് ഒടുവിലാണ് ബിഎസ്എൻഎൽ പരിധിക്കു പുറത്തായ വനമേഖലയോടു ചേർന്നുള്ള ഈ ഉൾനാടൻ പ്രദേശങ്ങളിൽ ടവർ സ്ഥാപിക്കാൻ പദ്ധതി ഒരുങ്ങിയത്. ടവർ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ വാഴത്തോപ്പ്, കഞ്ഞിക്കുഴി, പട്ടയക്കുടി, വണ്ണപ്പുറം, ഉടുമ്പന്നൂർ മേഖലകളിലുള്ള ജനങ്ങൾക്ക് കൂടുതൽ നെറ്റ്വർക് കവറേജ് ലഭിക്കുമായിരുന്നു. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് സ്ഥാപിച്ച ടവറുകൾ നോക്കുകുത്തിയായ സ്ഥിതിക്ക് എംപിക്കും ബിഎസ്എൻഎൽ അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾ ആരംഭിക്കാനാണ് പദ്ധതി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]